വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണര്‍ ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളും, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എസ് എഫ് ഐ ഏരിയ സമ്മേളനം ജൂൺ 22 മുതൽ ആറ്റിങ്ങലിൽ

എസ് എഫ് ഐ ഏരിയ സമ്മേളനം ജൂൺ 22 മുതൽ ആറ്റിങ്ങലിൽ

എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം ജൂൺ 22 മുതൽ 28 വരെ ആറ്റിങ്ങലിൽ നടക്കും. ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി വിവിധ ക്യാമ്പസുകളിൽ നടക്കുന്നത്.

ജൂൺ 22- പതാക ദിനവും,ലോഗോ പ്രകാശനവും
ജൂൺ 23- പഴയകാല SFI പ്രവർത്തകരുടെ സംഗമം
ജൂൺ 24 -വിദ്യാഭ്യാസ സെമിനാർ
ജൂൺ 25 -അനാഥാലയങ്ങളിൽ ഭക്ഷണ വിതരണം
ജൂൺ 26 -ക്രിക്കറ്റ്‌ ടൂർണമെന്റ്
ജൂൺ 27 – ക്വിസ് കോമ്പറ്റിഷൻ
ജൂൺ 28- പ്രതിനിധി സമ്മേളനം
എന്നിവയാണ് സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികൾ.

സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചക്ക് 2മണിക്ക് എസ് ഡി ബാലൻ സ്മാരക ഹാളിൽ ചേരും (സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്) ചേരും.

സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. ലെനിൻസംഘാടക സമതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗം ഏറെ വെല്ലുവിളി നേരിടുന്ന സമയത്തു നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനായി ചേരുന്ന സംഘാടക സമതി യോഗത്തിൽ എല്ലാ വർഗ ബഹുജന സംഘടനാ പ്രവർത്തകരും വിദ്യാർത്ഥികളും, ജനാധിപത്യ വിശ്വാസികളും
പങ്കെടുക്കണമെന്ന് എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയ് വിമലും, പ്രസിഡന്റ്‌ എസ്.അർജുനും അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണവില ഇപ്പോള്‍ 53,000ല്‍ താഴെയാണ്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കാക്കനാട് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കാക്കനാട് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കൊച്ചി: കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍. അഞ്ച് വയസ്സിന് താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. 15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു.

ഫ്ലാറ്റിന്റെ താഴ്‌ഭാ​ഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോ​ഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ ഇടിച്ചു; മകൾക്ക് ദാരുണാന്ത്യം

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ ഇടിച്ചു; മകൾക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം ഇന്നലെ വൈകീട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം.