കോഹ്ലി ഇന്ന് സെഞ്ച്വറി നേടും, പക്ഷേ മത്സരത്തില്‍ ഇന്ത്യ…; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രവചനം

കോഹ്ലി ഇന്ന് സെഞ്ച്വറി നേടും, പക്ഷേ മത്സരത്തില്‍ ഇന്ത്യ…; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രവചനം

മുംബൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ് ലി 50-ാമത്തെ സെഞ്ച്വറി കണ്ടെത്തുമെന്ന് മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളിന്റെ പ്രവചനം. ലോകകപ്പില്‍ ഉടനീളം മികച്ച ഫോമിലാണ് വിരാട് കോഹ് ലി. പലതവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്ത് നിരവധി തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ചെയ്‌സ് മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും അഷ്‌റഫുള്‍ പറഞ്ഞു.

ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കീവിസിനെതിരായ പോരാട്ടത്തില്‍ കോഹ് ലിക്ക് സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ 49 സെഞ്ച്വറികള്‍ നേടി സച്ചിനൊപ്പമാണ് കോഹ് ലി. മറ്റൊരു ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയതോടെയാണ് കോഹ് ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ കിവീസിനെതിരെ സെഞ്ച്വറി കണ്ടെത്താന്‍ കഴിയാത്തതിന്റെ ക്ഷീണം സെമി പോരാട്ടത്തില്‍ കോഹ് ലി തീര്‍ക്കുമെന്നാണ് അഷ്‌റഫുള്‍ പ്രവചിക്കുന്നത്.

ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഉടനീളം മികച്ച തുടക്കമാണ് രോഹിത് നല്‍കുന്നത്. കോഹ് ലിയുടെ 50-ാം സെഞ്ച്വറി ഇന്ന് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അഷ്‌റഫുള്‍ പറയുന്നു. എന്നാല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് അഷ്‌റഫുളിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യയെ പരാജയപ്പെടുത്തുന്നത് ന്യൂസിലന്‍ഡിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ലെന്നും അഷ്‌റഫുള്‍ പറയുന്നു.

വാംഖഡെയിലെ ഇന്ത്യ; കിവികളെ കരുതണം; കാര്യമുണ്ട് കണക്കിലെ കളിയില്‍

വാംഖഡെയിലെ ഇന്ത്യ; കിവികളെ കരുതണം; കാര്യമുണ്ട് കണക്കിലെ കളിയില്‍

മുംബൈ: നാളെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പ് സെമി പോരാട്ടത്തിനായി ഇറങ്ങും. എതിരാളികള്‍ ന്യൂസിലന്‍ഡ്. വാംഖഡെയില്‍ ഇന്ത്യ ഇതുവരെയായി 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡ് ആകട്ടെ മൂന്ന് മത്സരങ്ങളും. 21ല്‍ 12 തവണ ഇന്ത്യ ഇവിടെ വിജയിച്ചു. ന്യൂസിലന്‍ഡ് മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചു. ഒരു കളിയില്‍ ഇവിടെ പരാജയം അറിഞ്ഞു. ഈ പിച്ചില്‍ ഇന്ത്യയുടെ ആവറേജ് സ്‌കോര്‍ 224ആണ്. കിവികള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 265 റണ്‍സാണ് അവരുടെ ആവറേജ്. ഈ ലോകപ്പില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ ഇവിടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. 302 റണ്‍സിന്റെ വമ്പന്‍ ജയമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ആഘോഷിച്ചത്. അതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ശ്രീലങ്കക്കെതിരെ ഇതേ മത്സരത്തില്‍ നേടിയ 357 റണ്‍സാണ് ഇന്ത്യയുടെ വാംഖഡെയിലെ ഉയര്‍ന്ന സ്‌കോര്‍. ഈ പട്ടികയിലും ഒരു റണ്‍ അധികമെടുത്തു കിവികള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. അവരുടെ ഈ പിച്ചിലെ ഉയര്‍ന്ന സ്‌കോര്‍ 358. 2011ല്‍ കാനഡക്കെതിരെയാണ് ഈ സ്‌കോര്‍ അവര്‍ സ്വന്തമാക്കിയത്. 97 റണ്‍സിന്റെ ജയവും അവര്‍ അന്നു നേടി. ദക്ഷിണാഫ്രിക്ക 2015ല്‍ ഇന്ത്യക്കെതിരെ നേടിയ 438 റണ്‍സാണ് ഈ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

വാംഖഡെയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയ ഏറ്റവും ചെറിയ സ്‌കോര്‍ 280 റണ്‍സാണ്. 2017ലാണ് ഈ പ്രകടനം. ഇന്ത്യയുടെ വാംഖഡെയിലെ ഏറ്റവും ചെറിയ സ്‌കോര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പിറന്നത്. 1989ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 165 റണ്‍സ്. ഈ മണ്ണില്‍ ന്യൂസിലന്‍ഡിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ 2011ലാണ് വന്നത്. ശ്രീലങ്കക്കെതിരെ നേടിയ 153 റണ്‍സ്. ഈ സ്‌റ്റേഡിയത്തില്‍ ഒറ്റ തവണ മാത്രമാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് ന്യൂസിലന്‍ഡും.

ഇന്ത്യയെ സെമി ശാപം വീണ്ടും പിടികൂടുമോ? കണ്ണിലെ കരടായ കിവീസ് വീണ്ടും എതിരാളികളാകുമ്പോൾ

ഇന്ത്യയെ സെമി ശാപം വീണ്ടും പിടികൂടുമോ? കണ്ണിലെ കരടായ കിവീസ് വീണ്ടും എതിരാളികളാകുമ്പോൾ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിലെ തടസമായി ന്യൂസിലൻഡ് വീണ്ടും എത്തുമ്പോൾ അത്ര എളുമാകില്ല വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തിൽ കിവീസ് വീണ്ടും എതിരാളിയാകുമ്പോൾ വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് എളുമാകില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തടയിട്ടത് ന്യൂസിലൻഡായിരുന്നു. ഇത്തവണ 2019ന്റെ ആവർത്തനമാകുമോ അതോ ‘സെമി ശാപം’ അതിജീവിക്കാൻ ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ. ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ വിജയത്തിൽ മുൻതൂക്കം കിവീസിനൊപ്പമാണ്. 10 മത്സരങ്ങളിൽ അഞ്ചു ജയങ്ങൾ ന്യൂസിലൻഡ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിലടക്കം ഇന്ത്യ ജയിച്ചത് നാലു കളികളിലാണ്.

2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരെ വിജയം നേടാൻ ഇന്ത്യയ്ക്ക് 2023വരെ കാത്തിരിക്കേണ്ടി വന്നു. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് തടയിട്ടതും കിവീസായിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നിൽ തോൽവിയുടെ രുചിയറിഞ്ഞു.ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ പലവട്ടം ന്യൂസിലൻഡിനെതിരെ വിജയം നേടിയിട്ടുണ്ടെങ്കിലും ഐസിസി ടൂർണമെൻറുകളിൽ ഇന്ത്യക്ക് കിവീസിന് മുന്നിൽ കാലിടറുന്ന പതിവ് ഈ ലോകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ രോഹിതിന്റെ നേതൃത്വത്തിൽ ബ്രേക്ക് ചെയ്തെങ്കിലും നോക്കൗട്ടിൽ കിവീസ് കല്ലുകടിയാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കപ്പ് ആര് നേടും? ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങള്‍, നാല് ടീമുകള്‍

കപ്പ് ആര് നേടും? ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങള്‍, നാല് ടീമുകള്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ലോക ക്രിക്കറ്റിലെ കരുത്തരായ നാല് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തില്‍. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് സെമി പോരാട്ടങ്ങളും ഫൈനലും. ഒന്‍പതില്‍ ഒന്‍പത് വിജയങ്ങളുമായി അപരാജിത സംഘമായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തുന്നത്. ഒന്‍പതില്‍ ഏഴ് വീതം ജയങ്ങളാണ് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്ക്. നാലാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും. അവര്‍ക്ക് അഞ്ച് ജയങ്ങള്‍.

ഈ മാസം 15, 16 തീയതികളിലാണ് സെമി പോരാട്ടങ്ങള്‍. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഒന്നാം സെമി. മുംബൈയിലെ വാംഖഡെയിലാണ് ഒന്നാം സെമി. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം സെമി. ഫൈനല്‍ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍.

