by Midhun HP News | Jul 17, 2023 | Latest News, കായികം
ലണ്ടൻ: ഒടുവിൽ സെൻട്രൽ കോർട്ടിലെ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിചിന്റെ അപ്രമാദിത്വത്തിനു അവസാനം. എട്ടാം വിംബിൾഡൺ കിരീടം നേടി ചരിത്രമെഴുതാൻ ഇറങ്ങിയ ജോക്കോവിചിനെ സ്പെയിനിന്റെ യുവ വിസ്മയം കാർലോസ് അൽക്കരാസ് വീഴ്ത്തി. വിംബിൾഡൺ കിരീടത്തിൽ 20കാരന്റെ മുത്തം. ലോക ഒന്നാം നമ്പർ താരം കൂടിയായ അൽക്കരാസിന്റെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം താരം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.
രണ്ട് തലമുറകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനൽ. ആദ്യ സെറ്റ് അനായാസം നേടി ജോക്കോ കുതിപ്പ് തുടങ്ങിയെങ്കിലും രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്തു സ്പാനിഷ് യുവ താരം ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. നാലാം സെറ്റിൽ വീണ്ടും ജോക്കോ കരുത്തു കാണിച്ചു. എന്നാൽ അഞ്ചാം സെറ്റിൽ സെർബിയൻ ഇതിഹാസത്തെ നിലംതൊടാൻ അനുവദിക്കാതെ അൽക്കരാസ് പറത്തിവിട്ടു. സ്കോർ: 1-6, 7-6 (8-6), 6-1, 3-6, 6-4.
ത്രില്ലർ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അൽക്കരാസിനെ നിഷ്പ്രഭനാക്കിയാണ് ജോക്കോ തുടങ്ങിയത്. ഒന്നാം സെറ്റിൽ സെർബിയൻ താരത്തിന്റെ ആധിപത്യം. എന്നാൽ രണ്ടാം സെറ്റ് ഇഞ്ചോടിഞ്ചായി. കട്ടയ്ക്ക് എതിർത്തു നിന്ന അൽക്കരാസ് രണ്ടാം സെറ്റ് ഒരു ഘട്ടത്തിൽ 6-6 എന്ന നിലയിൽ എത്തിച്ചു. മത്സരം ടൈ ബ്രേക്കറിലേക്ക്. അവിടെയും വാശിയേറിയ പോര്. ഒടുവിൽ വിജയം അൽക്കരാസിനൊപ്പം.
ഒപ്പത്തിനൊപ്പമായതോടെ മൂന്നാം സെറ്റിൽ അൽക്കരാസ് പിഴവില്ലാതെ നീങ്ങാൻ ശ്രദ്ധിച്ചു. താരം ജോക്കോയ്ക്ക് ഒരു പഴുതും നൽകിയില്ല. മത്സരം 1-6ന് സ്വന്തമാക്കി.
നാലാം സെറ്റിൽ ജോക്കോ കളിയിലേക്ക് വീണ്ടും മടങ്ങിയെത്തി. പരിചയ സമ്പത്തിന്റെ ബലത്തിൽ സെറ്റ് 3-6ന് നേടി വീണ്ടും ഒപ്പമെത്തി. എന്നാൽ അവസാന സെറ്റിൽ ജോക്കോ നിലംപരിശായി.
എട്ടാം വിംബിൾഡൺ കിരീടം നേടി സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ ഏറ്റവും കൂടുതൽ വിംബിൾഡൺ കിരീടങ്ങളെന്ന റെക്കോർഡ് തൊടാൻ ജോക്കോയ്ക്ക് സാധിച്ചില്ല. മാത്രമല്ല 24ാം ഗ്രാൻഡ് സ്ലാം കിരീടം നേടി മാർഗരെറ്റ് കോർട്ടിന്റെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനുള്ള സ്വപ്നവും അൽക്കരാസിന്റെ മുന്നിൽ പൊലിഞ്ഞു.
by Midhun HP News | Jul 15, 2023 | Latest News, കായികം
റോസോ: സ്പിൻ ബൗളിങ്ങിനുമുന്നിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ പിടിച്ചുനിൽക്കാനാവാതെ തകർന്നുവീണപ്പോൾ ഇന്നിങ്സ് വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 141 റൺസിന് ജയിച്ചു. സ്കോർ: വെസ്റ്റ് ഇൻഡീസ് 150, 130. ഇന്ത്യ അഞ്ചിന് 421 ഡിക്ല.
2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റൺസിൽ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. മൂന്നാംദിനം അഞ്ചിന് 421 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 271 റൺസ് ലീഡുണ്ടായിരുന്നു. എന്നാൽ വീണ്ടും ബാറ്റിങ്ങിനിറങ്ങിയപ്പോഴും വിൻഡീസ് താരങ്ങൾക്ക് നിലയുറപ്പിക്കാനായില്ല. 130 റൺസ് മാത്രമായി രണ്ടാം ഇന്നിങ്സ് അവസാനിച്ചതോടെ ജന്ത്യ ജയം നേടി.
ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റും രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റുമെടുത്ത ആർ അശ്വിനാണ് വിൻഡീസിന്റെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. അശ്വിൻ ആകെ 12 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ ഇന്ത്യക്കായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ യശസ്വി ജയ്സ്വാൾ 171 റൺസെടുത്തു. ഓപ്പണറായെത്തി 387 പന്തുകൾ നേരിട്ട യശസ്വി ജയ്‌സ്വാൾ 16 ഫോറും ഒരു സിക്‌സും നേടി. ആദ്യടെസ്റ്റിൽ സെഞ്ചുറി തികയ്ക്കുന്ന 17-ാമത്തെ ഇന്ത്യക്കാരനാണ് താരം, മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറും. അരങ്ങേറ്റടെസ്റ്റിൽ, വിദേശപിച്ചിൽ സെഞ്ചുറിനേടുന്ന ഏഴാമൻ എന്നതിനൊപ്പം ആദ്യടെസ്റ്റിൽ കൂടുതൽ പന്തുനേരിട്ട ഇന്ത്യക്കാരനുമായി യശസ്വി. 322 പന്തുനേരിട്ട മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ഈ നേട്ടത്തോടെ താരം മറികടന്നത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ നായകൻ രോഹിത് ശർമ്മയും (103) സെഞ്ചുറിനേടിയിരുന്നു. വിരാട് കോഹ്‍ലി 76 റൺസും രവീന്ദ്ര ജഡേജ പുറത്താകാതെ 37 റൺസും നേടി.
by Midhun HP News | Jul 14, 2023 | Latest News, കായികം
റോസോ: അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി ചരിത്രത്തിലേക്ക് നടന്നു കയറി യുവ താരം യശസ്വി ജയ്‌സ്വാള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റ് സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍.
എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് 162 റണ്‍സിന്റെ ലീഡ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. കളി നിര്‍ത്തുമ്പോള്‍ 143 റണ്‍സുമായി യശസ്വി പുറത്താകാതെ ബാറ്റിങ് തുടരുന്നു. കൂട്ടിനു വിരാട് കോഹ്‌ലിയാണ് ക്രീസില്‍. മുന്‍ നായകന്‍ 36 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 350 പന്തുകള്‍ നേരിട്ട് 14 ഫോറുകളുമായാണ് കന്നി അന്താരാഷ്ട്ര ടെസ്റ്റില്‍ യശസ്വി ബാറ്റിങ് തുടരുന്നത്. മൂന്നാം ദിനമായ ഇന്നു താരം ഇരട്ട ശതകത്തിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.
ഗംഭീര തുടക്കമാണ് രോഹിത്- യശസ്വി ഓപ്പണിങ് സഖ്യം നല്‍കിയത്. രോഹിത് 221 പന്തുകള്‍ നേരിട്ട് 103 റണ്‍സെടുത്തു. ക്യാപ്റ്റന്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. പത്ത് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. സെഞ്ച്വറിക്കു പിന്നാലെ രോഹിതിനെ മടക്കി അലിക്ക് അത്‌നാസെയാണ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കിയത്.
രോഹിത്- യശസ്വി സഖ്യം 229 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് മടങ്ങിയത്. ടെസ്റ്റില്‍ സമീപ കാലത്തെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്ന സ്‌കോര്‍ കൂടിയാണിത്.
ചേതേശ്വര്‍ പൂജാരയുടെ സ്ഥാനത്തു ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിനു പക്ഷേ തിളങ്ങാന്‍ സാധിച്ചില്ല. താരം 11 പന്തില്‍ ആറ് റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കനാണ് രണ്ടാം വിക്കറ്റ് വീഴ്ത്തിയത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 150 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് പോരാട്ടം അവസാനിപ്പിച്ചത്. ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അശ്വിന്‍- ജഡേജ സ്പിന്‍ സഖ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വിന്‍ഡീസ് പെടാപ്പാടുപെട്ടു.
അരങ്ങേറ്റക്കാരന്‍ അലിക്ക് അത്‌നാസെയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ ഈ നിലയിലെത്തിച്ചത്. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍ നേടിയ ബാറ്റര്‍ എന്നു പറയുമ്പോള്‍ മനസിലാകും അവര്‍ തകര്‍ന്നതിന്റെ ആഴം. റഖീം കോണ്‍വാള്‍ 19 റണ്‍സെടുത്തു. ജാസന്‍ ഹോള്‍ഡ് 18 റണ്‍സും ടാഗ് നരെയ്ന്‍ ചന്ദര്‍പോള്‍ 12 റണ്‍സും കണ്ടെത്തി. ജെറമി ബ്ലാക്ക്വുഡ് 14 റണ്‍സും നേടി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
by liji HP News | Apr 28, 2022 | Latest News, കായികം, കേരളം, ജില്ലാ വാർത്ത
മഞ്ചേരി: പയ്യനാട്ടെ മാറക്കാനയില്‍ മെക്സിക്കന്‍ തിരമാല കണക്കേ അലതല്ലിയ ആരാധക്കൂട്ടം, സൂപ്പർസബ് ജസിന്‍റെ ഹാട്രിക്കടക്കം എതിരാളികളുടെ നെഞ്ച് പിളർത്ത അഞ്ച് ഗോള്‍, ഒടുവില്‍ കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലില്‍. അയല്‍ക്കാരെ 7-3 തകർത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പർസബ് ജസിന്‍ അഞ്ചും ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരകാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. അതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജെസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2ന് മണിപ്പൂര്‍ വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും.
Recent Comments