പ്രധാമന്ത്രി ഈ മാസം 25 ന് കേരളത്തിൽ; യുവാക്കളോട് നേരിട്ട് സംവദിക്കും

പ്രധാമന്ത്രി ഈ മാസം 25 ന് കേരളത്തിൽ; യുവാക്കളോട് നേരിട്ട് സംവദിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് യുവം എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കൊച്ചിയിലാണ് പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹം നടത്തുക. ഒരുലക്ഷത്തോളംപേർ പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നും കഴിവ് തെളിയിച്ച യുവാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കും.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല

തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുപിടുത്തക്കാരൻ മുതിയാവിള രതീഷ് സംഭവസ്ഥലത്തെത്തിയാണ് പാമ്പിനെ പിടിച്ചത്.

കോട്ടൂർ കാവടിമൂല സ്വദേശി അബ്ദുൾ വഹാബുദീന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ തന്നെയാണ് കാറിന്റെ ബോണറ്റിനുള്ളിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.

പാമ്പ് പിടുത്തക്കാരനായ മുതയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അഞ്ച് വയസ് മാത്രം പ്രായമുള്ള പെൺ രാജവെമ്പാലയാണ് ഇതെന്ന് രതീഷ് പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. ആദ്യമായി 45,000ല്‍ എത്തി. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു; നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന

ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു; നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.

നടൻ ഇന്നസെന്റ് അന്തരിച്ചു

നടൻ ഇന്നസെന്റ് അന്തരിച്ചു

മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടാണ് അന്ത്യം.
നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി.

1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു.

ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. അക്കാലത്ത് ബന്ധുക്കൾക്കൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം തീപ്പെട്ടിക്കമ്പനിയും നടത്തിയിരുന്നു. തുടർന്ന് നാട്ടിലെത്തി ചില ബിസിനസുകൾ ആരംഭിക്കുകയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

അക്കാലത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം ഏറെ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല… എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് പേരെടുത്തു. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള സിനിമ താര സംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് പദവിയിൽ 12 വർഷം തുടർന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു. ചില സിനിമകളിൽ പാടുകയും​ ചെയ്തു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മികച്ച എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്കുപിന്നിൽ (ആത്മകഥ), കാൻസർവാർഡിലെ ചിരി എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം. 1976 സെപ്റ്റംബർ ആറിനായിരുന്നു വിവാഹം. ഭാര്യ: ആലീസ്. മകൻ: സോണറ്റ്

28,044 കിലോമീറ്റര്‍ വേഗം; ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക, ആകാംക്ഷയോടെ ശാസ്ത്രലോകം

28,044 കിലോമീറ്റര്‍ വേഗം; ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക, ആകാംക്ഷയോടെ ശാസ്ത്രലോകം

വാഷിങ്ടണ്‍: ശനിയാഴ്ച ഭൂമിക്ക് അരികിലൂടെ ഭീമാകാരമായ ഉല്‍ക്ക കടന്നുപോകും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പകുതി വ്യത്യാസത്തിലാണ് ഉല്‍ക്ക കടന്നുപോകുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2023 ഡിഇസഡ് ടു എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക, ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാണ് ഭൂമിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഇത് കടന്നുപോകുമെന്ന് എര്‍ത്ത്‌സ്‌കൈ എന്ന ശാസ്ത്രഗവേഷണ സ്ഥാപനം അറിയിച്ചു.

മണിക്കൂറില്‍ 28,044 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. ഫെബ്രുവരിയിലാണ് ഉല്‍ക്ക ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.21നാണ് ഉല്‍ക്ക ഭൂമിക്ക് അരികിലൂടെ കടന്നുപോകുക. ഭൂമിയില്‍ നിന്ന്് ഒരുലക്ഷത്തില്‍പ്പരം മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഉല്‍ക്ക കടന്നുപോകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.