ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം; സുവര്‍ണ നേട്ടം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം; സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. വനിതകള്‍ക്ക് പിന്നാലെ പുരുഷ ക്രിക്കറ്റിലും ഇന്ത്യക്ക് സ്വര്‍ണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇതോടെ ഉയര്‍ന്ന സീഡിങ് അടിസ്ഥാനമാക്കി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. അഫ്ഗാനിസ്ഥാനു വെള്ളി നേട്ടം. ബംഗ്ലാദേശിനാണ് വെങ്കലം.

18.2 ഓവറില്‍ കളി എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍. ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് അവര്‍ പൊരുതിയത്.

43 പന്തില്‍ 49 റണ്‍സുമായി ഷഹിദുല്ല പുറത്താകാതെ നില്‍ക്കുന്നു. 27 റണ്‍സുമായി ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയിബും ക്രീസില്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ശിവം ഡുബെ, ഷഹ്ബാസ് അഹമദ്, രവി ബിഷേണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഗെയിംസില്‍ ഇന്ത്യയുടെ 27ാം സ്വര്‍ണ നേട്ടമാണിത്. ആകെ മെഡല്‍ നേട്ടം 102ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടില്‍.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം സ്വന്തമാക്കി.

ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. അനായാസമായാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ഫൈനല്‍ പോരാട്ടം വെറും രണ്ട് സെറ്റ് മാത്രമാണ് നീണ്ടത്. സ്‌കോര്‍: 21- 8, 21- 16. ഗെയിംസില്‍ ഇന്ത്യയുടെ 26ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 101ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടിലുണ്ട്.

മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം

മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡിയിലെ സ്വര്‍ണ നേട്ടത്തോടെ 100 മെഡലെന്ന ചരിത്ര നേട്ടം ഇന്ത്യ പിന്നിട്ടത്. ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ജയിച്ചത്. ശനിയാഴ്ച അമ്പയ്ത്തിലെ രണ്ട് സ്വര്‍ണ മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലാണ് ഇന്ത്യ നേടിയത്. അതേസമയം പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ.

പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും

പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സിനും യോഗ്യത ഉറപ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി മുന്നില്‍ നിന്നു നയിച്ചു. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. നേരത്തെ 1966, 1998, 2014 വര്‍ഷങ്ങളിലാണ് സുവര്‍ണ നേട്ടം. ഗെയിംസിലുടനീളം അപരാജിത മുന്നേറ്റമാണ് ഇന്ത്യയുടേത്. എതിരാളികളുടെ ബോക്‌സില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയായിരുന്നു മുന്നേറ്റം.
ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 95ല്‍ എത്തി. 34, വെള്ളി, 39 വെങ്കലം നേട്ടങ്ങളും ഇന്ത്യക്കുണ്ട്.

ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടിയെത്തിയ റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. 400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കും, വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിലെ ഐശ്വര്യ മിശ്രയ്ക്കുമായിരുന്നു സ്വീകരണം. തിരുവനന്തപുരം എൽഎൻസിപിഇയുടെ നേതൃത്വത്തിലാണ് താരങ്ങളെ സ്വീകരിച്ചത്.

ഹാങ്ങ് ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ നേടിയ 400 മീറ്റർ റിലേ ടീം അംഗങ്ങളും മലയാളികളുമായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവരും വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളിനേടിയ ഐശ്വര്യ മിശ്രയും ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എൽ.എൻ.സി.പി.ഇ റീജിയണൽ മേധാവി ഡോ ജി കിഷോറിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മികച്ച വിജയം കൈവരിക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഹമ്മദ് അജ്മലും, മുഹമ്മദ് അനസും. രാജ്യത്തിനായി വെള്ളി നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ഐശ്വര്യ മിശ്ര പറഞ്ഞു. അതേസമയം ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ നാലുപേർ കൂടി നാളെ തിരുവനന്തപുരത്ത് എത്തും.

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ പാകിസ്താൻ അനായാസം കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താനു തലവേദനയാണ്.

തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം തല്ലുവാങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നു. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.

നെതർലൻഡ്സ് ലോകകപ്പ് ഒരുക്കങ്ങൾ നടത്തിയത് കർണാടക ടീമുമായി കളിച്ചായിരുന്നു. അതിൽ മോശം പ്രകടനമാണ് അവർ കാഴ്ചവച്ചതും. 12 വർഷത്തിനു ശേഷം ലോകകപ്പിലേക്ക് അവസരം ലഭിച്ച നെതർലൻഡ്സ് അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 4 മാസങ്ങൾക്കു മുൻപാണ്. അതുകൊണ്ട് തന്നെ ഈ ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ബാസ് ഡെ ലീഡിൻ്റെ പ്രകടനങ്ങളാവും ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുക.