കെ.എം.സി.എസ്.യു ആറ്റിങ്ങലിൽ കൂട്ടധർണ്ണ നടത്തി

കെ.എം.സി.എസ്.യു ആറ്റിങ്ങലിൽ കൂട്ടധർണ്ണ നടത്തി

ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കെ.എം.സി.എസ്.യു സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ട ധർണ്ണ നടന്നു. ഏപ്രിൽ 27ന് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ നടന്ന കൂട്ട ധർണ്ണ സി.ഐ.ടി.യു ഏരിയ കമ്മറ്റി അംഗം എം മുരളി ഉദ്‌ഘാടനം ചെയ്തു.

കെ.എം.സി.എസ്.യു സംസ്ഥാന കമ്മറ്റി അംഗങ്ങളായ സജീവ് എസ്, കെ രാജൻ, പ്രമോദ് കുമാർ, സിഐടിയു അംഗമായ രാമൻകുട്ടി തുടങ്ങിയവർ ധർണയിൽ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശിൽപയുടെ അധ്യക്ഷതയിൽ ചേർന്ന ധർണയിൽ യൂണിറ്റ് സെക്രട്ടറി വി.എസ്.വിനോദ്, ട്രഷറർ അഖിൽ രാജ്.ആർ.എസ് എന്നിവർ പങ്കെടുത്തു.

ആലംകോട്  ഡിയേഴ്‌സ് വാട്ട്സ് ആപ് ഗ്രൂപ്പ്; റംസാൻ റിലീഫ് വിതരണം

ആലംകോട് ഡിയേഴ്‌സ് വാട്ട്സ് ആപ് ഗ്രൂപ്പ്; റംസാൻ റിലീഫ് വിതരണം

ആലംകോട്: ഡിയേഴ്‌സ് വാട്ട്സ് ആപ് ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി റംസാൻ റിലീഫ് വിതരണം ചെയ്തു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാവപ്പെട്ടവരുടെ വീടുകളിലും, ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി സഹോദരങ്ങളുടെയും വീടുകളിൽ എത്തിച്ചുകൊടുക്കുകയാണ്. ഐക്യം, സമാധാനം സാഹോദര്യം സത്യസന്ധത ഇതാണ് മാനദണ്ഡം, കാരുണ്യ പ്രവർത്തങ്ങൾ, സാമൂഹിക സാംസ്കാരിക വിഷയങ്ങൾ, മെമ്പർമാരുടെ ക്ഷേമ കാര്യങ്ങൾ, വിജ്ഞാന വിനോദ ആശയപരിപാടികൾ എന്നീ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി 5000 രൂപ അഗതിമന്ദിരത്തിലും, 125000 രൂപ നിര്ധനരായവർക്ക് 1000 രൂപ വീതവും നൽകി.

എല്ലാ വർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് ധാനാധർമ്മം ഈ വർഷം 129 പാവപ്പെട്ടവർക്ക് ആയിരം രൂപ വീതം കൊടുത്തു കൊണ്ട് ഗ്രൂപ്പിലെ മെമ്പർമാർ മാതൃക കാട്ടി. ഈ കൂട്ടായിമയിൽ സഹകരിക്കുന്നത് ഏറെയും പ്രവാസികളും പ്രവാസത്തിൽ നിന്ന് വിരമിച്ചവരുമാണ് ഈ കൂട്ടായ്മയുടെ അംഗങ്ങളായി പ്രവർത്തിക്കുന്നവർ. കിഡ്‌നി സംബന്ധമായ അസുഖം മൂലം പ്രയാസപ്പെടുന്നവർക്കും ഒരാഴ്‌ചയോളം RCC യിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണവും നടത്തി ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

മാല മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

മാല മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

കിളിമാനൂർ: തട്ടത്തുമല നെടുമ്പാറ അംഗനവാടിയിൽ നിന്നും കുട്ടിയെ വിളിക്കാൻ പോയ യുവതിയുടെ മാല പിടിച്ചുപറിച്ച രണ്ടുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 25ന് മാല പിടിച്ചുപറിച്ച ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളായ, അനസ്സ് വയസ്സ് 25, പുത്തൻ വീട്, അടിവാരം പുതുപ്പാടി കോഴിക്കോട്, അനസ്സ് വയസ്സ് 34, ഇടമല വീട്, വിളപ്പിൽ ശാല, വിളപ്പിൽ വില്ലേജ്, (ഹസീന മൻസിൽ, അരുവിക്കര, നെടുമങ്ങാട്), എന്നിവർ മടത്തറ ഭാഗത്തേക്ക് പോവുകയും പോകുന വഴിയിൽ വച്ച് ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിൻറ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി. എസ്. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ളതുമായ അമ്പതോളം പ്രതികളെ പോലീസ് നിരീക്ഷിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേയ്ക്ക് പോലീസ് എത്തിച്ചേരുകയുമായിരുന്നു.

