വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കും

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കും

കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കും. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ അനധികൃതമായി വെടിയുണ്ടകള്‍ ലഭിച്ചിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അയല്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.

വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മ്മിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും പുണെയിലുമായാണ് വെടിയുണ്ടകള്‍ നിര്‍മ്മിച്ചത്. ഒരു കമ്പനിയുടെ വെടിയുണ്ട അഞ്ചുവര്‍ഷം പഴക്കമുള്ളതും മറ്റ് മൂന്ന് കമ്പനികളുടേത് പത്ത് മുതല്‍ പതിനഞ്ച് വര്‍ഷംവരെ പഴക്കമുള്ളതുമാണ്.

ബാച്ച് നമ്പര്‍ ലഭിക്കാത്തതുകൊണ്ട് ബാലിസ്റ്റിക് പരിശോധനയില്‍ ലഭിച്ച ചില അക്ഷരങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് വിദേശത്തെ കമ്പനിയിലേക്ക് എത്തിയത്. വിദേശ കമ്പനികളോട് വിതരണത്തെ കുറിച്ച് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷണ സംഘം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് നെല്ലിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് .22 റൈഫിളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്‌സില്‍നിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴ; അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

16/05/2022: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
17/05/2022: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
18/05/2022: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഭക്ഷണസാധനങ്ങള്‍ ഹോട്ടൽ ശൗചാലയത്തിൽ; ഫോട്ടോയെടുത്ത ഡോക്ടറെ മർദിച്ചു

പിലാത്തറ: ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നതുകണ്ട് ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് നേരേ അക്രമം. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.

പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലെത്തിയ ബന്തടുക്ക പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി.ദാസന്‍ (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഡോ. സുബ്ബരായയും ആസ്പത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ശൗചാലയത്തില്‍ പോയപ്പോഴാണ് ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായി ഇവര്‍ കണ്ടത്. ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു.ഇതുകണ്ട് പ്രതികള്‍ ഡോക്ടറെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പോകാന്‍ വിടില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു, എസ്.ഐ. രൂപ മധുസുദനന്‍ എന്നിവരടങ്ങിയ പോലീസ് സംഘം മൂവരെയും അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ഹോട്ടലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ പ്രതികരിച്ചു.

മുദാക്കൽ സി.പി.ഐ ലോക്കൽ സമ്മേളനം മെയ് 21,22 തീയതികളിൽ

മുദാക്കൽ സി.പി.ഐ ലോക്കൽ സമ്മേളനം മെയ് 21,22 തീയതികളിൽ

ആറ്റിങ്ങൽ: മുദാക്കൽ സി.പി.ഐ ലോക്കൽ സമ്മേളനം മെയ് 21,22 തീയതികളിൽ ചെമ്പൂര് വാസുദേവൻ പിള്ള നഗറിൽ (മുദാക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) നടക്കും. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കുടുംബ സംഗമം എം.എൽ.എ വി.ശശിയും പ്രതിനിധി സമ്മേളനം അഡ്വ: ജെ.വേണുഗോപാലൻ നായരും ഉത്ഘാടനം ചെയ്യും. മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ, സോളമൻ വെട്ടുകാട്, എൻ. കെ.കിഷോർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള നിര്യാതനായി

പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള നിര്യാതനായി

തകഴി: പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളം കഥകളി ചുട്ടി രംഗത്ത് സേവനം അനുഷ്ഠിച്ച കലാകാരനായിരുന്നു ചുട്ടി പരമേശ്വരന്‍ എന്നറിയപ്പെട്ടിരുന്ന പരമേശ്വരന്‍ പിള്ള. പ്രഗത്ഭരായ നിരവധി അഭിനേതാക്കാൾക്ക് വേഷം പകർന്ന കലാകാരനാണ് അദ്ദേഹം. നടനത്തിന്‍റെ സർവ്വഭാവങ്ങളും മനസ്സിൽ നിറച്ച് മുഖരൂപത്തിൽ മാറ്റം വരുത്തുന്ന ശില്പി. ദമയന്തി, നളന്‍, കർണ്ണന്‍, കൃഷ്ണന്‍ എന്നിങ്ങനെ അദ്ദേഹം മുഖത്തെഴുതിയ മിക്ക കഥാപാത്രങ്ങളും ആസ്വാദക വൃന്ദത്തിന്‍റെ മനം കവർന്നിട്ടുണ്ട്.

പ്രശസ്തരായ കലാമണ്ഡലം കൃഷ്ണൻ നായർക്കും ഗോപിയാശനും പരമേശ്വരൻ പിള്ളയുടെ ചുട്ടി കുത്തിനോടാണ് പ്രിയം. പരമേശ്വരന്‍ പിള്ളയുടെ മരണത്തോടെ തകഴി ഗ്രാമത്തിലെ കഥകളി പാരമ്പര്യത്തിന്‍റെ അവസാന കണ്ണിയാണ് അറ്റുപോയത്. കുമുദമ്മയാണ് ഭാര്യ. രമേശ് കുമാര്‍ പി, അശോക് കുമാര്‍ പി, അനില്‍ കുമാര്‍ പി, അനീഷ് കുമാര്‍ പി എന്നിവരാണ് മക്കള്‍. ശവസംസ്കാരചടങ്ങുകൾ തകഴി പടഹാരത്തുള്ള വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മോൻസൺ കേസ്: മോഹൻലാലിനെ ഇ.ഡി. ചോദ്യം ചെയ്യും

മോൻസൺ കേസ്: മോഹൻലാലിനെ ഇ.ഡി. ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ.ഡി. (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകണം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.

പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.

മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.