സാക്ഷരതാ മിഷൻ പച്ച മലയാളം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സാക്ഷരതാ മിഷൻ പച്ച മലയാളം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഔപചാരിക വിദ്യാഭാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം. ആറു മാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ കാലാവധി. അടിസ്ഥാന കോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറു മാസമാണ് അടിസ്ഥാന കോഴ്സിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

മൊബൈൽ നമ്പർ: 9446272192

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. ഗതാഗത മന്ത്രിയുടെ നിർദ്ദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. 15 ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്നു. മുട്ടത്തറ ഗ്രൗണ്ടിലാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം വിചാരണ ടെസ്റ്റ് നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അറുപതോളം ഉദ്യോഗസ്ഥർ പ്രതിദിനം നൂറിലധികം ടെസ്റ്റുകൾ നടത്തി എന്നാണു കണ്ടെത്തൽ. ഇതിൽ വിവിധ ജില്ലകളിൽ നിന്നുള്ള 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് മുട്ടത്തറയിൽ വിളിച്ചു വരുത്തി വിചാരണ ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. ഇത്രയും ടെസ്റ്റുകൾ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.

മേയർക്കെതിരെ ഡ്രൈവർ ഹൈക്കോടതിയിൽ

മേയർക്കെതിരെ ഡ്രൈവർ ഹൈക്കോടതിയിൽ

തിരുവനന്തപുരം മേയർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിക്കുന്നു. താൻ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചരിത്രത്തിലാദ്യമായി സ്കൂൾ ആരംഭിച്ച കാലം മുതൽ സേവനം അനുഷ്ഠിച്ച പൂർവ്വ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. മൺമറഞ്ഞ എല്ലാ ജീവനക്കാർക്കും ആദരാഞ്ജലികൾ അർപ്പിച്ച ശേഷം കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണു ഗോപാലൻ നായർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഇ നസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം പറഞ്ഞു.

എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ആശംസകൾ അർപ്പിച്ചു. സ്നേഹ സംഗമ സന്ദേശം സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്.എ അവതരിപ്പിച്ചു. സ്കൂൾ എച്ച്.എം. സുജിത്ത് എസ് നന്ദി പറഞ്ഞു. തുടർന്ന് പൂർവ്വ അധ്യാപകരും സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. എല്ലാവർക്കും പുസ്തകവും മധുരവും നൽകി ആദരിച്ചു. ഉച്ച ഭക്ഷണത്തിനുശേഷം പരിപാടി അവസാനിച്ചു. വരും വർഷങ്ങളിലും ഈ കൂട്ടായ്മ വിളിച്ചു കൂട്ടണമെന്നാണ് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചത്.

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ആവടിയിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു സെല്‍ഫോണ്‍ കണ്ടെടുത്തിരുന്നു. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത്. എരുമേലി സ്വദേശികളായ സിദ്ധ ഡോക്ടര്‍ ശിവന്‍ നായര്‍, ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് മരിച്ചത്. ആവടി മുത്താപ്പുതുപ്പെട്ടിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 100 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു.

സിദ്ധ ഡോക്ടറായ ശിവന്‍ വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. വിമുക്ത ഭടനാണ്. കേന്ദ്രീയ വിദ്യാലയത്തിലെ റിട്ടയേഡ് അധ്യാപികയാണ് പ്രസന്ന കുമാരി. ഇവരുടെ മക്കള്‍ വിദേശത്താണ്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയതെന്ന വ്യാജേന പ്രതികള്‍ എത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.