എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടര്‍മാരുടെ നടപടികള്‍ തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. രാജ്യത്തെ നിയമം അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു

യാത്രക്കാര്‍ വണ്ടിയില്‍ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികള്‍ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീല്‍ പരമ്പരകളുടെ ഭാഗമാണ് ഈ നിര്‍ദേശവും. ബുക്ക് ചെയ്ത് ബസില്‍ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാള്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് വരാന്‍ പാടില്ല. മദ്യപിക്കുന്നത് കുറ്റമാണെന്ന് താന്‍ പറയുന്നില്ല. ഒരുപക്ഷെ മദ്യത്തിന്റെ ഗന്ധം യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുകൊണ്ട് അത്തരത്തില്‍ ഒരു പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റും അതിന് താഴോട്ടുള്ള വണ്ടിയും അവര്‍ പറയുന്ന അടുത്ത് നിര്‍ത്തിക്കൊടുക്കണം. ഈ നിമിഷം മുതല്‍ സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തുകയുള്ളുവെന്ന നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. അതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നടപടിയെടുത്താല്‍ അവര്‍ക്ക് എതിരെ താന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

കല്ലമ്പലം തോട്ടയ്ക്കാട് ഭാഗത്ത് പുലിയോ? കടുവയോ?; നാട്ടുകാർ ആശങ്കയിൽ

കല്ലമ്പലം തോട്ടയ്ക്കാട് ഭാഗത്ത് പുലിയോ? കടുവയോ?; നാട്ടുകാർ ആശങ്കയിൽ

കല്ലമ്പലം: കല്ലമ്പലം നിവാസികൾ ഭീതിയിൽ. തോട്ടയ്ക്കാട് ഭാഗത്ത് കടുവയെ കണ്ടതായി പ്രചരിക്കുന്നു. കല്ലമ്പലം പോലീസിലും വിവരം ലഭിച്ചിട്ടുണ്ട്. സി സി ടി വി ക്യാമറയിലും തെളിഞ്ഞിട്ടുണ്ടെന്നു സമീപവാസികൾ പറയുന്നു. പാലോട് ഫോറസ്റ്റിൽ വിവരം അറിയിച്ചതാണ് ലഭ്യമാകുന്ന വിവരം.

ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം, 52 കാരന്‍ പിടിയില്‍

ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം, 52 കാരന്‍ പിടിയില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്.

തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാര്‍ഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി.

പുലര്‍ച്ചെ 4.15നാണ് ബസ് സിറ്റി കണ്‍ട്രോള്‍ റൂമിനു മുന്നിലെത്തിയത്. ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു കസബ പൊലീസ് എത്തി വിദ്യാര്‍ഥിനിയില്‍നിന്നു പരാതി എഴുതി വാങ്ങി. പ്രതി ബസില്‍നിന്നു നടത്തിയ പ്രവൃത്തി വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതേസമയം, ബസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേര്‍ന്നു തടഞ്ഞു വച്ച് പൊലീസിനു കൈമാറി. കസ്റ്റഡിയിലെടുത്ത ഷംസുദീനെ കസബ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ബസ് യാത്ര തുടരുകയുമായിരുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു വിട്ടയച്ചു. പരാതിയില്‍ തുടര്‍ നടപടിക്കു താല്‍പര്യമില്ലെന്നു വിദ്യാര്‍ഥി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്കു സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതെന്നു പൊലീസുകാര്‍ പറഞ്ഞു.

അമിത ലാഭം നല്‍കുമെന്ന് വാഗ്ദാനം; ഫെയ്‌സ്‌ബുക്ക് വഴി സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

അമിത ലാഭം നല്‍കുമെന്ന് വാഗ്ദാനം; ഫെയ്‌സ്‌ബുക്ക് വഴി സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്ന സംഘം തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും അമിത ലാഭം നല്‍കും. പിന്നാലെയാണ് വന്‍ തട്ടിപ്പുകള്‍ നടത്തുക. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.

കേരള പൊലീസിന്റെ കുറിപ്പ്

സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടര്‍ന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. അപ്പോള്‍ മാത്രമായിരിക്കും തട്ടിപ്പില്‍ പെട്ടതായി നിങ്ങള്‍ തിരിച്ചറിയുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കേരളത്തില്‍ മിന്നല്‍പ്പെയ്ത്ത്, മൂന്ന് മരണം, വന്‍നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

കേരളത്തില്‍ മിന്നല്‍പ്പെയ്ത്ത്, മൂന്ന് മരണം, വന്‍നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്റെ ചില്ലകള്‍ വീണു തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.