by Midhun HP News | Jun 26, 2026 | Latest News, കായികം
ന്യൂജഴ്‌സി: അടിക്ക് തിരിച്ചടി എന്ന നിലയില്‍ പുരോഗമിച്ച പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പന്‍ ജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തില്‍ 2-1നാണ് ഇക്വഡോര്‍ ജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു പുറത്താകുമായിരുന്ന നിലയില്‍ നിന്നു മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയുമായി ഇക്വഡോർ നോക്കൗട്ട് സാധ്യത സജീവമാക്കി.
അവസാന 32ൽ സീറ്റുറപ്പിച്ചാൽ 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. ചരിത്രത്തില്‍ രണ്ടാം തവണയുള്ള നേട്ടം. നേരത്തെ 2006ലാണ് അവര്‍ ആദ്യമായും അവസാനമായും നോക്കൗട്ട് കളിച്ചത്. 2002, 2006, 2014, 2022, 2026 വര്‍ഷങ്ങളിലാണ് അവര്‍ ഇതുവരെ ലോകകപ്പ് കളിച്ചത്.
കളിയുടെ തുടക്കം മുതല്‍ ജര്‍മനി കടുത്ത ആക്രമണം തുടങ്ങി. അതിന്റെ ഫലം രണ്ട് മിനിറ്റ് തികയും മുന്‍പ് തന്നെ അവര്‍ക്ക് കിട്ടി. കൃത്യം പറഞ്ഞാല്‍ ഒരു മിനിറ്റും 49 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ലീഡെടുത്തു. അലക്‌സാണ്ടര്‍ പാവ്‌ലോവിചിലൂടെ പുരോഗമിച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. പാവ്‌ലോവിച് ബോക്‌സിനു പുറത്തു നിന്നു പന്ത് സ്വീകരിച്ച് ഫ്‌ളോറിയന്‍ വിയറ്റ്‌സിനു നല്‍കി. താരം ബോക്‌സില്‍ വച്ച് ലിറോയ് സനെയ്ക്ക് പന്ത് മറിച്ചു. സനെ മികച്ച രീതിയില്‍ പന്ത് വലയിലിട്ടു.
ജര്‍മനിയുടെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ ലോകകപ്പ് ഗോളാണിത്. 1934ല്‍ ഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരിലാണ് അവര്‍ ഇതിലും വേഗതയില്‍ ഗോള്‍ നേടിയത്. അന്ന് കളി തുടങ്ങി 25 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ഏണസ്റ്റ് ലെഹ്നറിലൂടെ വല ചലിപ്പിച്ചിരുന്നു.
തുടക്കം തന്നെ ജര്‍മനി ഗോള്‍ നേടിയതോടെ ഇനി എത്രയെണ്ണം ഇക്വഡോര്‍ വലയില്‍ കയറുമെന്ന കണക്കുകൂട്ടലുകളുമായി നിന്ന ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് അതിവേഗം തന്നെ ഇക്വഡോറിന്റെ മറുപടി വന്നു. 9ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു പാസ് സ്വീകരിച്ച് നില്‍സന്‍ ആംഗുലോ തൊടുത്ത കിടിലന്‍ ഷോട്ട് ജര്‍മന്‍ മധ്യനിരക്കാരന്‍ പാവ്‌ലോവിചിനേയും ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിനേയും മറികടന്ന് വലയില്‍.
സമനില കിട്ടിയതോടെ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചു. അതിനൊപ്പം ജര്‍മന്‍ താരങ്ങളുടെ ഭാവനാശൂന്യതയും ഇക്വഡോറിനു തുണയായി. നിരവധി മിസ് പാസുകളാണ് ജര്‍മന്‍ താരങ്ങള്‍ നല്‍കിയത്. വേഗമില്ലായ്മയും അവരുടെ നീക്കങ്ങളെ അടിമുടി ബാധിച്ചു. ആക്രമണം കടുപ്പിച്ച് ഇക്വഡോര്‍ ജര്‍മന്‍ പോസ്റ്റിലേക്ക് കയറി ഇറങ്ങി.
ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളില്‍ ജര്‍മനി ലീഡെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം കുലുങ്ങിയില്ല. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നില.
രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടരുന്ന കാഴ്ചയായിരുന്നു. അതിനിടെ ഹവെര്‍ട്‌സിനെ ഇക്വഡോര്‍ താരം ജോയര്‍ ഓര്‍ഡോണെസ് ഫൗള്‍ ചെയ്തതിനു ജര്‍മനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടുന്നു. എന്നാല്‍ അതിനു മുന്‍പ് ലിറോയ് സനെ ഒരു ഇക്വഡോര്‍ താരത്തെ ഫൗള്‍ ചെയ്തിരുന്നു. വാര്‍ പരിശോധനയില്‍ ജര്‍മനിക്ക് പെനാല്‍റ്റിയും ഇക്വഡോറിനു ഫൗളിനുള്ള ഫ്രീകിക്കും അനുവദിച്ചില്ല.
73ാം മിനിറ്റില്‍ ലീഡ് നേടാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ ഇക്വഡോറിനു കിട്ടിയെങ്കിലും മുതലാക്കാനായില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അവസരം നഷ്ടമായത്. 77ാം മിനിറ്റില്‍ ഇക്വഡോര്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണറില്‍ നിന്നു കെവിന്‍ റോഡ്രിഗസ് നല്‍കിയ പാസ് മാനുവല്‍ നൂയര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോണ്‍സാലോ പ്ലാറ്റ വലയ്ക്ക് തൊട്ടരികില്‍ നിന്നു ഫ്‌ളിക്ക് ചെയ്ത് പന്ത് വലയിലിട്ട് ഇക്വഡോറിനു അവിശ്വസനീയ വിജയം സമ്മാനിച്ചു.
ജര്‍മനി സമനില പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ഇക്വഡോര്‍ പ്രതിരോധ നിര എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ചു. നോക്കൗട്ട് സ്വപ്‌നങ്ങള്‍ കൈവിടാന്‍ ഒരുക്കമല്ലാതിരുന്ന ഇക്വഡോര്‍ അവിസ്മരണീയ പോരാട്ടവും ഗംഭീര വിജയവുമാണ് പിടിച്ചെടുത്തത്.
by Midhun HP News | Jun 25, 2026 | Latest News, കായികം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിക്ക് ടി20 പരമ്പരകളില്‍ പ്രത്യേക മുറി അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും നടക്കാനിരിക്കുന്ന ടി20 മത്സരങ്ങളില്‍ മുതിര്‍ന്ന സഹതാരങ്ങള്‍ക്കൊപ്പം വൈഭവിന് ഡ്രെസിങ് റൂം പങ്കിടാനാകില്ല. വൈഭവ് ടീമിലുള്ളതുകൊണ്ട് ഇന്ത്യന്‍ ടീമിനായി പവിലിയനില്‍ മൂന്ന് മുറികള്‍ അനുവദിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പരമ്പര ഐസിസി അംഗീകൃത പരമ്പരയായതിനാല്‍, അതിന്റെ ‘സുരക്ഷാ മാനദണ്ഡങ്ങള്‍’ ബാധകമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 16 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ മുതിര്‍ന്നവരുടെ ചേഞ്ചിങ് റൂമുകള്‍ ഉപയോഗിക്കുന്നത് ഐസിസിയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) വിലക്കുന്നുണ്ട്. അതിനാല്‍ എല്ലാ സ്റ്റേഡിയങ്ങളിലും സൂര്യവംശിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ മത്സരസമയത്ത് സൂര്യവംശിക്ക് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഇരിക്കാനും ടീമിന്റെ തന്ത്രപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്. എന്നാല്‍ ഓരോ മത്സരത്തിനും മുന്‍പും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാകുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2026 ഐപിഎലില്‍ ടോപ് സ്‌കോററായതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വൈഭവിന് വിളിയെത്തിയത്. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് വൈഭവ് ഇടംപിടിച്ചത്. പരമ്പരയില്‍ അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിനെ തേടിയെത്തും.

by Midhun HP News | Jun 25, 2026 | Latest News, കായികം, ജില്ലാ വാർത്ത
മെക്‌സിക്കോ സിറ്റി: ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് നോക്കൗട്ടില്‍. ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്നത്.
തപെലോ മാസെക്കോയാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിജയഗോള്‍ നേടിയത്. 2010ല്‍ ആതിഥേയത്വം വഹിച്ച ശേഷം വീണ്ടും ഇത്തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് എത്തുന്നത്. ആദ്യമത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ചെക്കിനെ സമനിലയില്‍ തളയ്ക്കുകയും കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് നോക്കൗട്ട് പ്രവേശം.
ദക്ഷിണ കൊറിയന്‍ കോച്ച് ഹോങ് മ്യുങ് ബോ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ്-മിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനം ആരാാധകരെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണ കൊറിയ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒത്തിണക്കത്തോടെയും ആത്മവിശ്വാസത്തോടെയു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊറിയന്‍ വല വീണ്ടും വീണ്ടും കുലുങ്ങുമായിരുന്നു.
ആതിഥേയരായ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് എ ചാംപ്യന്‍മാരായി നോക്കൗട്ടില്‍ എത്തി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോയുടെ നോക്കൗട്ട് പ്രവേശനം. നോക്കൗട്ടില്‍ എത്താന്‍ തെക്കന്‍ കൊറിയ ഇനിയും കാത്തിരിക്കണം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കൊറിയക്ക് നോക്കൗട്ടില്‍ എത്താന്‍ കഴിയുകയുള്ളു.

