ആശുപത്രി സംരക്ഷണ നിയമം എന്ന് വരുമെന്ന് ഉറപ്പുനല്‍കണം, ആവശ്യം അംഗീകരിക്കുന്നതുവരെ ഡോക്ടര്‍മാരുടെ സമരം തുടരും: ഐഎംഎ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ കേരള ഘടകം. ഓര്‍ഡിനന്‍സിലൂടെ ആശുപത്രി സംരക്ഷണ നിയമം ഉടന്‍ തന്നെ നടപ്പാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചതായും ഐഎംഎ കേരളഘടകം സംസ്ഥാന പ്രസിഡന്റ് സുള്‍ഫി നൂഹു മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി സംരക്ഷണ നിയമം അടക്കം വിവിധ ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചതായി അറിഞ്ഞു. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും സുള്‍ഫി നൂഹു പറഞ്ഞു.

ആശുപത്രികളെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സോണുകളായി പ്രഖ്യാപിക്കുക, ക്യാമറ അടക്കം സുരക്ഷാ സംവിധാനം ഒരുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുക, വന്ദനയുടെ മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുക, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ച മറ്റു ആവശ്യങ്ങളെന്നും സുള്‍ഫി നൂഹു വ്യക്തമാക്കി.

മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവെയ്ക്കരുതെന്ന നിർദേശം ലംഘിച്ചു;  കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച

മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവെയ്ക്കരുതെന്ന നിർദേശം ലംഘിച്ചു; കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട്. മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടിവെയ്ക്കരുതെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പ്രതികൂല സാഹചര്യമുണ്ടായാൽ മറുമരുന്ന് ഉപയോ​ഗിക്കാമെന്ന നിർദേശവും ലംഘിക്കപ്പെട്ടു. ഇന്നലെ രാവിലെ 11മണിയോടെയാണ് കിണറ്റിൽ വീണ കരടി ചത്തത്. വെള്ളത്തിൽ മുങ്ങിയതാണ് കരടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരടിയെ രക്ഷിക്കുന്നതിൽ മാനദണ്ഡം കൃത്യമായി പാലിക്കാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിൽ പറയുന്നത്.

കിണറിലെ ആഴം എത്രയാണ് എന്ന് മുൻകൂട്ടി മനസിലാക്കാൻ ശ്രമിച്ചില്ല. വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ചാൽ കിണറ്റിലെ വെള്ളത്തിന്റെ ആഴം അറിയാൻ സാധിക്കും. ഇത് അറിയാൻ ശ്രമിച്ചില്ല. ഇത് അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്ത് എടുക്കാമായിരുന്നു. വല ഉപയോ​ഗിച്ച് മുകളിലേക്ക് കയറ്റുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നിയമപ്രകാരമുള്ള നടപടി ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

മുങ്ങാൻ സാധ്യതയുള്ള ജീവികൾ, ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാധ്യതയുള്ള ജീവികൾ, നദിക്കരക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ. വെള്ളനാട് ഇത് പാടേ ലംഘിക്കപ്പെട്ടതായാണ് കണ്ടെത്തൽ. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോൾ വല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകൾ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. മയക്കുവെടി ഏൽക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാൽ ആന്റി ഡോട്ട്, അഥവാ മറുമരുന്ന് പ്രയോഗിക്കാം. വെള്ളനാട് അത് ഉണ്ടായില്ല. അപകസാധ്യയില്ലാതെ, കിണറ്റിൽ കിടക്കുന്ന കരടിയെ ധൃതിപ്പിടിച്ച് വെടിവയ്ക്കേണ്ടിയിരുന്നില്ലെന്നും വിമർശനമുണ്ട്.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പ്രത്യേക മുന്നറിയിപ്പൊന്നും ഒരു ജില്ലയ്ക്കും നൽകിയിട്ടില്ല. എന്നാൽ ഉഷ്ണ തരം​ഗത്തിന്റെ സമാന സാഹചര്യം തുടരും. അതിനാൽ ജാ​ഗ്രത തുടരാൻ നിർദ്ദേശമുണ്ട്. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.

സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഈ റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം. ദീ‍ർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിലെ കെഎസ്ആർടിസിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.

എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം; പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു?

എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം; പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു?

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.ഷൊർണൂരിൽ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു എന്ന നിഗമനത്തിൽ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണം.കൂട്ടാളികൾ ട്രെയിനിൽ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്.

എലത്തൂർ ട്രെയിൻ തീ വയ്പ്പ്കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് കേരളത്തിൽ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താൻ ഒറ്റക്കാണ് ചെയ്തത് എന്ന മൊഴി ആവർത്തിക്കുക മാത്രമാണ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്. D1 കോച്ചിൽ തീയിട്ടശേഷം D2 കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻഡ്രോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക

21 ലക്ഷം രൂപയുടെ നിക്ഷേപ തിരിമറി; പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

21 ലക്ഷം രൂപയുടെ നിക്ഷേപ തിരിമറി; പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

ആലപ്പുഴ: പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളില്‍ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡില്‍ പാമ്പുംതറയില്‍ വീട്ടില്‍ അമിതാനാഥ് (29) നെയാണു മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസില്‍ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. വ്യാജ അക്കൗണ്ട് നമ്പറുകള്‍ എഴുതി നല്‍കിയും പോസ്റ്റ് ഓഫിസില്‍ പണം നിക്ഷേപിക്കുന്ന ആര്‍ഐടിസി മെഷീന്‍ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫീസ് സീല്‍ പതിച്ചു കൊടുത്തുമാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.