‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ് പാർവതി സിവിൽ സർവീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാർവതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തിൽ ആയത്കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ.

2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാർവതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോൾ ഐഎഎസ് നേടിയതും. ജീവിതത്തിൽ പാർവതി പഠിച്ച പാഠം നിശ്ചയദാർഢ്യത്തെ ഒന്നിനും തോൽപ്പിക്കാനാകില്ല എന്നതാണ്.

ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുട‍ര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തിൽ മിടുക്കിയായ പാര്‍വതി രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി കടമ്പ പോലും കടക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം ശ്രമത്തിൽ, ഭിന്നശേഷിക്കാരിയെന്ന പരിഗണനയോടെ ഐഎഎസ് പദവിയിലെത്താനാകുമെന്നാണ് പാര്‍വതിയും കുടുംബവും പ്രതീക്ഷിക്കുന്നത്.

ലിസ്റ്റിൽ പേര് പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നല്ല റാങ്ക് പ്രതീക്ഷിച്ചില്ലെന്നും പാർവതി പറഞ്ഞു. ഒന്നുമുതൽ 12 വരെ സർക്കാർ സ്കൂളിലാണ് പാർവതി പഠിച്ചത്. വേഗക്കുറവ് ഉണ്ടായിരുന്നതിനാല്‍ സിവില്‍ സര്‍വീസ് പരീക്ഷ വലിയ കടമ്പയായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. ജീവിതത്തിലെ വലിയ തിരിച്ചടികളില്‍ പതറാതെ മനക്കരുത്ത് കൈമുതലാക്കി ഐഎഎസ് നേടിയ പാര്‍വതിയുടെ നേട്ടം മലയാളികൾക്കും അഭിമാനമാണ്.

ബാക്കി വച്ചത് ഒരു രൂപ മാത്രം! പെട്ടിക്കടയിലെ മിഠായി മുതൽ സകലതും അടിച്ചു മാറ്റി കള്ളൻ

ബാക്കി വച്ചത് ഒരു രൂപ മാത്രം! പെട്ടിക്കടയിലെ മിഠായി മുതൽ സകലതും അടിച്ചു മാറ്റി കള്ളൻ

പത്തനംതിട്ട: നിർധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂർണമായി കവർന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതിൽ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം.

കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി​ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളൻ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാൻ ടിന്നിൽ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു. ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികൾ എടുത്ത ശേഷം ടിന്നുകൾ ഉപേക്ഷിച്ചാണ് കള്ളൻ പോയത്.

നട്ടെല്ലിനു തകരാർ ഉള്ളതിനാൽ മറ്റു ജോലികൾക്ക് പോകാൻ മല്ലികയ്ക്ക് സാധിക്കില്ല. നാല് വർഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി മനസിലാകുന്നത്. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇലക്ടറല്‍ ബോണ്ടിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഞങ്ങള്‍ക്ക് നിക്ഷേപകരുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിര്‍മിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. സുതാര്യത നിലനിര്‍ത്തി ഇലക്ടറല്‍ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ടിനെ അനുകൂലിച്ച് നിര്‍മല സീതാരാമന്‍ മുമ്പും നിലപാട് സ്വീകരിച്ചിരുന്നു. നേരത്തെ ഉള്ളതിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഇലക്ടറല്‍ ബോണ്ടെന്ന് അവര്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതല്‍ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്നും നിര്‍മല നേരത്തെ പറഞ്ഞിരുന്നു. 2018 ജനുവരി രണ്ടിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്. എന്നാല്‍ 2024 ഫെബ്രുവരി 15 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്ന് വിധിച്ചു.

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും ഉണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷയിലാണ് അമ്മ. യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദനിലെത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണ് പ്രേമകുമാരിയും സാമുവല്‍ ജെറോമും 400 കിലോമീറ്റര്‍ അകലെയുള്ള വിമത പക്ഷത്തിന്റെ അധീനതയിലുള്ള യെമന്‍ തലസ്ഥാനമായ സനയിലേക്ക് പോവുക. അവിടുത്തെ ജയിലിലാണ് നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ളത്.

യെമനിലേക്ക് പോകാന്‍ അനുവാദം വേണമെന്ന് കാട്ടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ‘ബ്ലഡ് മണി’ നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് സ്വന്തം നിലക്ക് ചര്‍ച്ച നടത്തുകയോ അല്ലെങ്കില്‍ തങ്ങളെ ചര്‍ച്ചക്കായി പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രേമകുമാരിയുടെ ആവശ്യം. ഇതിന് കോടതി അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമന്‍ പൗരന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വധശിക്ഷയില്‍ ഇളവിന് അഭ്യര്‍ത്ഥിക്കാനാണ് യാത്ര. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമന്‍ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.