by Midhun HP News | Jun 24, 2026 | Latest News, കായികം
ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ. ഡബിളടിച്ച് ക്രിസ്റ്റ്യാനോ.
ഫിഫ ലോകകപ്പ് 2026-ൽ പോർച്ചുഗലിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം പൂർണ്ണ ആധിപത്യം പുലർത്തിയ പോർച്ചുഗലിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ മുന്നിൽ നിന്ന് നയിച്ചു.
കളിയുടെ ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു സിആർ7 (CR7) ഉസ്ബെക്കിസ്ഥാൻ വല കുലുക്കിയത്.
17-ാം മിനിറ്റിൽ മെൻഡിസും, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോൾ നേടി. 60-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം നെമാറ്റോവിന്റെ വകയായി പിറന്ന ഓൺ ഗോളും പോർച്ചുഗലിന്റെ ഗോൾപട്ടിക തികയ്ക്കാൻ സഹായിച്ചു.
ശക്തമായ ആക്രമണവുമായി കളം നിറഞ്ഞ പോർച്ചുഗലിന് മുന്നിൽ ഉസ്ബെക്കിസ്ഥാൻ പ്രതിരോധം പൂർണ്ണമായും തകരുകയായിരുന്നു. ഒരു ഗോൾ പോലും മടക്കാൻ ഉസ്ബെക്കിസ്ഥാന് സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് പോർച്ചുഗലിന്റെ ഈ വമ്പൻ വിജയം.
by Midhun HP News | Jun 23, 2026 | Latest News, കായികം
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് കിരീട പ്രതീക്ഷയിൽ മുന്നിലുള്ള പോർച്ചുഗൽ ടീം. സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ വലിയ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ടീമിലെ താരങ്ങൾ തമ്മിലുള്ള മാനസിക അടുപ്പമില്ലായ്മയടക്കമുള്ളവയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ചേരിപ്പോരിനും വരെ വഴിയൊരുക്കി.
ഇന്ന് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമാണ്. ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു കടക്കാനുള്ള സാധ്യത നിലനിർത്താൻ സാധിക്കു എന്ന നിലയിലാണ് അവർ ഇറങ്ങുന്നത്.
അതിനിടെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ നിർണായക ചോദ്യത്തിനുള്ള മൗനം വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് തയ്യാറായില്ല. മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ എവിടെയും തൊടാതെയുള്ള മറുപടി.
‘ആദ്യ ഇലവനെക്കുറിച്ച് എനിക്ക് ഇപ്പോൾ നിങ്ങളെ അറിയിക്കാൻ കഴിയില്ല. കാരണം ഞാൻ ഇതുവരെ എന്റെ കളിക്കാരോട് അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല’- റൊണാൾഡോ ടീമിൽ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായി മാർട്ടിനെസ് പറഞ്ഞു.
കോംഗോയുമായുള്ള പോർച്ചുഗലിന്റെ 1-1 സമനിലയിൽ 41 കാരനായ റൊണാൾഡോയ്ക്ക് ഗോൾ നേടാനായിരുന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച ചില മികച്ച സ്കോറിങ് അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയതിനെത്തുടർന്ന് ആരാധകരുടെ കടുത്ത വിമർശനവും അദ്ദേഹം നേരിട്ടു. ടീം മുന്നേറ്റ നിരയിൽ പതറിയപ്പോൾ എന്തുകൊണ്ടാണ് മാർട്ടിനെസ് അദ്ദേഹത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുകയും ചെയ്തു.
വിമർശനങ്ങൾ തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ മാർട്ടിനെസ് ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
‘ഞങ്ങൾ കളിക്കുന്നത് ലോകകപ്പാണ്. അതിനാൽ സ്വാഭാവികമായും വലിയ രീതിയിലുള്ള ബഹളങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകും. അത് കളിയുടെ ഭാഗമാണ്. പക്ഷേ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ടീമിലാണ്. മികച്ച മനോഭാവം പ്രകടിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മത്സരത്തിനായി തയ്യാറെടുക്കുന്നതിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഞങ്ങൾ ശക്തരാണ്. ടീം മുമ്പത്തേക്കാളും കൂടുതൽ ഒറ്റക്കെട്ടാണ്.’