കൃത്യത്തിന് ശേഷം കഴക്കൂട്ടം പുന്തുറ തുടങ്ങിയ ഭാഗങ്ങളിൽ ഒളിവിൽ പോയ പ്രതികളെ സാഹസികവും തന്ത്രപരവുമായ രീതിയിലാണ് പോലീസ് പിടികൂടിയത്. അറസ്റ്റിൽ ആയ പ്രതികൾ ജില്ലയ്ക്ക് അകത്തും പുറത്തുമായി മൊബൈൽ മോഷണം ബൈക്ക് മോഷണം വ്യാജസിഡി നിർമ്മാണം തുടങ്ങി ഇരുപതോളം കേസുകളിൽ ഉൾപ്പെട്ടവരാണ്. ജില്ലയിൽ നടന്നിട്ടുള്ള സമാനമായ മറ്റു കുറ്റകൃത്യങ്ങൾ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം പോലീസ് നടത്തിവരികയാണ്. കിളിമാനൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സനൂജ് എസ്, എസ്.ഐ. വിജിത്ത് .കെ. നായർ, സിപിഒ മാരായ അജോ ജോർജ്, ബിനു , കിരൺ, ഷിജു, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇന്ന് 6.30നും 11.30 നും മധ്യേ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വിപണിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകും. പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനവും ഉപഭോഗവും തമ്മിൽ 400 മെഗാവാട്ടിന്റെ അന്തരമുണ്ട്. ദീർഘകാല കരാറുകളിൽ നിന്നല്ലാതെ പവർഎക്‌സ്ചേഞ്ചിൽനിന്ന് ബോർഡിനു വൈദ്യുതി കിട്ടുന്നില്ല. കൽക്കരി ക്ഷാമം മൂന്നു നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ 78 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ബംഗാളിലെ നിലയത്തിലെ സാങ്കേതിക പ്രശ്നത്താൽ 135 മെഗാവാട്ടിന്റെ കുറവുണ്ടായി. കൽക്കരി ക്ഷാമം കാരണം ഉൽപ്പാദകർ പവർഎക്‌സ്ചേഞ്ചിൽ നൽകുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ചൂടു കാരണം ഉപഭോഗം കൂടുന്നതിനാൽ കേരളം പവർ‌എക്‌സ്ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസം കൂടിയാണിത്. മെഷിനുകൾ തകരാറിലായി വൈദ്യുതി ലഭ്യത കുറയുമ്പോഴും പവർ‌എക്‌സ്ചേഞ്ചിനെയാണ് ആശ്രയിക്കുന്നത്.

ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോഗം കൂടുതലാണെങ്കിലും ഉൽപ്പാദകരുമായി നേരത്തെ കരാർ വയ്ക്കാറില്ല. വേനൽ മഴ ലഭിക്കുന്നതിനാൽ ചില ദിവസങ്ങളിൽ ഉപഭോഗം കുറയും. അപ്പോൾ വൈദ്യുതി മിച്ചമാകുന്നത് തടയാനാണ് മുൻകൂട്ടിയുള്ള കരാർ ഒഴിവാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ മറ്റുവഴികൾ നോക്കുന്നുണ്ട്. ഉൽപ്പാദകരുമായി നേരിട്ട് കരാറിൽ ഏർപ്പെടാനും ആലോചിക്കുന്നു.

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കോട്ടയം: പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ മകന്‍ നവീന്‍ (15), ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ (16) എന്നിവരാണ് മരിച്ചത്.

നാലു കുട്ടികളാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. രണ്ടുപേര്‍ ഒഴുക്കിപ്പെട്ട് കാല്‍വഴുതി മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഒാടിയെത്തി രണ്ടു പേരെയും പുറത്തെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. ഒരു കുട്ടിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാര്‍ എക്‌സ്പ്രസിൽ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ റെയില്‍വേ പോലീസിനെ വിവിരം അറിയിച്ചു.

തുടര്‍ന്ന് കൊല്ലത്ത് എത്തിയ ട്രെയിന്‍ അവിടെ പിടിച്ചിട്ടു. ട്രെയിനില്‍ നിന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ട ശേഷമാണ് മലബാര്‍ എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)