2003 ലോകകപ്പ് തോല്‍വിക്ക് പകരം ചോദിക്കുമോ?; മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

2003 ലോകകപ്പ് തോല്‍വിക്ക് പകരം ചോദിക്കുമോ?; മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

അഹമ്മദാബാദ്: 2003 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയോട് ഇന്ത്യ ഇന്ന് പകരം ചോദിക്കുമോ?, ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നിമിഷങ്ങള്‍ക്കാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമും പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കും. ഞായര്‍ പകല്‍ രണ്ടിനാണ് മത്സരം തുടങ്ങുക.

നാലുവര്‍ഷത്തിലൊരിക്കല്‍ എത്തുന്ന മാമാങ്കത്തിന്റെ 13-ാംപതിപ്പാണിത്. 1983ല്‍ കപില്‍ ദേവും സംഘവും വെസ്റ്റിന്‍ഡീസിന്റെ അജയ്യസംഘത്തെ കീഴടക്കി കിരീടം ഉയര്‍ത്തി. 2011ലെ ലോക കിരീടംകൊണ്ട് ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. മൂന്നാം ലോകകിരീടമാണ് ഇന്ന് ഇന്ത്യയ്ക്ക് മുന്നില്‍. ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു ഈ ലോകകപ്പില്‍. വിരാട് കോഹ്ലി ബാറ്റിലും മുഹമ്മദ് ഷമി പന്തിലും അത്ഭുതങ്ങള്‍ കാട്ടുന്നു. മുറിച്ചാലും മുറികൂടുന്നവരാണ് ഓസീസ്. അഞ്ചുതവണ കപ്പ് ഉയര്‍ത്തിയവര്‍. സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ ഫൈനിലേക്കുള്ള കടന്നുവരവ്.

ഒരു പേടിയുമില്ല, കടന്നാക്രമണം, പ്രചോദിപ്പിക്കുന്ന ക്യാപ്റ്റൻസി; ഇന്ത്യയുടെ ‘റോ- ബോള്‍’ ഇഫക്ട്

ഒരു പേടിയുമില്ല, കടന്നാക്രമണം, പ്രചോദിപ്പിക്കുന്ന ക്യാപ്റ്റൻസി; ഇന്ത്യയുടെ ‘റോ- ബോള്‍’ ഇഫക്ട്

മുംബൈ: പത്തില്‍ പത്ത് വിജയങ്ങളുമായി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുമ്പോള്‍ ആ മുന്നേറ്റത്തിന്റെ ചാലക ശക്തിയും ഊര്‍ജ്ജവും എന്താണെന്ന ചോദ്യത്തിന്… വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍… ഉത്തരങ്ങള്‍ പലതും പറയാം. എന്നാല്‍ അതിലെല്ലാം ഉപരിയായി ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. നിര്‍ഭയത്വം മുഖമുദ്രയാക്കിയ ക്യാപ്റ്റന്‍ രോഹിതിനെയാണ് ലോകകപ്പില്‍ ഉടനീളം കണ്ടത്. ഹിറ്റ്മാന്‍ നല്‍കുന്ന മിന്നല്‍ തുടക്കമാണ് പിന്നീടെത്തുന്ന ബാറ്റര്‍മാര്‍ക്ക് അതേ താളം നിലനിര്‍ത്തി ബാറ്റ് ചെയ്യാനുള്ള ആവേശവും അടിത്തറയും ഒരുക്കുന്നതെന്നു നിസംശയം പറയാം. പേടിയില്ലായ്മയും പ്രചോദിപ്പിക്കുന്നതുമായി ക്യാപ്റ്റന്‍സിയും രോഹിതിനെ മറ്റ് നായകന്‍മാരില്‍ നിന്നു വേറിട്ടതാക്കുന്നു.

ഇന്നലെ കോഹ്‌ലി ക്രീസിലെത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ പറഞ്ഞതും അതു തന്നെയാണ്. ക്ഷണത്തില്‍ മടങ്ങുന്നുണ്ടെങ്കിലും രോഹിത് അതിവേഗം ഇടുന്ന അടിത്തറ പിന്നീടെത്തുന്ന കോഹ്‌ലി മുതല്‍ക്കുള്ള ബാറ്റര്‍മാര്‍ക്ക് റിലാക്‌സ് ചെയ്ത് സമയമെടുത്തു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അവസരം ഒരുക്കുന്നതാണ് അവര്‍ ചൂണ്ടിക്കാട്ടി.
എതിര്‍ ടീമിലെ ലീഡിങ് ബൗളര്‍മാര്‍ക്ക് മേല്‍ തുടക്കത്തില്‍ നായകന്‍ സ്ഥാപിച്ചെടുക്കുന്ന സര്‍വാധിപത്യമാണ് മറ്റ് ടീമുകളില്‍ നിന്നു ഇന്ത്യയെ പത്ത് മത്സരങ്ങളിലും വേറിട്ടു നിര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ കടന്നാക്രമണം മക്കല്ലത്തിന്റെ ബാസ് ബോളായപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റം യഥാര്‍ഥത്തില്‍ റോ- ബോളിന്റെ കരുത്തിലാണ്.

‘വിരാട് കോഹ്‌ലിയുടെ അസിസ്റ്റ്’- ഇന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം ഫുട്‌ബോള്‍ തട്ടി ബെക്കാം

‘വിരാട് കോഹ്‌ലിയുടെ അസിസ്റ്റ്’- ഇന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം ഫുട്‌ബോള്‍ തട്ടി ബെക്കാം

മുംബൈ: വാംഖഡെയില്‍ ഇന്നലെ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയ പോരാട്ടത്തില്‍ ഗാലറിയിലെ ശ്രദ്ധേയ സാന്നിധ്യം മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമായിരുന്നു. യുനിസെഫിന്റെ അംബാസഡറായ താരം അതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ ഇതിഹാസ സച്ചിനടക്കമുള്ളവരുമായി താരം സമയം പങ്കിട്ടിരുന്നു. ബെക്കാം ഇന്‍സ്റ്റയില്‍ പങ്കിട്ട ഒരു വീഡിയോയും അതിനു താരം നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മത്സരത്തിനു മുന്‍പ് ഗ്രൗണ്ടില്‍ സച്ചിനൊപ്പം നടക്കുന്ന ബെക്കാമിനു നേര്‍ക്കു വിരാട് കോഹ്‌ലി ഫുട്‌ബോള്‍ തട്ടിക്കൊടുക്കുന്നു. ബെക്കാം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ മറ്റൊരു ഭാഗത്തു ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നുണ്ടായിരുന്നു.

അതിനിടെയാണ് കോഹ്‌ലി ബെക്കാമിനു നേര്‍ക്ക് പന്ത് തട്ടിയത്. താരം തിരിച്ച് തട്ടിക്കൊടുക്കുന്നു. വീണ്ടും കോഹ്‌ലി തട്ടിയ പന്ത് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം തിരികെ തട്ടിക്കൊടുക്കുന്നു. ഇതിനു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ- ‘അസിസ്റ്റ് വിരാട് കോഹ്‌ലി’. ഇതിഹാസങ്ങളുടെ ഗ്രൗണ്ടിലെ സംഗമം ആരാധകര്‍ക്കും ആവേശമായി. മത്സരത്തില്‍ കോഹ്‌ലി ഏകദിനത്തില്‍ 50 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് നേട്ടം സച്ചിനെ സാക്ഷിയാക്കി നേടിയിരുന്നു. സച്ചിന്റെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് കോഹ്‌ലി പഴങ്കഥയാക്കിയത്.

1999ലെ കണക്ക് തീര്‍ക്കുമോ?, ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്

1999ലെ കണക്ക് തീര്‍ക്കുമോ?, ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്

കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക.

ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. കന്നി ഫൈനലാണ് ആഫ്രിക്കയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബവുമ പറഞ്ഞു.

ഒമ്പത് കളിയില്‍ 2685 റണ്ണാണ് അവര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയുടെ അകമ്പടിയോടെ 591 റണ്‍ നേടിയ ഓപ്പണിങ് ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച ഫോമിലാണ്. റണ്‍ പിന്തുടരുന്നതിലെ പോരായ്മയാണ് ആഫ്രിക്കക്കാരെ അലട്ടുന്നത്. ലോകകപ്പിന്റെ തുടക്കത്തില്‍ കണ്ട ഓസീസല്ല ഇപ്പോള്‍. രണ്ട് കളി തോറ്റുതുടങ്ങിയ അവര്‍ തുടര്‍ച്ചയായി ഏഴ് മത്സരം ജയിച്ചാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

രോഹിതിന്റെ വെടിക്കെട്ടില്‍ തുടക്കം, അര്‍ധസെഞ്ച്വറി തികച്ച് ഗില്‍, ഇന്ത്യ മുന്നോട്ട്

രോഹിതിന്റെ വെടിക്കെട്ടില്‍ തുടക്കം, അര്‍ധസെഞ്ച്വറി തികച്ച് ഗില്‍, ഇന്ത്യ മുന്നോട്ട്

