by liji HP News | Jun 12, 2024 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്ത് മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരില്‍ 10 പേര്‍ ഇന്ത്യാക്കാരാണെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കൂവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് ഫ്‌ലാറ്റ്. തീപിടിത്തത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. അകത്തു കുടുങ്ങിപ്പോയ കുറേപ്പേര്‍ പുക ശ്വസിച്ചും മരിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണത്തിന് കുവൈത്ത് ആഭ്യന്തരമന്ത്രി ഷേഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. അപകടസ്ഥലം കുവൈത്ത് ആഭ്യന്തരമന്ത്രി നേരിട്ട് സന്ദര്‍ശിച്ചിരുന്നു.
by liji HP News | Jun 12, 2024 | Latest News, കേരളം
തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനിൽ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹൽ ഹോട്ടലിലാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിക്കുകയായിരുന്നു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാൽ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച് വിദ്യാർത്ഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കുകളില്ല.
by liji HP News | Jun 12, 2024 | Latest News, കേരളം
കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതോടെ ഒന്നര വർഷത്തിനകം പുലിമുട്ടിൻ്റെ നീളം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കി മുതലപ്പൊഴി തുറമുഖം അപകടര ഹിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു.
മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിന് മൂന്ന് യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മൂന്നു ഷിഫ്റ്റിലായി പരിശീലനം നേടിയ 30 സീ റെസ്ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവർ ഹാർബറിൽ സദാജാഗരൂകരാണ്.
കടൽ പ്രക്ഷുബ്ധമാകുന്ന കാലയളവിൽ തുറമുഖം അടച്ചിടാനായി ചർച്ച നടത്തിയെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകളും പ്രദേശത്തെ സമുദായ സംഘടനകളും എതി ർപ്പ് പ്രകടിപ്പിച്ചു. തുടർന്ന്, സംഘടനകൾ നിർദേശിച്ച പ്രകാരം കടലറിവുള്ളതും മത്സ്യബന്ധനത്തിൽ നേരിട്ട് ഏർപ്പെടുന്നതുമായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതി കാലാവസ്ഥ വിലയിരുത്തി കടൽ പ്രക്ഷുബ്ധമാകുന്ന വേള യിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിക്കാൻ ധാരണയായതായും വി ശശി എംഎൽ എയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫു്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അന്ത്യം.സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്.മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയതാണ് അദ്ദേഹത്തിന്റെ കളിജീവിതം.
അന്ന് നേടാന്‍ കഴിയാതെ പോയ കിരീടങ്ങള്‍ പോലും നേടിയ പരിശീലക ജീവിതമാണ് അദ്ദേഹത്തിന്റേത്. പ്രതിരോധ നിരയിലെ ധീരനായ പോരാളിയെങ്കിലും മുന്നോട്ടുകയറി കളിക്കാന്‍ മടി കാണിക്കാത്ത ആവേശക്കാരനായിരുന്നു ചാത്തുണ്ണി. ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരീശീലക സ്ഥാനത്ത് എത്താന്‍ എല്ലാ യോഗ്യതയുമുണ്ടായിരുന്നെങ്കിലും ആ ഭാഗ്യം ചാത്തുണ്ണിയെ കടാക്ഷിച്ചില്ല.
by liji HP News | Jun 12, 2024 | Latest News, കേരളം
കണ്ണൂര്‍: സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ഇക്കാര്യത്തില്‍ പുതുമയില്ല. ഇതിനുമുന്‍പും സുരേഷ് ഗോപി വീട്ടിലെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരേഷ് പല പ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ എത്തിയാല്‍ വിളിക്കും. രാവിലെയാണ് ഭക്ഷണം ആവശ്യമെങ്കില്‍ രാവിലെ ഇങ്ങോട്ട് വരും. ഉച്ചയ്ക്കാണെങ്കില്‍ ഉച്ചഭക്ഷണം വേണമെന്ന് പറയും. ആദ്യമായി സഖാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഞാന്‍ സുരേഷ് ഗോപിയെ കാണുന്നത്. അതിനിടെ നഴ്‌സ് പറഞ്ഞു സുരേഷ് ഗോപി ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാവപ്പെട്ട ആളുകളെ സഹായിക്കും. ഓപ്പറേഷന്‍ ചെയ്യാനുള്ള പണം നല്‍കുമെന്നോക്കെ പറഞ്ഞപ്പോള്‍ അങ്ങനെയുമുള്ള മനസ്സ് ഉള്ളവരുണ്ടല്ലോ എന്നാണ് തോന്നിയത്’-ടീച്ചര്‍ പറഞ്ഞു.
‘വീട്ടില്‍ വരുന്നതിലൊന്നും രാഷ്ട്രീയം കാണാനില്ല. സുരേഷിനെ രാഷ്ട്രീയക്കാരനായിട്ടല്ല, നല്ലൊരു വ്യക്തിയായിട്ടാണ് കാണുന്നത്. നായനാരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സുരേഷ് ഗോപി എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ വരുന്നവരോട് താന്‍ രാഷ്ട്രീയം ചോദിക്കാറില്ല. ഈയിടയായി വിട്ടീല്‍ വരാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ താന്‍ കാണാന്‍ വന്നാല്‍ അത് അമ്മയ്ക്ക് വിഷമമാകുമെന്ന് സുരേഷ് പറഞ്ഞു’- ടീച്ചര്‍ പറഞ്ഞു. സന്ദര്‍ശനം ഉച്ചയ്ക്കായതിനാല്‍ ഭക്ഷണം ഇവിടവച്ചാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ന് രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിക്കും. ശേഷം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.
Recent Comments