കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ തീരുമാനമായി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെഎന് ബാല​ഗോപാൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ധനകാര്യ സെക്രട്ടറി തുടങ്ങിയവര്‍ യോ​ഗത്തിൽ പങ്കെടുത്തു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചു ചേർത്തത്. നിലവിലുള്ള കെഎസ്ആർടിസിയുടെ അധിക ചിലവ് കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സർക്കാർ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജു പ്രഭാകർ ഐഎഎസിനെ ചുമതലപ്പെടുത്തി.

കെഎസ്ആർടിസിക്ക് പുതുതായി 700 സിഎൻജി ബസുകൾ കിഫ്ബി മുഖാന്തരം വാങ്ങിക്കാനുള്ള സാധ്യതകൾ പരി​ഗണിക്കാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. താൽപ്പര്യമുള്ള ജീവനക്കാർക്ക് മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ 50 ശതമാനം ശമ്പളം കൊടുത്ത് കൊണ്ട് പെൻഷൻ മുതലായ മറ്റ് ആനുകൂല്യങ്ങളിൽ വീഴ്ചയില്ലാതെ രണ്ട് വർഷം വരെ അവധി നൽകുവാനുമുള്ള മാനേജ്മെന്റ് നിർദേശം യൂണിയനുകളുമായി ചർച്ച ചെയ്യാനും തീരുമാനമാനിച്ചു . കണ്ടക്ടർ, മെക്കാനിക്ക് വിഭാ​ഗങ്ങളിൽ‍ അധികമായി വരുന്ന ജീവനക്കാരെയാണ് ഇത്തരത്തിൽ രണ്ട് വർഷത്തെ അവധിയെടുക്കാൻ അനുമതി നൽകുന്നത്. രണ്ട് വർഷക്കാലത്തേക്കെങ്കിലും ഈ പ്രതിസന്ധി തുടരും. കെഎസ്ആർടിസിക്ക് പൂർണമായും വരുമാനത്തിലേക്ക് എത്താൻ സാധിക്കില്ല എന്നത് പരി​ഗണിച്ചാണ് ഈ തീരുമാനം.

ഡ്യൂട്ടി പാറ്റേൺ പരിഷ്കരണവും, സുശീൽ ഖന്ന റിപ്പോർട്ടിലെ സ്വീകാര്യമായിട്ടുള്ള പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകും. ബജറ്റിൽ പറഞ്ഞ പ്രകാരം 2021 ഫെബ്രുവരിയിൽ ബജറ്റിൽ അവതരിപ്പിച്ചതനുസരിച്ച് എൻബിഎസ് പെൻഷൻ സ്കീമിലേക്ക് കുടിശ്ശികയായി അടയ്ക്കാനുള്ള 225 കോടി രൂപ അനുവദിക്കും. തവണകളായിട്ടാണ് അനുവദിക്കുക. അധികമുള്ള ജീവനക്കാരെ ഫ്യൂവൽ ഔട്ട്ലെറ്റിലേക്ക് നിയോ​ഗിക്കുവാൻ തീരുമാനിച്ചു. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലേക്കും പമ്പ്, മറ്റുള്ളവ തുടങ്ങാൻ തീരുമാനിച്ചു. വർക്ക്ഷോപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ പുനസംഘടിപ്പിച്ച് 20 ആക്കി കുറക്കും. കെഎസ്ആർടിസിക്ക് സ്വന്തമായി ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിംങ് ആരംഭിക്കാനും തീരുമാനിച്ചു.

അര്‍ബുദരോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത അർബുദരോഗ ചികിത്സ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ(81) അന്തരിച്ചു. ഇന്ന് രാവിലെ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു ഡോ എം കൃഷ്ണൻ നായർ. 1981-ൽ ആർസിസിയിൽ ഡോ. കൃഷ്‌ണൻ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സ തുടങ്ങി. കാൻസർ കെയർ ഫോർ ലൈഫ് എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ 1985-ൽ ഒരു കമ്യൂണിറ്റി ആൻഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് ആർസിസിയിൽ ആരംഭിച്ചു. 1993 ലെ ഭീഷ്‌മാചാര്യ അവാർഡ്, ധന്വന്തരി ട്രസ്‌റ്റിന്റെ ചികിൽസാരത്നം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില (Fuel price) ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ (Petrol price) 110.59, ഡീസല്‍ (Diesel) 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40.

ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8280 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 619 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 76,554 കോവിഡ് കേസുകളില്‍, 9.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 476, കൊല്ലം 1230, പത്തനംതിട്ട 423, ആലപ്പുഴ 371, കോട്ടയം 251, ഇടുക്കി 125, എറണാകുളം 884, തൃശൂര്‍ 987, പാലക്കാട് 450, മലപ്പുറം 277, കോഴിക്കോട് 532, വയനാട് 210, കണ്ണൂര്‍ 368, കാസര്‍ഗോഡ് 139 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,31,468 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,43,282), 49.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,32,31,284) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,77,735)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9445 പുതിയ രോഗികളില്‍ 7976 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2193 പേര്‍ ഒരു ഡോസ് വാക്‌സിനും 3333 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2450 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 20 മുതല്‍ 26 വരെയുള്ള കാലയളവില്‍, ശരാശരി 78,891 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1497 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 10%, 21%, 13%, 16%, 8% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം

ആറ്റിങ്ങല്‍: ഗവ.പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ലാറ്ററല്‍ എന്‍ട്രിവഴിയുള്ള പ്രവേശനത്തിന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ജനറല്‍വിഭാഗത്തില്‍ ഒരൊഴിവും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള ഒരൊഴിവുമുണ്ട്. ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് പ്ലസ്ടൂവിഭാഗത്തില്‍ അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 29 ന് രാവിലെ 11 ന് കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം.