സ്വകാര്യത നയങ്ങളിൽ പുത്തൻ മാറ്റങ്ങളുമായി ഫേസ്ബുക്

മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്‍റെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എളുപ്പം മനസ്സിലാക്കുന്നതിനായുള്ള മാറ്റങ്ങൾ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റാ പറയുന്നത്.

നേരത്തെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിന്‍റെ പേരില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയവരാണ് മെറ്റ. ഇത് തിരുത്താനുള്ള ശ്രമമാണ് പുതിയ നീക്കം. എന്നാല്‍ മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പിന് പുതിയ അപ്ഡേറ്റ് ലഭ്യമല്ല. പുതിയ രീതിയിൽ ഉപയോക്താവിന്‍റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. എന്നാല്‍ ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നത് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ രണ്ട് മാറ്റങ്ങള്‍ മെറ്റ വരുത്തുന്നുണ്ട്.

ഒരു പുതിയ ക്രമീകരണം ആളുകൾക്ക് ഡിഫോൾട്ടായി അവരുടെ പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നതിൽ കൂടുതൽ നിയന്ത്രണം നൽകും.ഒപ്പം ഉപയോക്താക്കൾക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരൊറ്റ ഇന്റർഫേസിലേക്ക് ഏകീകരിച്ചിരിക്കുന്നു.
‘ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് നന്നായി വിശദീകരിക്കാൻ സാധിച്ചിട്ടുണ്ട് പുതിയ അപ്ഡേറ്റിലൂടെ” മെറ്റയുടെ ചീഫ് പ്രൈവസി ഓഫീസർ മൈക്കൽ പ്രോട്ടി പ്രൈവസി അപ്ഡേറ്റ് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. കമ്പനി ഏതെങ്കിലും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന അവസരത്തില്‍, ആ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മെറ്റനല്‍കും എന്നും ബ്ലോഗ് പോസ്റ്റ് പറയുന്നു. ഒപ്പം മെറ്റ വിവരങ്ങൾ പങ്കിടുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം കക്ഷികളെക്കുറിച്ചു. ഒരോ പ്ലാറ്റ്ഫോമിലും ഡാറ്റ എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും മെറ്റാ പറയുന്നു.

മെറ്റാ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ പുതിയ അപ്‌ഡേറ്റുകള്‍ സ്വീകരിക്കുന്നു എന്നൊന്നും ഉപയോക്താവ് പറയേണ്ടതില്ല. എന്നാൽ മാറ്റങ്ങൾ അംഗീകരിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് “ഞങ്ങളുടെ സേവനങ്ങൾ ഉപേക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ട്” എന്ന് കമ്പനി പറയുന്നു. ജൂലൈ 26 മുതൽ പുതിയ അപ്ഡേറ്റുകള്‍ നിലവില്‍ വരും. ഇത് അവതരിപ്പിക്കുന്ന സങ്കീര്‍ണ്ണത കുറയ്ക്കാനാണ് മെറ്റയുടെ പുതിയ നോട്ടിഫിക്കേഷന്‍. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അടക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വകാര്യ നയങ്ങള്‍ ശക്തമാക്കുന്നതോടെ ഈ പുതിയ അപ്ഡേറ്റുകള്‍ മാത്രം മതിയാകില്ല എന്നതാണ് മെറ്റ നേരിടുന്ന വെല്ലുവിളി. ഒപ്പം തന്നെ റെഗുലേറ്റർമാരിൽ നിന്നും ഉപയോക്തൃ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യുന്നു, സംരക്ഷിക്കുന്നു എന്നതില്‍ മെറ്റയ്ക്ക് മുകളിലുള്ള നിരീക്ഷണം ശക്തമാകുന്നുണ്ട്.

ഡിജിലോക്കര്‍ വാട്ട്സ്ആപ്പിലും; പാന്‍കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും എല്ലാം ഇനി വാട്ട്സ്ആപ്പില്‍

ഡിജിലോക്കര്‍ വാട്ട്സ്ആപ്പിലും; പാന്‍കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും എല്ലാം ഇനി വാട്ട്സ്ആപ്പില്‍

ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍പ്പേരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാറിന്‍റെ ഡിജിലോക്കർ സേവനം വാട്ട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന സേവനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കർ. പൗരന്മാരുടെ വിവിധ രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഒരു ആപ്പില്‍ ലഭിക്കുന്ന സംവിധാനം, പൗരന്മാരുടെ ‘ഡിജിറ്റൽ ശാക്തീകരണം’ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്. ഡിജിലോക്കർ സിസ്റ്റത്തിൽ നൽകിയിരിക്കുന്ന രേഖകൾ യഥാർത്ഥ ഫിസിക്കൽ ഡോക്യുമെന്റുകൾക്ക് തുല്യമായി കണക്കാക്കപ്പെടുന്നു.

