സിക്‌സറുകളുടെ മൈതാനത്ത് രണ്ടാം വിജയം തേടി ഇന്ത്യ; അശ്വിന് പകരം ശാര്‍ദുല്‍ ഠാക്കൂറിന് സാധ്യത

സിക്‌സറുകളുടെ മൈതാനത്ത് രണ്ടാം വിജയം തേടി ഇന്ത്യ; അശ്വിന് പകരം ശാര്‍ദുല്‍ ഠാക്കൂറിന് സാധ്യത

ഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ, ഇന്ന് അഫ്ഗാനെ നേരിടുമ്പോള്‍ അതിനെക്കാള്‍ മികവാര്‍ന്ന ജയമാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല.

സിക്സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയും ഇവിടെ പിറന്നു.വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യകളിയില്‍ ബംഗ്ലാദേശിനോട് തോറ്റാണ് അഫ്ഗാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍തന്നെ ഓപ്പണറായി തുടരും. സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് സ്പിന്‍ വകുപ്പില്‍. പേസര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശ്രമം. ശ്രേയസിന് സ്പിന്നമാര്‍ക്കെതിരെ മികച്ച റെക്കോഡുണ്ട്. പേസര്‍മാര്‍ക്ക് ഗുണംകിട്ടുന്ന പിച്ചില്‍ ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് സ്പിന്‍ ത്രയത്തില്‍ ഒരാളെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അശ്വിനാകും ഒഴിവാകുക.

പേസര്‍ മുഹമ്മ് ഷമി നാലുവര്‍ഷംമുമ്പ് അഫ്ഗാനെതിരെ ഹാട്രിക് നേടിയിരുന്നു. പക്ഷെ, ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ബാറ്റിങ് കരുത്ത് കുറയും. ഈ സാഹചര്യത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിനായിരിക്കും സാധ്യത. ഇന്ത്യന്‍ നിരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ജഡേജയാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍/ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

അഫ്ഗാനിസ്ഥാന്‍ ടീം: റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത് ഷാ, ഹഷ്മതുല്ല ഷാഹിദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

മിച്ചല്‍ മാര്‍ഷ് സംപൂജ്യന്‍; വീഴ്ത്തിയത് ബുമ്ര, ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം

മിച്ചല്‍ മാര്‍ഷ് സംപൂജ്യന്‍; വീഴ്ത്തിയത് ബുമ്ര, ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം

ചെന്നൈ: ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് പുറത്തായത്. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ വിരാട് കോഹ്‌ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് റണ്‍സുമായി ഡേവിഡ് വാര്‍ണറും 11 റണ്‍സുമായി സ്റ്റീവ് സ്മിത്തും ബാറ്റിങ് തുടരുന്നു. ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടി. ആര്‍ അശ്വിന്‍, ജഡേജ, കുല്‍ദീപ് സ്പിന്‍ ത്രയവും ഇന്ത്യക്കായി ഇറങ്ങും.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം; സുവര്‍ണ നേട്ടം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം; സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. വനിതകള്‍ക്ക് പിന്നാലെ പുരുഷ ക്രിക്കറ്റിലും ഇന്ത്യക്ക് സ്വര്‍ണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇതോടെ ഉയര്‍ന്ന സീഡിങ് അടിസ്ഥാനമാക്കി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. അഫ്ഗാനിസ്ഥാനു വെള്ളി നേട്ടം. ബംഗ്ലാദേശിനാണ് വെങ്കലം.

18.2 ഓവറില്‍ കളി എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍. ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് അവര്‍ പൊരുതിയത്.

43 പന്തില്‍ 49 റണ്‍സുമായി ഷഹിദുല്ല പുറത്താകാതെ നില്‍ക്കുന്നു. 27 റണ്‍സുമായി ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയിബും ക്രീസില്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ശിവം ഡുബെ, ഷഹ്ബാസ് അഹമദ്, രവി ബിഷേണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഗെയിംസില്‍ ഇന്ത്യയുടെ 27ാം സ്വര്‍ണ നേട്ടമാണിത്. ആകെ മെഡല്‍ നേട്ടം 102ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടില്‍.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം, സാത്വിക്- ചിരാഗ് സഖ്യം സുവര്‍ണ താരങ്ങള്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം സ്വന്തമാക്കി.

ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. അനായാസമായാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ഫൈനല്‍ പോരാട്ടം വെറും രണ്ട് സെറ്റ് മാത്രമാണ് നീണ്ടത്. സ്‌കോര്‍: 21- 8, 21- 16. ഗെയിംസില്‍ ഇന്ത്യയുടെ 26ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 101ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടിലുണ്ട്.

മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം

മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡിയിലെ സ്വര്‍ണ നേട്ടത്തോടെ 100 മെഡലെന്ന ചരിത്ര നേട്ടം ഇന്ത്യ പിന്നിട്ടത്. ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ജയിച്ചത്. ശനിയാഴ്ച അമ്പയ്ത്തിലെ രണ്ട് സ്വര്‍ണ മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലാണ് ഇന്ത്യ നേടിയത്. അതേസമയം പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ.

പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും

പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സിനും യോഗ്യത ഉറപ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി മുന്നില്‍ നിന്നു നയിച്ചു. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. നേരത്തെ 1966, 1998, 2014 വര്‍ഷങ്ങളിലാണ് സുവര്‍ണ നേട്ടം. ഗെയിംസിലുടനീളം അപരാജിത മുന്നേറ്റമാണ് ഇന്ത്യയുടേത്. എതിരാളികളുടെ ബോക്‌സില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയായിരുന്നു മുന്നേറ്റം.
ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 95ല്‍ എത്തി. 34, വെള്ളി, 39 വെങ്കലം നേട്ടങ്ങളും ഇന്ത്യക്കുണ്ട്.