ബെന്‍ സ്റ്റോക്‌സിന് പരിക്ക്; പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക

ബെന്‍ സ്റ്റോക്‌സിന് പരിക്ക്; പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക

ലണ്ടന്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്കാണ് ടീമിനു വേവലാതിയാകുന്നത്. പരമ്പരയില്‍ ക്യാപ്റ്റന്‍ കളിക്കുന്നത് സംശയത്തില്‍.

പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ബെന്‍ സ്റ്റോക്‌സിനു വിനയായി മാറിയത്. ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നേര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് താരമാണ് ബെന്‍ സ്റ്റോക്‌സ്. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായ മത്സരത്തിനിടെയാണ് പരിക്കു പറ്റിയത്. മത്സരത്തില്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി ഒപ്പണിങ് ഇറങ്ങിയത് ബെന്‍ സ്റ്റോക്‌സാണ്. എന്നാല്‍ താരം അധികം വൈകാതെ റിട്ടയേഡ് ഹര്‍ടായി ക്രീസ് വിട്ടു.

ഈ മാസം 21 മുതലാണ് ഇംഗ്ലണ്ട്- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്റാണ് വേദി. രണ്ടാം ടെസ്റ്റ് ഓഗസ് 29 മുതല്‍ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് സെപ്റ്റംബര്‍ 6 മുതല്‍ ഓവലിലും അരങ്ങേറും.

പാരിസ് ഒളിംപിക്സിന് വർണാഭമായ സമാപനം

പാരിസ് ഒളിംപിക്സിന് വർണാഭമായ സമാപനം

പാരിസ്: പതിനാറ് ദിവസം നീണ്ട കായിക മാമാങ്കത്തിന് വർണാഭമായ സമാപനം. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിലാണ് 2024 ഒളിംപിക്സിന് പര്യവസാനമായത്. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി.

അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് അടുത്ത ഒളിംപിക്സിന് യുഎസ് വേദിയാവുക. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് ഒളിംപിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്.126 മെഡലുകള്‍ നേടി യുഎസ് ഒന്നാം സ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.

ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാ പരിപാടികളും ഫ്രാൻസിലെ ഫീനിക്സ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000ത്തിലധികം ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്.

പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണം: മുഖ്യമന്ത്രിക്ക് ഒളിംപിക്സ് അസോസിയേഷന്റെ കത്ത്

പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണം: മുഖ്യമന്ത്രിക്ക് ഒളിംപിക്സ് അസോസിയേഷന്റെ കത്ത്

തിരുവനന്തപുരം: ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യം. കേരള ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.

മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം എന്നാണ് കത്തിൽ പറയുന്നത്.

ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെ ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായി നിയമിച്ചു. സ്‌പെയിനിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ ടോക്യോയില്‍ നേടിയ ഹോക്കി വെങ്കലം നിലനിര്‍ത്തിയത്. അന്നും പിആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് പാരിസിലും ശ്രീജേഷ് ആവര്‍ത്തിച്ചതോടെ 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കി ടീം ഒളിംപിക്‌സ് മെഡല്‍ നിലനിര്‍ത്തിയെന്ന സവിശേഷതയുമുണ്ട്.

പാരീസ് ഒളിംപിക്‌സില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിംപിക്‌സില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിംപിക്‌സില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്

അവസാന മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി, പരമ്പര സ്വന്തമാക്കി ശ്രീലങ്ക

അവസാന മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി, പരമ്പര സ്വന്തമാക്കി ശ്രീലങ്ക

27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക (2-0). മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ആതിഥേയര്‍ വിജയിക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 26.1 ഓവറുകളില്‍ 138 റണ്‍സില്‍ അവസാനിച്ചു.

സ്‌കോര്‍: ശ്രീലങ്ക 248-7 (50), ഇന്ത്യ 138-10 (26.1
249 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പതിവ് പോലെ മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയത്. 20 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സ് നേടി രോഹിത് ആണ് ടോപ് സ്‌കോറര്‍. വിരാട് കൊഹ്ലി 20(18) പരമ്പരയില്‍ മൂന്നാം തവണയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഏഴാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗ് 15(13), ഒമ്പതാമന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 30(25) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.

ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ 6(14), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 6(9), ശ്രേയസ് അയ്യര്‍ 8(7), അക്‌സര്‍ പട്ടേല്‍ 2(7), ശിവം ദൂബെ 9(14) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. 5.1 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് കൊയ്തത്. മഹേഷ് തീക്ഷണ, ജെഫ്രെ വാണ്ടര്‍സെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പേസര്‍ അസിത ഫെര്‍ണാന്‍ഡോ ഒരു വിക്കറ്റും വീഴ്ത്തി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അവിഷ്‌ക ഫെര്‍ണാന്‍ഡോ 96(102), കുസാല്‍ മെന്‍ഡിസ് 59(82) എന്നിവരുടേയും പാത്തും നിസങ്ക 45(65) എന്നിവരുടേയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 171ന് ഒന്ന് എന്ന അതിശക്തമായ നിലയില്‍ നിന്നാണ് ലങ്കയെ ഇന്ത്യ 248 റണ്‍സില്‍ ഒതുക്കിയത്. അരങ്ങേറ്റ മത്സരം കളിച്ച റിയാന്‍ പരാഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 3-0ന് വിജയിച്ചിരുന്നു. എന്നാല്‍ പരിശീലകന്‍ ഗംഭീറിന് കീഴിലുള്ള ആദ്യ ഏകദിന പരമ്പര ഇന്ത്യക്ക് മോശം പ്രകടനത്തിന്റേതായി മാറി.

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ്: ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകായിരുന്നു.

ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌, ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നായിരുന്നു എക്‌സില്‍ ഹിന്ദിയില്‍ വിനേഷ് കുറിച്ചത്.