ഡീസൽ ഇല്ല, സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആ‍ർടിസി

ഡീസൽ ഇല്ല, സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആ‍ർടിസി

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് 135 കോടി രൂപ കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.  

കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരിയായ യുവതിയില്‍നിന്ന് എം.ഡി.എം.എ. പിടികൂടി

കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരിയായ യുവതിയില്‍നിന്ന് എം.ഡി.എം.എ. പിടികൂടി

സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരിയായ യുവതിയില്‍നിന്ന് എം.ഡി.എം.എ. പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി. റഹീന (27) ആണ് പിടിയിലായത്.

ഇവരുടെ പക്കല്‍നിന്ന് 5.55 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ബീനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസില്‍നിന്ന് റഹീനയെ പിടികൂടിയത്. ബസില്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം കയറിയപ്പോള്‍ റഹീന തന്റെ കൈയിലുണ്ടായിരുന്ന ഒരു പൊതി പുറത്തേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയില്‍ എം.ഡി.എം.എ.യാണെന്ന് കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസര്‍ ടി.ബി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എന്‍. ശ്രീജമോള്‍, ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് ഓശാന പാടുകയാണെന്നായിരുന്നു ആരോപണം.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെവിട നസീറിന് ഏഴ് വർഷം കഠിനതടവ്

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെവിട നസീറിന് ഏഴ് വർഷം കഠിനതടവ്

കൊച്ചി : കളമശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ടു പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്. തടിയന്റെവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് ഏഴു വര്‍ഷം തടവുശിക്ഷ. മറ്റൊരു പ്രതി താജുദീന് ആറു വര്‍ഷം തടവുശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ചവരുടെ ശിക്ഷയാണ് കൊച്ചി എന്‍ഐഎ കോടതി പ്രഖ്യാപിച്ചത്. മറ്റ് പത്ത് പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

ഭാരതി അമ്മ (99)വയസ്സ് നിര്യാതയായി

ഭാരതി അമ്മ (99)വയസ്സ് നിര്യാതയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ വിളയിൻമൂല ശിവോദയത്തിൽ ഭാരതി അമ്മ (99)വയസ്സ് അന്തരിച്ചു.
മക്കൾ: രമ, ബാബു
മരുമക്കൾ:മണിയൻ പിള്ള (Late), ഗിരിജ

സഞ്ചയനം: തിങ്കൾ 9:30ന്

പെൻഷനേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് കൺവൻഷൻ ഉൽഘാടനം ചെയ്തു

പെൻഷനേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് കൺവൻഷൻ ഉൽഘാടനം ചെയ്തു

മുടപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് കൺവൻഷൻ പെരുങ്ങുഴി കെ.എസ്.എസ്.പി.യു അഴൂർ യൂണിറ്റ്
പെൻഷനേഴ്‌സ് ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാംദാസ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് സ്വാഗതം പറഞ്ഞു.

മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ നിർവഹിച്ചു. പ്ലസ് ടു കോമേഴ്‌സ് വിഭാഗത്തിൽ ഫുൾ എ പ്ലസും യു.എ.ഇയിൽ ഉയർന്ന മാർക്കും കരസ്ഥമാക്കിയ ഷെഹ്‌ന ഷെഹൻഷായെ ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദ്ദീൻ മൊമന്റോ നല്കി ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.സദാശിവൻ പിള്ള, ബ്ലോക്ക് വനിതാ കൺവീനർ രാധമ്മ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം.നടേശൻ ആശാരി, ചിറയിൻകീഴ് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.