“പൗരന്മാർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പിലെ മൈ ജിഒവി (MyGov) ഹെൽപ്പ്‌ഡെസ്‌കിൽ ഡിജിലോക്കർ സേവനങ്ങൾ ലഭിക്കും. കാര്യക്ഷമമായ ഭരണം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നതിന് വാട്ട്‌സ്ആപ്പിൽ മൈ ജിഒവി വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന പൗര സേവനമായിരിക്കും ഡിജിലോക്കര്‍ (Digilocker) കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

“പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വാട്ട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. സർക്കാർ സേവനങ്ങളും പൗരന്മാരുടെ വിരൽത്തുമ്പിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ഹെൽപ്പ് ഡെസ്‌കെന്ന് വാര്‍ത്ത കുറിപ്പ് പറയുന്നു.

ഡിജിലോക്കർ പോലുള്ള പുതിയ കൂട്ടിച്ചേര്‍ക്കുന്നതോടെ, വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ചാറ്റ്‌ബോട്ട്, പൗരന്മാർക്ക് ഡിജിറ്റലായി ലഭിക്കുന്ന സര്‍ക്കാര്‍ അവശ്യ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാനുള്ള സമഗ്രമായ ഒരു അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സിസ്റ്റമായി വളരുകയാണ്.

പുതിയ സേവനം പൗരന്മാർക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് തന്നെ പ്രധാന രേഖകൾ എളുപ്പത്തിലും സൗകര്യത്തോടെയും ലഭിക്കുവാന്‍ അവസരം നല്‍കുന്നു. പത്താംക്ലാസ് മാർക്‌ഷീറ്റ്, പന്ത്രണ്ടാം ക്ലാസ് മാർക്ക്‌ഷീറ്റ്, ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്,(ലൈഫ്, നോൺ ലൈഫ് എന്നിവ) ഡിജിലോക്കറിൽ ലഭ്യമാകും.

രാജ്യത്തുടനീളമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് +91 9013151515 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘നമസ്‌തേ’ അല്ലെങ്കിൽ ‘ഹായ്’ അല്ലെങ്കിൽ ‘ഡിജിലോക്കർ’ അയച്ച് ചാറ്റ്ബോട്ട് ഉപയോഗിക്കാം.

ഡിജിലോക്കറിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള 10 കോടിയിലേറെ ആളുകളുടെ 500 കോടിയോളം രേഖകളും നൽകിയിട്ടുണ്ട്. വാട്ട്‌സ്ആപ്പിലെ സേവനം ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ഫോണുകളിൽ ഉപയോഗിക്കുന്നതിനാല്‍ ആധികാരിക രേഖകളും വിവരങ്ങളും ലഭിക്കുന്ന സംവിധാനം നിരവധിപ്പേര്‍ ഉപയോഗിക്കും എന്നാണ്, മൈ ജിഒവി സിഇഒ അഭിഷേക് സിംഗ് പറയുന്നത്.

ഐ-പോഡ് ഇനിയില്ല; നിർമാണം നിർത്തിവയ്ക്കുന്നു

ഐ-പോഡ് ഇനിയില്ല; നിർമാണം നിർത്തിവയ്ക്കുന്നു

ആപ്പിള്‍ ഐപോഡിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത് ഒരു യുഗത്തിന് അവസാനം കുറിക്കുന്ന പ്രഖ്യാപനമായി. ടെക് ചരിത്ര പുസ്തകങ്ങളിൽ ആപ്പിള്‍ എഴുതിയിട്ട ഒരു മറക്കാന്‍ കഴിയാത്ത ഒരു ഒരു അധ്യായമാണ് ആപ്പിള്‍ ഐപോഡിന്‍റെത്. മ്യൂസിക്ക് ഇന്‍ട്രസ്ട്രിയുടെ ചരിത്രം തലകീഴായി മറിച്ച ഒരു ഉപകരണം തന്നെയായിരുന്നു ഐപോഡ്.

