വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴില്‍ തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെ (വാസു32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തില്‍ നഴ്‌സായ സജിനയെ ഭര്‍ത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ നിര്‍മല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുഎഇയില്‍ അടുത്ത ആഴ്ച മഴ വീണ്ടുമെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ അടുത്ത ആഴ്ച മഴ വീണ്ടുമെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബൈ:യുഎഇയില്‍ അടുത്ത ആഴ്ച മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകുമെന്നും എന്‍സിഎം അറിയിക്കുന്നു.

തിങ്കഴാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിരവധി താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിത മേഖലയില്‍ ബോട്ടുകള്‍, കയാക്കുകള്‍, ജെറ്റ് സ്‌കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

ദുരിതബാധിതരുടെ എണ്ണം വിലയിരുത്താന്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മഴക്കെടുതിയില്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡല്‍ഹി: നാലുവര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യുജിസി – നെറ്റ് പരീക്ഷാര്‍ഥികള്‍ ഇന്ന് രാത്രി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഏങ്ങനെ അപേക്ഷിക്കാം

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.

രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ തിരുത്തലകള്‍ വരുത്താന്‍ കഴിയും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ കേന്ദ്രവും വിശദാംശങ്ങളും അറിയിക്കും. 150 ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളിലായിരിക്കും പരീക്ഷ. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം.

കഴിഞ്ഞ വര്‍ഷം, 9,45,918 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. 6,95,928 പേര്‍ പരീക്ഷയെഴുതി. ഡിസംബര്‍ 6 നും ഡിസംബര്‍ 14 നും ഇടയില്‍ നടത്തിയ പരീക്ഷയുടെ ഫലം ജനുവരി 17 ന് പ്രഖ്യാപിച്ചു.

ചൂട് ശമിക്കില്ല, 10 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്തുടനീളം വേനല്‍ മഴ; മുന്നറിയിപ്പ്

ചൂട് ശമിക്കില്ല, 10 ജില്ലകളിൽ യെല്ലോ; സംസ്ഥാനത്തുടനീളം വേനല്‍ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്.

പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർക്കോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധം; ഫീസ് ഇളവും പരി​ഗണിക്കണം

ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധം; ഫീസ് ഇളവും പരി​ഗണിക്കണം

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്കൂൾ വിദ്യാർഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.

ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബസിൽ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്കൂളുകൾ പരി​ഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അതത് സ്കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.