ഫുട്‌ബോള്‍ താരം മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഫുട്‌ബോള്‍ താരം മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഘാന ദേശീയ ടീമിലെ അംഗമായ റാഫേല്‍ ദ്വാമെന (28) മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ഘാന ദേശീയ ടീമിന്റെയും അല്‍ബേനിയന്‍ ഒന്നാം ഡിവിഷന്‍ ലീഗ് ടീമായ കെ.എഫ്. ഇഗനാഷ്യയുടെയും സ്‌ട്രൈക്കറാണ് ദ്വെമെന.

അല്‍ബേനിയ ഒന്നാം ഡിവിഷന്‍ ഫുട്‌ബോളിനിടെയാണ് ദാരുണമായ സംഭവം. പാര്‍ട്ടിസാനിക്കെതിരായ മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിലാണ് ദ്വമെന കുഴഞ്ഞുവീണത്. ഉടനെ കളിക്കാരും മെഡിക്കല്‍ ടീമും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

2017ലാണ് ആദ്യമായി ഹൃദ്രോഗ ബാധ ഉണ്ടാവുന്നത്. 2021 ഒക്‌ടോബറിലും ദ്വമെന ഇതുപോലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണിരുന്നു. ഓസ്ട്രിയന്‍ കപ്പിനിടെയായിരുന്നു സംഭവം. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഡിഫിബ്രിലേറ്റര്‍ ഘടിപ്പിച്ചാണ് പിന്നീട്‌ കളിച്ചത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണുമായുളള കരാറും യാഥാര്‍ഥ്യമാവാതിരുന്നത്. ഒന്‍പത് ഗോളുകളിച്ച ദ്വെമെനയാണ് ലീഗില്‍ നിലവിലെ ടോപ് സ്‌കോറര്‍.

ഘാന ദേശീയ ടീമിനുവേണ്ടി ഒന്‍പത് മത്സരങ്ങള്‍ കളിച്ചിട്ടുളള ദ്വെമെന സ്‌പെയിനില്‍ ലവെന്റേയ്ക്കും റയല്‍ സാരാഗോസയ്ക്കുംവേണ്ടി കളിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. ദ്വെമെനയുടെ മരണത്തെതുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ഈ ആഴ്ച നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങള്‍ മാറ്റിവെയ്ക്കുകയും ചെയ്തു

ഇന്ത്യക്ക് നാളെ ബഞ്ച് കരുത്തിന്റെ പരീക്ഷണം? ദ്രാവിഡിന്റെ പദ്ധതി ഇങ്ങനെ

ഇന്ത്യക്ക് നാളെ ബഞ്ച് കരുത്തിന്റെ പരീക്ഷണം? ദ്രാവിഡിന്റെ പദ്ധതി ഇങ്ങനെ

ബെംഗളൂരു: അപരാജിത മുന്നേറ്റം. അവസാന ലീഗ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ ഒരു വേവലാതിയുമില്ലാതെ ഇന്ത്യ ഇറങ്ങും. ഈ ലോകകപ്പിലെ അവസാന ലീഗ് പോരാട്ടം ഞായറാഴ്ച ബെംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. കാര്യങ്ങള്‍ അനുകൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ബഞ്ചിലെ അംഗങ്ങള്‍ക്ക് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

ആറ് ദിവസത്തോളം വിശ്രമിക്കാന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ ടീമില്‍ അഴിച്ചു പണി നടത്തേണ്ട കാര്യമില്ലെന്നാണ് ദ്രാവിഡിന്റെ തീരുമാനം. ‘പ്ലെയിങ് ഇലവനില്‍ എത്തുന്ന താരങ്ങളെയാണ് കാര്യമായി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ശാരീരികവും മാനസികവുമായി കരുത്ത് അവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ടീമിന്റെ കരുത്ത് ഇപ്പോള്‍ സന്തുലിതമാണ്. മികച്ച നിലയാണ്. അതിനാല്‍ സെമിയും ജയിച്ച് ഫൈനലിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍’. പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം കൊടുക്കുമോ എന്ന ചോദ്യത്തിനും ദ്രാവിഡ് ഉത്തരം പറഞ്ഞത് നിലവിലെ പ്ലെയിങ് ഇലവനിലാണ് കൂടുതല്‍ ശ്രദ്ധ എന്നു മാത്രമാണ്. മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി.