by liji HP News | Apr 20, 2024 | Latest News, കേരളം
തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു.
നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെതന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെതന്നെ നടത്താനും തീരുമാനമായത്.
by liji HP News | Apr 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി.
ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകൾ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയിൽ കള്ളനോട്ട് കണ്ടെത്തിയത്.
by liji HP News | Apr 19, 2024 | Latest News, കേരളം
നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. പെർമിറ്റ് മാറ്റം നടത്തിയത് ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല.ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസപ്പെട്ടു.
അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.
by liji HP News | Apr 19, 2024 | Latest News, ദേശീയ വാർത്ത
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.
മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.
by liji HP News | Apr 19, 2024 | Latest News, കേരളം
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജെസ്നയുടെ രക്തംപുരണ്ട വസ്ത്രം പരിശോധിച്ചില്ലെന്നും പിതാവ് കോടതിയില്‍ പറഞ്ഞിരുന്നു. സാധ്യമായ രീതിയില്‍ എല്ലാത്തരത്തിലും അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
ജസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്പെക്ടര്‍ നിപുല്‍ ശങ്കര്‍ ഖണ്ഡിച്ചു. വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്നയുടെ അച്ഛന്‍ ജയിംസ് ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. 2018 മാര്‍ച്ച് 22-നാണ് ജെസ്നയെ കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പൊലീസും സ്പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സിബിഐയ്ക്ക് കൈമാറിയത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു.
ജെസ്ന പോകുന്നുവെന്ന വിവരമൊന്നും ആണ്‍സുഹൃത്തിനും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല. വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
Recent Comments