ലഖിംപുർ സംഘർഷം: പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യുപിയില്‍ ലഖിംപുര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവർ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയും സംഘര്‍ഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യു.പി പോലിസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, ലഖിംപുര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം എട്ടായി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സ്ഥലത്തുവെച്ച് രണ്ടുപേരും പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കര്‍ഷകര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം, നാലു കര്‍ഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാല്‍ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവര്‍ വന്നിറങ്ങുന്ന ഹെലിപാഡിന് സമീപം കര്‍ഷകര്‍ ഒത്തുചേര്‍ന്നത്. രാവിലെ ഒമ്പതുമുതല്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു. എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ വരാതെ ലഖ്‌നൗവില്‍നിന്നു റോഡുമാര്‍ഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കര്‍ഷകര്‍ മടങ്ങിപ്പോവാന്‍ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ലവ്പ്രീത് സിങ് (20), നച്ചത്തര്‍ സിങ് (60), ദല്‍ജീത് സിങ് (35), ഗുര്‍വീന്ദര്‍ സിങ് (19) എന്നീ കര്‍ഷകരാണ് മരിച്ചത്. ഇതില്‍ ഗുര്‍വീന്ദര്‍ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ആശിഷ് മിശ്ര ഗുണ്ടകള്‍ക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു.

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചന്ദിരം കടകം ശാഖ ഉത്ഘാടനം ചെയ്തു

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചന്ദിരം കടകം ശാഖയുടെ ഉത്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി സന്തോഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് തങ്കപ്പൻ ആചാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം ലിജു ആലുവിള മുഖ്യ പ്രഭാഷണം നടത്തി.

താലൂക്ക് സെക്രട്ടറി വി അനിൽകുമാർ അംഗത്വ കാർഡുകൾ വിതരണം ചെയ്തു. താലൂക്ക് ഖജാൻജി ഉന്നത വിജയികളെ അനുമോദിച്ചു സംസാരിച്ചു. ശാഖാ സെക്രട്ടറി വി സന്തോഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണൻ, എം ജി കൃഷ്ണൻ സനൽ,റീന ബി എന്നിവർ ആശംസകളർപ്പിച്ചു ശാഖാ ട്രഷറർ രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ വികസനത്തിന് റീ ലൈഫ് സ്വയം തൊഴില്‍ വായ്പ

താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര /ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാപദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.

ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പടനിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട് ബുക്ക് ബൈന്‍ഡിംഗ്, കര കൗശല നിര്‍മ്മാണം, ടെയ്ലറിംഗ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര / ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം.

നിലവില്‍ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ആയത് വികസിപ്പിക്കുന്നതിലേക്കും വായ്പാതുക ഉപയോഗിക്കാം. 1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബവാര്‍ഷിക വരുമാനമുള്ള ഒബി.സി വിഭാഗത്തില്‍പ്പെട്ട 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക ്എന്‍ഡ് സബ്സിഡിയായി വായ്പാതുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) അനുവദിക്കും. ഈ സാമ്പത്തികവര്‍ഷം പദ്ധതി പ്രകാരം സബ്സിഡി അനുവദിക്കുന്നതിന് ഒരു കോടിരൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.

കോര്‍പ്പറേഷന്റെ വെബ്സൈറ്റായ www.ksbcdc.com ല്‍ നിന്നും വായ്പാ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തശേഷം പൂരിപ്പിച്ച് ജില്ല / ഉപജില്ലാഓഫീസുകളില്‍ സമര്‍പ്പിക്കം. അപേക്ഷാ ഫോറം ഓഫീസുകളില്‍ നിന്ന് നേരിട്ടും വാങ്ങാം. പദ്ധതി വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ജാമ്യ വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശങ്ങക്ക് കോര്‍പ്പറേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.

തേനീച്ചയുടെ ആക്രമണത്തിൽ 65കാരിക്ക് പരിക്ക്

ആറ്റിങ്ങൽ: തേനീച്ചയുടെ ആക്രമണത്തിൽ 65കാരിക്ക് പരിക്കേറ്റു. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ചരുവിള വീട്ടിൽ ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ്

കേരളത്തിൻ്റെ സ്വന്തം കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ മാതൃകയിൽ ടൂറിസം കേന്ദ്രങ്ങളിൽ “ഫുഡി വീൽസ്” എന്ന പേരിൽ റെസ്റ്റോറന്റുകൾ ഒരുങ്ങുകയാണ്.

വൈക്കം കായലോരത്ത് ഒരുക്കിയ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ് ഉടൻ ഉദ്ഘാടനം ചെയ്യും. ഇതേ മാതൃകയിൽ കേരളത്തിലെ 10 ടൂറിസം കേന്ദ്രങ്ങളിൽ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ് ഒരുക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള കെടിഡിസിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി എൻജിനീയറിങ്‌ വിഭാഗമാണ് വൈക്കത്ത് ഭക്ഷണശാല നിർമ്മിച്ചത്. വൈക്കം കെഎസ്ആർടിസി ഡിപ്പോയിലെ ഉപയോഗശൂന്യമായ ബസ് രൂപമാറ്റം വരുത്തി ഡബിൾ ഡെക്കർ ആക്കുകയായിരുന്നു. 40 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.