റൊണാൾഡോയുടെ പേര് എടുത്തു പറയാതെ തന്നെ ‘ചില വിമർശനങ്ങൾ അന്യായവും നീതിരഹിതവുമാണ്’ എന്ന് മാർട്ടിനെസ് പ്രതികരിച്ചു. ആദ്യ മത്സരത്തിൽ വെറും 25 തവണ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്ത് തൊടാൻ പോലും സാധിച്ചത്. റൊണാൾഡോയുടെ മോശം ഫോമിലും ഫൈനൽ തേർഡിൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിനുള്ള കഴിവിൽ മാർട്ടിനെസ് ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
‘ഗോളടിക്കാൻ ഏറ്റവും അനുയോജ്യനായ താരം ക്രിസ്റ്റ്യാനോ തന്നെയാണ്. ഐതിഹാസിക കളിക്കാരന്റെ കണക്കുകൾ ഇതിനെ പിന്തുണയ്ക്കുന്നതുമാണ്. കഴിഞ്ഞ 32 മത്സരങ്ങൾ എടുത്തു നോക്കിയാൽ അധിക മൂവ്‌മെന്റുകളിലൂടെ ഇടങ്ങൾ കണ്ടെത്താനും അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞ താരം അദ്ദേഹമാണ്.’
ആദ്യ മത്സരത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. എന്നാൽ സമനിലയ്ക്ക് ശേഷം രണ്ട് തവണ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
‘ഞങ്ങൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഇത്. എന്നാൽ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’. പിന്നാലെ ഞയറാഴ്ച ടീമിന്റെ പരിശീലന സെഷനിൽ നിന്നുള്ള നാല് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു- ‘ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു’.

by Midhun HP News | Jun 22, 2026 | Latest News, കായികം
ബെയ്ജിങ്: കരുത്തരായ ചൈനയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ സ്വർണം പിടിച്ചെടുത്തു. 4×100 മീറ്റർ റിലേ ടീമിനാണ് നേട്ടം. കടുത്ത വെല്ലുവിളി ഉയർത്തിയ ചൈനയെ ഫൈനലിൽ 43.85 സെക്കൻഡിൽ മറികടന്നാണ് ഇന്ത്യൻ സംഘം സ്വർണം അണിഞ്ഞത്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയവും ഫൈനലിലെ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി.
ശ്രാബനി നന്ദ, എസ്എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം കൃത്യതയാർന്ന ബാറ്റൺ കൈമാറ്റത്തിലൂടെയും അവസാന നിമിഷത്തെ വേഗതയിലൂടെയുമാണ് ചൈനയെ പിന്നിലാക്കിയത്. മത്സരത്തിൽ ചൈന വെള്ളിയും (44.09 സെക്കൻഡ്) തായ്‌ലൻഡ് വെങ്കലവും (44.11 സെക്കൻഡ്) നേടി. റിലയൻസ് ഫൗണ്ടേഷന്റെ മാർട്ടിൻ ഓവൻസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
ടൂർണമെന്റിൽ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മിക്സഡ് 4×400 മീറ്റർ റിലേയിലാണ് വെള്ളി നേട്ടം. തീർത്ഥേഷ് പി ഷെട്ടി, എംആർ പൂവമ്മ, ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ സഖ്യം 3.17.06 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വിയറ്റ്നാമിനാണ് സ്വർണം.
മിക്സഡ് 4×100 മീറ്റർ റിലേയിലാണ് വെങ്കല നേട്ടം. തമന്ന, സ്നേഹ ഷാനുവല്ലി, അനിമേഷ് കുജൂർ, പ്രണവ് ഗുരവ് എന്നിവരടങ്ങിയ ടീം 41.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. തായ്‌ലൻഡ് ഒന്നാമതും ചൈന രണ്ടാമതുമെത്തി.
അതേസമയം 4×400 മീറ്റർ പുരുഷ, വനിതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല. എംആർ പൂവമ്മ, രഷ്ദീപ് കൗർ, അൻസ ബാബു, സലോനി നഗർ എന്നിവരടങ്ങിയ വനിതാ 4×400 മീറ്റർ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (3.34.88 സെക്കൻഡ്). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്താവുകയും ചെയ്തു (3.05.33 സെക്കൻഡ്). രണ്ട് ഇനങ്ങളിലും വിയറ്റ്നാമിനാണ് സ്വർണം.
പരിക്കുകൾ കാരണം ഇന്ത്യയ്ക്ക് പുരുഷന്മാരുടെ 4×100 മീറ്റർ റിലേ ടീമിനെ ഇറക്കാൻ സാധിക്കാതിരുന്നത് മെഡൽ സാധ്യതകളെ ബാധിച്ചു. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശീലനമായി ഈ ടൂർണമെന്റ് മാറി. 2027ലെ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിന് ഇന്ത്യയിലെ ചണ്ഡീഗഢാണ് ആതിഥേയത്വം വഹിക്കുന്നത്.

Recent Comments