by liji HP News | Apr 22, 2024 | Latest News, കേരളം
കൊല്ലം: നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് നിലയുറപ്പിച്ചു. രാജീവനും അരുണും സഞ്ചരിച്ച ബൈക്ക് എത്തിയപ്പോൾ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
740 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായ അശ്വതിയേയും ഇവർക്ക് എം.ഡി.എം.എ വിതരണം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
by liji HP News | Apr 22, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്.
കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്വന്റി20 ആവശ്യപ്പട്ടു.
by liji HP News | Apr 22, 2024 | Latest News, കേരളം
കുമളി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം നാളെ ( ചൊവ്വാഴ്ച). ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും.
രാവിലെ ആറു മുതല്‍ 2.30 വരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജീപ്പുകള്‍ സര്‍വീസ് നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചശേഷമായിരിക്കും പാസ് നല്‍കുക. പാസുള്ള വാഹനങ്ങള്‍ മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ. വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ പാടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ കൊണ്ടുവരാവൂ. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകരുത്. ആവശ്യമെങ്കില്‍ അഞ്ചുലിറ്റര്‍ ക്യാനുകള്‍ ഉപയോഗിക്കാം. ഉത്സവദിവസം വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സജ്ജമാക്കും. മംഗളാദേവി ക്ഷേത്രപരിസരത്തും കരടിക്കവലയിലുമായി വനംവകുപ്പിന്റെ ആംബുലന്‍സും ലഭിക്കും.കുമളി മുതല്‍ മംഗളാദേവി വരെ വിവിധ പോയിന്റുകളില്‍ കേരള, തമിഴ്നാട് പൊലീസിന്റെ പരിശോധന ഉണ്ടായിരിക്കും. വനംവകുപ്പിന്റെ പട്രോളിങ് യൂണിറ്റുകളും രംഗത്തുണ്ടാകും.
കുമളിയില്‍നിന്നു ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 150 രൂപയാണ്. ടാക്സിനിരക്ക് 2,000 രൂപ വരും. മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്. ഇടുക്കി ജില്ലയിലെ കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വര്‍ഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കേരളവും തമിഴ്‌നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പൊലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
by liji HP News | Apr 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിയർ പാർലറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കുന്നത് ആരെന്നതിന്റെ പേരിലായിരുന്നു തർക്കം.
ശ്രീകാര്യം സ്വദേശി ഷാലു കെ നായർ (34), ചെറുവയ്ക്കൽ സ്വദേശി സൂരജ് (28),സ്വരൂപ് (30), ആക്കുളം സ്വദേശി വിശാഖ് (26), ശ്രീകാര്യം സ്വദേശി അതുൽ (28) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാലു, സൂരജ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11.30ന് ആണ് കേസിനാസ്പദമായ സംഭവം. ചെമ്പകമംഗലം സ്വദേശി അക്ബറിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ 9 അംഗസംഘം സമീപത്തെ മേശയിലിരുന്ന നാലംഗ സംഘവുമായി സൗഹൃദത്തിലായി. തുടർന്ന് ഒരുമിച്ചുള്ള ആഘോഷത്തിനിടെ, കേക്ക് മുറിക്കുന്നതിലായിരുന്നു തർക്കം ഉടലെടുത്തത്.
വാക്കുതർക്കത്തിനിടെ നാലംഗ സംഘം കയ്യിലുണ്ടായ കത്തി ഉപയോഗിച്ച് ആക്രമിച്ചു. കേക്ക് മുറിക്കാനുള്ള കത്തിയും ഫോർക്കും ഉപയോഗിച്ച് എതിർ സംഘവും കുത്തി. അക്രമത്തിൽ കഠിനംകുളം മണക്കാട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽക്കോണം കരിമ്പുവിള അനസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.
by liji HP News | Apr 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, എറണാകുളം, കൊല്ലം , ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 40 cm നും 55 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 40 cm നും 55 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Recent Comments