‘ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം’; പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

‘ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം’; പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകളെല്ലാം മാറി. ഒരുമിച്ച് ജീവിക്കാനാണ് തങ്ങള്‍ക്ക് താല്‍പ്പര്യം. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കണണെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇതിനോടകം നിരവധി ട്വിസ്റ്റുകളാണ് ഉണ്ടായത്. ഭര്‍തൃവീട്ടില്‍ വെച്ച് മര്‍ദ്ദനമേറ്റതായി യുവതിയും കുടുംബവും പരാതി നല്‍കുന്നതോടെയാണ് കേസിന് തുടക്കം. മര്‍ദ്ദനമേറ്റതിന്റെ പാടുകളും യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും കാണിച്ചിരുന്നു.

എന്നാല്‍ പിന്നീട് യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, യൂട്യൂബ് വീഡിയോയിലൂടെ രാഹുല്‍ നിരപരാധിയാണെന്ന് പറഞ്ഞ് യുവതി പ്രത്യക്ഷപ്പെട്ടു. രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനമായിരുന്നില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മൊബൈല്‍ ട്രാക്ക് ചെയ്ത് ഡല്‍ഹിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസില്‍ നിയമോപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. പരാതി നുണയാണെന്ന് പരാതിക്കാരി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ കുറ്റപത്രം നല്‍കും മുമ്പ് യുവതി കോടതിയില്‍ നല്‍കിയ ഈ മൊഴി കൂടി പരിശോധിക്കും. ഇതിനായി പൊലീസ് ഉടന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന.

മൂന്നാര്‍ കയ്യേറ്റം: സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോ?; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ

മൂന്നാര്‍ കയ്യേറ്റം: സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോ?; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സന്നദ്ധ സംഘടന അടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വ്യാജപട്ടയം നൽകിയ സംഭവം അന്വേഷിക്കാൻ സിബിഐ വേണ്ടങ്കിൽ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. അഡ്വക്കറ്റ് ജനറലിനോട് വിഷയത്തിൽ ഇന്ന് നിലപാടറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജപട്ടയം നൽകിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മധേക്കര്‍ റിപ്പോർട്ട് കോടതിക്ക് സർക്കാർ കൈമാറിയിട്ടുണ്ട്.

മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയ്ക്ക് വ്യാജ പട്ടയം നൽകിയ സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസിൽ സിബിഐയെ നേരത്തെ കോടതി കക്ഷി ചേർത്തിരുന്നു.

108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ്.

ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.

ട്രോളിങ് നിരോധനം ലംഘിച്ച വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

ട്രോളിങ് നിരോധനം ലംഘിച്ച വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

ട്രോളിങ് നിരോധനം ലംഘിച്ചു ചെറുമത്സ്യങ്ങളെ പിടികൂടിയ വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ 5.15 മണിയോടെ മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. വള്ളങ്ങൾ പരിശോധിച്ചതിൽ 10 സെൻ്റീമീറ്ററിന് താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യങ്ങൾ, 25 Hp 4 എഞ്ചിനുകൾ, 4 തെർമ്മോക്കോൾ(പൊന്ത്), 12 V ൻ്റെ 9 ലൈറ്റുകൾ, 5 ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു.

ഔസേഫ്, മഹേഷ്, മനോജ്, രാജേഷ്, പ്രിൻസ് എന്നിവർ വള്ളത്തിലെ തൊഴിലാളികളാണ്. ചിറയിൻകീഴ് അസിസ്റ്റന്റ് ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണു, Head Guard, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ, ജോബിൻ പോൾ, റോബിൻസൺ, ഷിബു, ജസ്റ്റിൻ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. വർക്കല ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മേൽ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

തേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയി; കണ്ണൂരില്‍ 75കാരന്‍ ബോംബ് പൊട്ടി മരിച്ചു

കണ്ണൂര്‍: എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു.