വീട്ടിൽ അതിക്രമിച്ചു കയറി ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

ചിറയിൻകീഴ്: വീട്ടിൽ അതിക്രമിച്ചു കയറി ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ തൊണ്ടലിൽ ദേവി ക്ഷേത്രത്തിനു സമീപം, വയലിൽ പുത്തൻ വീട്ടിൽ വിജയകുമാറിന്റെ മകൻ വിജേഷ് (25) ആണ് പിടിയിലായത്.

ചിറയിൻകീഴ് ആൽത്തറമൂട് കൃഷ്ണൻകോവിലിനു സമീപം കാളിയൻ വിളാകം വീട്ടിൽ വൈശാഖിന്റെ വീടാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം അടിച്ചു തകർത്തത്. വീടിന്റെ ജനാലകളും, മീറ്റർ ബോക്സും, മുറ്റത്തിരുന്ന ആക്ടിവ സ്കൂട്ടറും, സൈക്കിളുമാണ് പ്രതികൾ തകർത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിക്കാരൻ ആരോപിക്കുന്നു.

സംഭവത്തിന്‌ ശേഷം കൊല്ലത്തുള്ള ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചിറയിൻകീഴ് എസ്എച്ച്ഒ ജി.ബി.മുകേഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ് ഐ വിനീഷ് വി എസ്, ASI ദിലീപ്, ASI ഷജീർ, SCPO, അഷിം, SCPO സന്തോഷ്‌ ലാൽ,cpo മാരായ സുനിൽ രാജ്, സുധീർ,അനസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷം ആറ്റിങ്ങൽ JFMC 3 കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

കേരളാ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾ ഉപരോധിച്ചു

കർഷക സംയുക്ത മോർച്ച നടത്തി വരുന്ന കർഷക സമരത്തിൽ ഉത്തർപ്രദേശിൽ ലഖിംപൂരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ വാഹനമിടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരളാ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾ ഉപരോധിച്ചു. ആറ്റിങ്ങൽ എൽ ഐ സി ഓഫീസിന് മുന്നിൽ നടന്ന ഉപരോധസമരത്തിന് സിഐടിയുവിൻ്റെ ഐക്യദാർഡ്യം സിഐടിയു ജില്ല വൈസ് പ്രസിഡൻ്റും മുൻ എംഎൽഎയുമായ അഡ്വ.ബി.സത്യൻ സംസാരിച്ചു.

രാജ്യത്ത് 15,823 പേർക്ക് കൂടി കോവിഡ്; 226 മരണം

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 15,823 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,01,743 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.കഴിഞ്ഞ ദിവസം 22,844 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,33,20,057 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,07,653 ആയി കുറഞ്ഞു.

അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 226 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4,51,189 ആയി ഉയര്‍ന്നു. ആകെ 58,63,63,44 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 13,25,399 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96.43 കോടി കടന്നു.

നിയമസഭാ കൈയാങ്കളി: മന്ത്രി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.

കേസില്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു നവംബര്‍ 22ന് പ്രതികളെല്ലാം കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേള്‍പ്പിക്കും.

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നല്‍കിയ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.

മുന്‍മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വിടുതല്‍ ഹര്‍ജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.

ഉത്ര വധക്കേസ്: പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മാര്‍ച്ച് മൂന്നിന് സൂരജിന്റെ വീട്ടില്‍വെച്ചും പാമ്പുകടിയേറ്റിരുന്നു.

ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ലോക്കല്‍ പോലീസ് കാര്യമായി അന്വേഷിച്ചില്ല. മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിനെ കണ്ടതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലംപ്രയോഗിച്ച് കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഡമ്മി പരീക്ഷണം നടത്തി. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം എന്നിവയും കേസില്‍ നിര്‍ണായകമായി.കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14-ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കേസില്‍ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയ പാമ്പുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ കൈയില്‍നിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.

2020 മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.