by Midhun HP News | Dec 24, 2022 | Uncategorized
കൊച്ചി: മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന അഖിൽ എന്നയാൾ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരിച്ച രണ്ടുപേരും. സംഘം നക്ഷത്ര തടാകം കാണുന്നതിന് എത്തിയതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ സഹയാത്രക്കാരനായ അഖിലിന് ഫോൺ ചെയ്യാനായി വാഹനം നിർത്തിയിരുന്നു. ഫോൺ കട്ട് ചെയ്ത് അഖിൽ കയറുന്നതിന് തൊട്ട് മുൻപ് മുന്നോട്ട് എടുക്കാൻ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃകസാക്ഷികൾ പറയുന്നത്. ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങിയെങ്കിലും കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും ശ്വാസം മുട്ടി മരിച്ചിരുന്നു.
ഇടുക്കി ഉപ്പുതറ സ്വദേശിയാണ് ശ്രീനിവാസൻ, ബിനു മുരിക്കാശ്ശേരി സ്വദേശിയും. ബിനു ആയിരുന്നു വാൻ ഓടിച്ചിരുന്നത്. കാറിന്‍റെ ഡോർ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽപെട്ട വാഹനം പിന്നീട് ചിറയിൽ നിന്ന് പുറത്തെടുത്തു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
by Midhun HP News | Dec 24, 2022 | Uncategorized
പാലാ എംഎൽഎ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരിച്ചു. രാത്രി 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം.

രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെന്നിത്തെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കാറിന്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരുക്കേറ്റു. രാഹുലിന്റെ സംസ്കാരം പിന്നീട്.
by Midhun HP News | Dec 24, 2022 | Uncategorized
തിരുവറാട്ട്കാവ് ക്ഷേത്രത്തിൽ ദേവസ്വം ഇൻസ്പെക്ഷൻ ഡെപ്യൂട്ടി കമ്മീഷണർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വർക്കല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ശില്പ ചന്ദ്രൻ സൂക്ഷിക്കേണ്ട കാണിക്ക വഞ്ചിയുടെ താക്കോൽക്കൂട്ടം തിരുവാറാട്ട് കാവ് സബ് ഗ്രൂപ്പ് ഓഫീസർ കൈവശം സൂക്ഷിക്കുന്നു എന്ന് ദേവസം കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന താക്കോൽക്കൂട്ടം ദേവസം ഡെപ്യൂട്ടി കമ്മീഷണർ തിരുവറാട്ടുകാവ് സബ് ഗ്രൂപ്പ് ഓഫീസറിൽ നിന്നും കണ്ടെത്തുകയും ക്ഷേത്ര സ്ഥിര ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും മഹസർ തയ്യാറാക്കുകയും ചെയ്തു. 24-12-2022 നു നടക്കേണ്ട കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിന് അന്നേദിവസം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ കാണിക്ക വഞ്ചികൾ പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം തുറക്കുന്നതിന് വേണ്ടിയുള്ള താക്കോൽ കൂട്ടമാണ് സബ് ഗ്രൂപ്പ് ഓഫീസറിൽ നിന്നും കണ്ടെത്തിയത്. അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ശില്പ ചന്ദ്രൻ സൂക്ഷിയ്ക്കേണ്ട താക്കോൽക്കൂട്ടം തിരുവറാട്ടുകാവ് സബ് ഗ്രൂപ്പ് ഓഫീസറിൽ നിന്നും ലഭിച്ചതിനെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെട്ടു.
by Midhun HP News | Dec 21, 2022 | Uncategorized
ജനങ്ങളുടെ വിശ്വാസ്യത സമ്പാദിച്ചു ഒന്നര നൂറ്റാണ്ടിലേറെയായി മുന്നോട്ടു പോകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ് ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ രാവിലെ 10:30നു ദേശീയ പാതയിൽ ആറ്റിങ്ങൽ ടൗൺ ഹാളിനു സമീപമാണ് സ്വർണ വജ്ര വിസ്മയവുമായി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. 812 കി.മീ. റൺ യുണീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോബി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ ബോച്ചെ (ഡോ. ബോബി ചെമ്മണ്ണൂർ)യും സിനിമ താരം ഹണി റോസും ചേർന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും.
ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം നിർവഹിക്കും.
ഡയമണ്ട് ആദ്യ സെയിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയും ഗോൾഡ് ആദ്യ സെയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയും നിർവഹിക്കും.സ്വർണ വജ്ര ആഭരണങ്ങളുടെ അത്യപൂർവ ശേഖരങ്ങളാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ് ആറ്റിങ്ങലിനു പരിചയപ്പെടുത്തുന്നത്. മികച്ച അന്തരീക്ഷത്തിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലയിൽ എത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ്.
സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ എസ് ലെനിൻ, ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ്, കോൺഗ്രസ് ഡിസി സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി സിഎസ് ജയചന്ദ്രൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ എം സാലി, വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്ബാൽ, ആറ്റിങ്ങൽ ഗോൾഡ് അസോസിയേഷൻ പ്രസിഡന്റ് എസ് അബ്ദുൽ നാസർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
by Midhun HP News | Dec 20, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് സബർമതിലൈൻ വിശ്വവിലാസം സൂശീല (67) അന്തരിച്ചു. ഭർത്താവ്: വിശ്വനാഥൻ പി
മക്കൾ: ശ്രീദേവി എസ്, മനോജ് വി
മരുമക്കൾ: മനോജ് ആർ എസ്, അനുചന്ദ്രൻ.
by Midhun HP News | Dec 19, 2022 | Uncategorized
കണ്ണൂർ: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു.
കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിൻ്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. ഇവർ പൊലീസ് കസ്റ്റഡിയിലാണ്. എറണാകുളത്തും ഫുട്ബോൾ ആഘോഷം സംഘർഷത്തിലേക്ക് വഴിമാറി. കലൂരിൽ മെട്രോ സ്റ്റേഷന് മുന്നിൽ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
പൊഴിയൂർ എസ്.ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐയ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.
ലോകകപ്പ് ഫുട്ബാൾ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലും സംഘർഷമുണ്ടായി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൂവറ്റൂർ സ്വദേശികളായ രാഹുൽ , സുബിൻ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയിൽ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘർഷം. എന്നാൽ ഇത് വ്യക്തിപരമായ പ്രശ്നം മൂലമുള്ള സംഘർഷമാണെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പുത്തൂർ പൊലീസ് അറിയിച്ചു. മലപ്പുറം കുന്നുമ്മലിൽ വിജയാഘോഷത്തിന് ശേഷം റോഡിൽ ബിയർ കുപ്പി വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Recent Comments