2001 ഒക്ടോബറിലാണ് ആദ്യമായി ആപ്പിള്‍ ഐപോഡ് ഇറക്കിയത്. അന്ന് മുതല്‍ വിവിധ കാലങ്ങളില്‍ ഇറങ്ങിയ ഐപോഡുകളില്‍ അവസാനം വിൽപ്പനയ്‌ക്കെത്തിയത് 2019ലെ ഐപോഡ് ടച്ചാണ്. ഐഫോണുകളുടെ പ്രചാരത്തോടെ തന്നെ ഐപോഡ് എന്ന ഉപകരണം അപ്രധാനമായെങ്കിലും, ആപ്പിളിന്‍റെ ഐപോഡ് പിന്‍വലിക്കുന്ന പ്രഖ്യാപനത്തോട് വൈകാരികമായി പ്രതികരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകള്‍ നിരവധി കാണാന്‍ കഴിയും. പ്രത്യേകിച്ച് അമേരിക്കന്‍‍ യൂറോപ്യന്‍ നാടുകളില്‍.

2007 ല്‍ തന്നെ ടച്ച്‌സ്‌ക്രീൻ മോഡൽ ഐപോഡ് ടച്ച് ആപ്പിള്‍ ഇറക്കിയിരുന്നു. എന്തായാലും ഉത്പാദനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെ വിപണിയില്‍ ഐപോഡ് മോഡല്‍ ലഭിക്കും എന്നാണ് ആപ്പിള്‍ അറിയിക്കുന്നത്. 21 വര്‍ഷത്തോളം ആപ്പിള്‍ ഐഫോണിന്‍റെ വിവിധ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. 2014 മുതല്‍ തന്നെ ആപ്പിള്‍ ഐപോഡ് മോഡലുകളെ ഒന്നൊന്നായി ഒഴിവാക്കിയിരുന്നു. ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത് ഐപോഡ് ക്ലാസിക്ക് ആയിരുന്നു. 21 വര്‍ഷത്തിനിടെ ആപ്പിള്‍ ഏഴു തലമുറ ഐപോഡുകള്‍ രംഗത്ത് ഇറക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്ട് സിറ്റിയാകാനൊരുങ്ങി ഭോപാല്‍

ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്ട് സിറ്റിയാകാനൊരുങ്ങി ഭോപാല്‍

ഭോപ്പാല്‍: ഇന്ത്യയിലെ ആദ്യത്തെ 5ജി ലഭിക്കുന്ന സ്മാര്‍ട്ട് സിറ്റി ആകുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ തലസ്ഥാന നഗരം അടുത്ത നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി തുടങ്ങും. ഇത് പൗരന്മാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കും. ഈ പ്രഖ്യാപനത്തോടെ, ആദ്യം 5ജി സേവനങ്ങള്‍ ലഭിക്കുമെന്ന് ടെലികോം വകുപ്പ് പറഞ്ഞ മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഭോപ്പാലും ചേരുന്നു.

പൗരന്മാര്‍ക്കായി 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി ഭോപ്പാല്‍ മാറും. അടുത്ത നാല് മാസത്തിനുള്ളില്‍ ആരംഭിക്കുന്ന പൈലറ്റ് പ്രോജക്റ്റില്‍ 5ജി ട്രയലുകള്‍ നടത്താന്‍ സര്‍ക്കാരും ഇന്ത്യയിലെ ടെലികോം കമ്പനികളിലൊന്നും തമ്മിലുള്ള പങ്കാളിത്തം ഉള്‍പ്പെടും. അതേസമയം, ഏത് കമ്പനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നതെന്ന് നിലവില്‍ വ്യക്തമല്ല.

2022 ഫെബ്രുവരിയിലെ ബജറ്റില്‍, ഇന്ത്യയില്‍ 5ജി സേവനങ്ങളുടെ വാണിജ്യ വിന്യാസം 2022 അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. സ്‌പെക്ട്രം ലേലം ഈ വര്‍ഷത്തിന്റെ മധ്യത്തോടെ നടക്കാന്‍ സാധ്യതയുണ്ട്, എന്നാല്‍ കൃത്യമായ വിശദാംശങ്ങളൊന്നുമില്ല. ഇനിയും. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതിനകം 5ജി ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് സ്ഥിരീകരിച്ചു. ഗുരുഗ്രാം, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ എന്നിവയാണ് ഈ നഗരങ്ങള്‍. ഭോപ്പാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല, എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ, വി ഇന്ത്യ എന്നിവ ഭോപ്പാലിലെ 5ജി ട്രയല്‍ സൈറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഇതിനിടയില്‍, മൂന്ന് കമ്പനികളും മറ്റ് പ്രധാന നഗരങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഉദാഹരണത്തിന്, സ്പെക്ട്രം ലേലം നടന്നാലുടന്‍ ഇന്ത്യയില്‍ 5ജി പുറത്തിറക്കാന്‍ തയ്യാറാണെന്ന് എയര്‍ടെല്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ജിയോയ്ക്കും വിയ്ക്കും സമാനമായ പ്ലാനുകള്‍ ഉണ്ട്.