മുംബൈ: ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യക്ക് മിടച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച തുടക്കം ലഭിച്ചു. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്‌സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയായിരുന്നു രോഹിതിന്റെ മടക്കം. നിലവില്‍ 15.2 ഓവറില്‍ 120 ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ

മറുവശത്ത് ഉണ്ടയിരുന്നു ശുഭ്മാന്‍ ഗില്‍ 41 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചതോടെ രോഹിത്തിന്റെ നഷ്ടത്തില്‍ നിന്ന് ടീം ഇന്ത്യ കരകയറകുകയാണ്. ക്രീസിലെത്തിയ വിരാട് കോഹ്‌ലി 17 പന്തില്‍ നിന്ന് 16 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ ഇരുടീമുകളിലും മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇരുടീമുകളും നിലനിര്‍ത്തിയിരിക്കുന്നത്. ലീഗ് സ്റ്റേജില്‍ ഒന്‍പത് മത്സരങ്ങളിലും വിജയിച്ച് പരാജയം അറിയാതെയാണ് ഇന്ത്യ സെമിയില്‍ കയറിയത്. ലീഗ് സ്റ്റേജില്‍ നാലുമത്സരങ്ങളില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് നാലാം സ്ഥാനത്ത് എത്തിയതോടെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.

അവസാന നിമിഷം പിച്ച് മാറ്റി, ഇന്ത്യയ്ക്ക് വേണ്ടിയെന്ന് ആക്ഷേപം; ലോകകപ്പില്‍ വിവാദം

അവസാന നിമിഷം പിച്ച് മാറ്റി, ഇന്ത്യയ്ക്ക് വേണ്ടിയെന്ന് ആക്ഷേപം; ലോകകപ്പില്‍ വിവാദം

മുംബൈ: ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് മണിക്കൂറുകള്‍ ശേഷിക്കേ, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ പിച്ച് മാറ്റിയതിനെ ചൊല്ലി വിവാദം. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷം ബിസിസിഐ ഏകപക്ഷീയമായി പിച്ചില്‍ മാറ്റം വരുത്തി എന്നാണ് ആരോപണം. ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടം പുതിയ പിച്ചിലാണ് നടക്കേണ്ടിയിരുന്നത്. അതായത് പിച്ച് സെവനില്‍. ലോകകപ്പ് ലീഗ് മത്സരങ്ങളില്‍ പിച്ച് സെവന്‍ ഇത് വരെ ഉപയോഗിച്ചിട്ടില്ല. നിലവില്‍ ലോകകപ്പില്‍ രണ്ടു മത്സരങ്ങളാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നത്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ച് സെവന് പകരം ഇതുവരെ ഉപയോഗിച്ച പിച്ച് സിക്‌സിലേക്ക് മത്സരം മാറ്റി ബിസിസിഐ എടുത്ത തീരുമാനത്തെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാനാണ് അവസാന നിമിഷത്തെ ഈ തീരുമാനമെന്നാണ് ആരോപണം.

വാംഖഡെയില്‍ നടന്ന രണ്ടു ലോകകപ്പ് മത്സരങ്ങളില്‍ ഒന്നില്‍ ഇന്ത്യയാണ് കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 302 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയത് ഈ സ്റ്റേഡിയത്തിലാണ്. ഇംഗ്ലണ്ടിനെ 229 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചതും ഇവിടെ വച്ചാണ്. 6-8-6-8 പിച്ച് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. അടുത്ത മത്സരം 6-8-6-8-7 റൊട്ടേഷനില്‍ നടത്താനാണ് ആലോചിച്ചിരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മത്സരം പുതിയ പിച്ചായ സെവനില്‍ നടക്കേണ്ടതാണ്. ഇതാണ് അവസാന നിമിഷം സിക്‌സിലേക്ക് മാറ്റിയത്. ഐസിസി മാനദണ്ഡം അനുസരിച്ച് ഗ്രൗണ്ടിന്റെ ചുമതലക്കാര്‍ക്കാണ് പിച്ച് തെരഞ്ഞെടുക്കുന്നതിലും ഒരുക്കുന്നതിലും പൂര്‍ണ ഉത്തരവാദിത്തം. അങ്ങനെയെങ്കില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഇതിന്റെ പൂര്‍ണ ചുമതല. ഐസിസിക്ക് സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ് ഉണ്ട്. ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ് ആയ ആന്‍ഡി അറ്റ്കിന്‍സണിനും പിച്ച് മാറ്റിയതില്‍ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.