by liji HP News | Apr 16, 2024 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് അപ്പീലിലെ ആവശ്യം.
മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉത്തരവിറക്കിയത് തെറ്റെന്നും ദിലീപ് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അതിജീവിതക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ആയിരുന്നു. ജസ്റ്റിസുമാരായ എം നഗരേഷ്, പി.എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
by liji HP News | Apr 16, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടതായി ബിജു പറഞ്ഞു. കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.
by liji HP News | Apr 16, 2024 | Latest News, കേരളം
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.
സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
by liji HP News | Apr 16, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു.ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് 53,760 പഴങ്കഥയാക്കി ഇന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. അതിനിടെ ശനിയാഴ്ച മാത്രമാണ് ഒരു ഇടിവ് നേരിട്ടത്.
by liji HP News | Apr 15, 2024 | Latest News, കായികം
ബംഗളൂരു: ഈ സീസണില്‍ ഒരു മത്സരം മാത്രം ജയിച്ച ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആറില്‍ അഞ്ച് കളികളും തോറ്റ അവര്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഐപിഎല്ലില്‍ വന്‍ താരനിരയുണ്ടായിട്ടും ഇത്ര കാലമായിട്ടും ഒരു കിരീടവുമില്ലാത്ത ടീമാണ് ആര്‍സിബി. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നു കരുതിയെങ്കിലും ടീമിന്റെ പ്രകടനം അങ്ങേയറ്റം നിരാശപ്പെടുത്തുകയാണ്. പോയിന്റ് പട്ടികയില്‍ എസ്ആര്‍എച് നാലാമതും ബംഗളൂരു അവസാന സ്ഥാനത്തും.
ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആര്‍സിബിയെ തുണയ്ക്കില്ല. ഇന്നും തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാകുന്ന അവസ്ഥ. ബാറ്റിങില്‍ കോഹ്‌ലി ഒഴികെ ആരും സ്ഥിരത പുലര്‍ത്താതാണ് അവരുടെ പ്രധാന പ്രശ്‌നം. എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും അതു പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരുടെ അഭാവവും ടീമിനെ പിന്നോട്ടടിക്കുന്നു.
സണ്‍റൈസേഴ്‌സ് തുടരെ രണ്ട് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. അഞ്ചില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും സഹിതം അവര്‍ക്ക് ആറ് പോയിന്റുകള്‍. സീസണിലെ ആദ്യ മത്സരം ജയിച്ച് പോസിറ്റീവായി തുടങ്ങിയ ഹൈദരാബാദിനു പിന്നീട് തുടരെ രണ്ട് തോല്‍വികള്‍ വഴങ്ങേണ്ടി വന്നു. പിന്നീടാണ് തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫോം വീണ്ടെടുത്ത് ശക്തമായി ടീം തിരിച്ചെത്തിയത്.
കോഹ്‌ലി സ്ഥിരത പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വന്‍ പരാജയമായതാണ് അവര്‍ക്ക് തലവേദനയാകുന്നത്. ഫിനിഷിങ് റോളില്‍ ദിനേഷ് കാര്‍ത്തിക് ഫോമില്‍ നില്‍ക്കുന്നത് അവര്‍ക്ക് ബോണസാണ്.
ബൗളിങാണ് ആര്‍സിബിയെ കാര്യമായി വെട്ടിലാക്കുന്നത്. കളി തിരിക്കാന്‍ കെല്‍പ്പുള്ള ഒരു മികച്ച സ്പിന്നറടക്കം ടീമിനില്ല. പ്രധാന പേസറായ മുഹമ്മദ് സിറാജാകട്ടെ വിശ്രമമില്ലാതെ കളിക്കുന്നത് ടീമിനെ ബാധിക്കുന്നു.
എസ്ആര്‍എച് സന്തുലിതാവസ്ഥയിലുള്ള ടീമാണ്. വേണ്ട സമയത്ത് മികവ് പുലര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുടെ മികവാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. ബാറ്റിങില്‍ അഭിഷേക് ശര്‍മയടക്കമുള്ള താരങ്ങള്‍ ഫോമിലാണ്. ക്ലാസന്റെ ക്ലാസ് ഫോമും ടീമിനു പ്രതീക്ഷ നല്‍കുന്നു.
Recent Comments