രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില.

പെട്രോൾ വില തിരുവനന്തപുരത്ത് ഒരു ലിറ്ററിന് 107 രൂപ കടന്നു. കൊച്ചിയിൽ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 98.93 രൂപയായി. പെട്രോളിന് 105.26 രൂപയാണ് വില

കോവിഡ് ബാധിച്ച് മരണമടയുന്നവര്‍ക്ക് ധനസഹായം നൽകാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍
മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ‍ർക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന് കര്‍ശന മാനദണ്ഡം

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും സുതാര്യമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലം മാറ്റം സുതാര്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

മുന്‍ വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭരണാനുമതി നല്‍കും

കൊച്ചി – ബംഗളൂരു വ്യാവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കണ്ടെത്തിയ 375 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

തടി നീക്കം ചെയ്യാന്‍ സമയം അനുവദിക്കും

കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തടി നീക്കം ചെയ്യാന്‍ ഉത്തരവ് ഇറങ്ങുന്ന തീയതി മുതല്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കും.

പാട്ടത്തിന് നല്‍കും

കാസര്‍കോട് മുന്നാഡ് വില്ലേജില്‍ 0.10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്‍റെ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആര്‍. ഒന്നിന് 100 രൂപ സൗജന്യ നിരക്കില്‍ പുതിക്കി നിശ്ചയിച്ച് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു.

ആറ്റിങ്ങൽ നഗരത്തിൽ 108 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 108 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 99 പേർ ഹോം ഐസൊലേഷേനിലും, 4 പേർ ആശുപത്രിയിലും, 5 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്നലെ നഗരത്തിൽ 21 പേർ രോഗമുക്തരായി. കൂടാതെ ഇന്നലെ പട്ടണത്തിൽ പുതിയതായി 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 66 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്നലെ വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 216 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 96 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 120 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം

വാർഡ് 1 ൽ 3 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 4 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ്‌ 7 ൽ 8 പേർ
വാർഡ് 8 ൽ 8 പേർ
വാർഡ് 9 ൽ 6 പേർ
വാർഡ് 10 ൽ 4 പേർ
വാർഡ് 11 ൽ 5 പേർ
വാർഡ് 12 ൽ 1 ആൾ
വാർഡ് 13 ൽ 0 പേർ
വാർഡ് 14 ൽ 9 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 0 പേർ
വാർഡ് 17 ൽ 2 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 6 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 3 പേർ
വാർഡ് 22 ൽ 10 പേർ
വാർഡ് 23 ൽ 5 പേർ
വാർഡ് 24 ൽ 1 ആൾ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 7 പേർ
വാർഡ് 28 ൽ 4 പേർ
വാർഡ് 29 ൽ 5 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 0 പേർ

ജൈവ മത്സ്യങ്ങളുടെ ലഭ്യത ഇനി കടയ്ക്കാവൂരിലും

കടയ്ക്കാവൂർ : വിഷ രഹിതവും 100 % പരിശുദ്ധിയും ഉറപ്പ് വരുത്തി ആധുനിക സാങ്കേതിവിദ്യയായ ബയോ ഫ്ലോക്ക് സിസ്റ്റത്തിൽ വളർത്തിയെടുത്ത ശുദ്ധജല മത്സ്യങ്ങളുടെ വിളവെടുപ്പും വിപണനത്തിൻ്റെ ഔപചാരിക സമാരംഭവും ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് നിർവ്വഹിച്ചു. പഴക്കമേറിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യം മാത്രം പൊതു മാർക്കറ്റിൽ നിന്നും ലഭിമ്പോൾ കടയ്ക്കാവൂർ ഫിഷ് ഫാം വിപണിയിലെത്തിക്കുന്ന ഇത്തരം സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കേണ്ടതാണ്. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ആരോഗ്യമുള്ള ആഹാരം നിർബന്ധമായും ലഭിച്ചിരിക്കണം. അത്തരം ഒരു പരിപാടിയാണ് കടയ്ക്കാവൂർ ഫിഷ് ഫാം നടപ്പിലാക്കിയിരിക്കുന്നത്. ന്യായമായ വിലയിൽ എല്ലാവർക്കും മത്സ്യസമ്പത്ത് ലഭ്യമാകുമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. കടയ്ക്കാവൂരിൽ നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബീനാ രാജീവ് അദ്ധ്യക്ഷയായി. DCC സെക്രട്ടറി എം.ജെ.ആനന്ദ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഡ്വ. റസൂൽ ഷാൻ, പെരുംകുളം അൻസർ. ഫിഷറീസ് ഓഫീസർ ഗീത, ഫാമിൻ്റെ സാരഥികളായ പ്രേംജി പ്രസാദ് മനോജ്.എസ് , ബിനു, R. മനു തുടങ്ങിയവർ സംബന്ധിച്ചു.

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 97,630 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1058, കൊല്ലം 580, പത്തനംതിട്ട 520, ആലപ്പുഴ 514, കോട്ടയം 781, ഇടുക്കി 648, എറണാകുളം 978, തൃശൂര്‍ 1374, പാലക്കാട് 958, മലപ്പുറം 948, കോഴിക്കോട് 601, വയനാട് 461, കണ്ണൂര്‍ 370, കാസര്‍ഗോഡ് 181 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,95,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,25,243), 44.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,28,898) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,35,146)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 11,079 പുതിയ രോഗികളില്‍ 9327 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3063 പേര്‍ ഒരു ഡോസ് വാക്‌സിനും 3462 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2802 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 6 മുതല്‍ 12 വരെയുള്ള കാലയളവില്‍, ശരാശരി 1,13,905 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 15,180 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 17%, 14%, 34%, 10%, 13%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.