by liji HP News | Apr 15, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിനുള്ള നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിനായി അപേക്ഷിക്കേണ്ടത്. ncet.samarth.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് മെയ് രണ്ടുമുതല്‍ നാലു വരെ അവസരം നല്‍കും. മെയ് അവസാന ആഴ്ചയില്‍ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കും. പരീക്ഷ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ) അറിയിച്ചു. ജൂണ്‍ 12നാണ് പരീക്ഷ.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളിലും ഐഐടി, എന്‍ഐടി, ആര്‍ഐഇ, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവിടങ്ങളിലും നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്.
മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായി രാജ്യമൊട്ടാകെ 178 നഗരങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ജനറലിന് 1200 രൂപയും ഒബിസി വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 650 രൂപയുമാണ് പരീക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
by liji HP News | Apr 15, 2024 | Latest News, കേരളം
തൃശൂര്‍: ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണ്. ഇനിയാണ് സിനിമ. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വികസനത്തിനും പാരമ്പര്യത്തിനും മുന്‍തൂക്കം നല്‍കും. ലോക്‌സഭയില്‍ കേരളം ശക്തമായ ശബ്ദം കേള്‍പ്പിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കുന്നംകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വടക്കുനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി സംസാരിച്ച് തുടങ്ങിയത്. വടക്കുംനാഥന്‍, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും ഈ പാവനഭൂമിക്ക് പ്രണാമം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ചൈത്ര നവരാത്രിയുടെ പുണ്യനാളുകളില്‍ ആലത്തൂരില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ പുതുവത്സരത്തിന്റെ വിഷുവിന്റെ ആഘോഷം നടക്കുകയാണ്. കേരളത്തിന്റെ ഈ പുതുവര്‍ഷം പുതിയ തുടക്കമെന്ന് മോദി പറഞ്ഞു. ഈ കാലഘട്ടം വികസിത ഭാരതത്തിനായി പ്രതിജ്ഞ എടുക്കാനുള്ളതാണ്. അതിനുള്ള ഊര്‍ജ്ജം തരുന്നതാണ്.
വികസിതമായ ഭാരതത്തിന്റെ മുഖമുദ്ര ആധുനിക അടിസ്ഥാന സൗകര്യങ്ങളായിരിക്കും. ഇന്ന് രാജ്യത്ത് എക്‌സ്പ്രസ്‌വേകള്‍ ഉണ്ടാക്കുന്നു, പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നു. പശ്ചിമ ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇനി വടക്കേ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും മാത്രമല്ല ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുവഴി വികസനത്തിന്റെ ഗതിവേഗം വര്‍ധിക്കും. അനേകായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
വരാന്‍ പോകുന്ന എന്‍ഡിഎ സര്‍ക്കാര്‍ എത്രയും വേഗം ബുള്ളറ്റ് ട്രെയിനിന്റെ സര്‍വേ ജോലി ആരംഭിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തില്‍ അക്രമം സാധാരണ സംഭവമായി മാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. കോളജുകളില്‍ കുട്ടികള്‍ വരെ ആക്രമിക്കപ്പെടുന്നു. വികസനം തടസ്സപ്പെടുത്തുന്നതാണ് ഇടതിന്റെ നയം. എല്ലാം നശിപ്പിക്കുന്നതാണ് ഇടതു നയം. ത്രിപുരയിലും ബംഗാളിലും ഇതു നാം കണ്ടതാണ്. പാവപ്പെട്ടവരുടെ പണം സിപിഎം കൊള്ളയടിച്ചെന്ന്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സഹകരണ തട്ടിപ്പിനെക്കുറിച്ച് സിപിഎം മുഖ്യമന്ത്രി മൂന്നു വര്‍ഷമായി നുണ പറയുകയാണെന്ന് മോദി പറഞ്ഞു. സിപിഎമ്മുകാര്‍ പാവങ്ങളുടെ കോടികളാണ് കൊള്ളയടിച്ചത്. വിവാഹം പോലും മുടക്കി പാവപ്പെട്ട കുടുംബങ്ങളെ വിഷമത്തിലാക്കി. സഹകരണ തട്ടിപ്പിനെപ്പറ്റി രാഹുല്‍ഗാന്ധി ഒന്നും പറയുന്നില്ല. സഹകരണ തട്ടിപ്പുകാരെ ഒരാളെയും വെറുതെ വിടില്ല. കേരള സര്‍ക്കാരിന് അഴിമതിയിലാണ് താല്‍പ്പര്യം. കേരളത്തിലെ ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ സൂക്ഷിക്കണം. കേരളത്തിന് പുറത്ത് അവര്‍ ഒന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് പ്രധാനമന്ത്രി എത്തിയത്. രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്.
by liji HP News | Apr 15, 2024 | Latest News, ദേശീയ വാർത്ത
വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.
കേരളത്തിൽ എത്തിയതിൽ സന്തോഷം. പുതുവർഷം പുതിയ രാഷ്ട്രത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വീടുകളിലും മോദിയുടെ ഗ്യാരന്റി എത്തി. മുദ്ര ലോണുകൾ വഴി സഹായം നൽകി. കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. സാധാരണക്കാരുടെ പണം സിപിഐഎം കൊള്ളയടിച്ചു. കരുവന്നുരിലെ പാവങ്ങളുടെ പണം എങ്ങനെ തിരിച്ചുകൊടുക്കാം എന്ന് ഞാൻ ചർച്ച ചെയ്യുന്നു. കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി പറഞ്ഞു.
രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. ചാണകം പൂജ്യമായ വസ്തു.
വിമർശിക്കുന്നവരുടെ മാതാപിതാക്കൾ ചാണകത്തിൽ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു.
by liji HP News | Apr 15, 2024 | Latest News, കേരളം
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ആണ് കപ്പലില്‍ ഉള്ള നാലാമത്തെ മലയാളി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്‍ ഇന്ത്യയെ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.
കപ്പലിലുള്ള 17 ഇന്ത്യക്കാരില്‍ നാലു മലയാളികള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സയുടെ കുടുംബം. മകള്‍ ട്രെയിനിംഗിന്റെ ഭാഗമായി 9 മാസമായി ഷിപ്പില്‍ ഉണ്ടെന്ന് പിതാവ് ബിജു എബ്രഹാം 24 നോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ ആന്‍ ടെസയുടെ പേരില്ലെന്നും പിതാവ് പറയുന്നു.
വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് മറ്റ് മലയാളികള്‍ . ജീവനക്കാര്‍ സുരക്ഷിതരാണെന്ന് എം എസ് സി കമ്പനി അധികൃതര്‍ കപ്പലില്‍ കുടുങ്ങിയവരുടെ കുടുംബങ്ങളെ അറിയിച്ചു. കപ്പലിലുള്ള 17 പേരെയും സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇറാന്‍ അനുമതി നല്‍കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയേയും ഇസ്രയേല്‍ വിദേശകാര്യമന്ത്രിയേയും ഇന്ത്യയുടെ ആശങ്ക അറിയിച്ചു.
by liji HP News | Apr 15, 2024 | Latest News, കേരളം
ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞ് പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മർദ്ദനമേറ്റത്. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു.
ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറുന്നത്. പെട്രോൾ അടിച്ച് പണം ജി-പേ ആയി നൽകിയെങ്കിലും അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. തർക്കത്തിൽ പമ്പ് ജീവനക്കാരന് പരുക്കേറ്റു. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു. സംഭവത്തിൽ വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Recent Comments