by liji HP News | Apr 15, 2024 | Uncategorized
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Apr 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നവരാണ് കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെന്നും ശോഭന പറഞ്ഞു. കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘വര്‍ഷങ്ങളായി ആള്ക്കാര് വിദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇവിടുന്ന്. എന്തുകൊണ്ടാണ് ഇത്രയും ആള്ക്കാര്, അതും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും. കൂട്ടപ്രയാണം പോലെ. മോദിജിയുടെ ലീഡര്‍ഷിപ്പില്‍ ഇംപോസ്സിബിള്‍ ആയ പലതും പോസ്സിബിള്‍ ആയിട്ടുണ്ട്. അതിന്റെ തെളിവാണ് രണ്ടാം ഇന്നിങ്സിലും മോദി ക്യാപ്റ്റനായി തുടരുന്നത്.’
‘ഇപ്പോള്‍ ഇതു മൂന്നാം ഇന്നിങ്സിന് സമയമായി. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം യുവാക്കള്‍ക്ക് സ്കില്‍ ഡെവലപ്പ്മെന്റ്, അതായത് പ്ലസ് ടു പാസ്സായവര്‍ക്ക് പോലും ജോലി കിട്ടുമെന്ന ഗ്യാരണ്ടി. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള പ്രോജക്ട്. കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ പറ്റുന്നില്ല. അതുകൊണ്ട് കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള പ്രോജക്ട് ആണത്. ആരോഗ്യ ടൂറിസത്തിന് പറ്റിയ സ്ഥലമാണ് തിരുവനന്തപുരമെന്നും’ ശോഭന പറഞ്ഞു.
by liji HP News | Apr 15, 2024 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാവുന്നതാണെന്ന് ഇഡി. 54 പ്രതികളുടെ പക്കല്‍ നിന്നും കണ്ടുകെട്ടിയ 108 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
നിക്ഷേപകരില്‍ ചിലര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇഡി പിഎംഎല്‍എ കോടതിയില്‍ നിലപാട് അറിയിച്ചത്. പിടിച്ചെടുത്ത തുക, ശരിയായ നിക്ഷേപകര്‍ തന്നെയെന്ന് കോടതിക്ക് ബോധ്യപ്പെടുന്നവര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ കോടതിക്ക് സ്വീകരിക്കാമെന്നും ഇഡി അറിയിച്ചു.
പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്കാന് പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം അവസരമുണ്ട്. പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുകയില്‍ നിന്നും തങ്ങളുടെ നിക്ഷേപതുക അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.
by liji HP News | Apr 15, 2024 | Latest News, കേരളം
തിരുവനന്തപുരം: വാഹനങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.ചെറുതോ വലുതോ എന്തുതന്നെയായാലും വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. വാഹന യാത്രയില്‍ ഏറ്റവുമധികം അപകട സാധ്യത ഉള്ളത് ഇരുചക്രവാഹനയാത്രയ്ക്കാണ്. ഇരുചക്രവാഹന യാത്രയില്‍ ശരിയായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുക എന്നത് പ്രധാനമാണ്. അല്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
മറ്റു വാഹനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകള്‍. സുരക്ഷാ ബെല്‍റ്റോ മറ്റു സ്ഥാന ക്രമീകരണ സംവിധാനങ്ങളോ ഒന്നുമില്ല. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണുകള്‍, തോളുകള്‍, കൈമുട്ടുകള്‍, കൈകള്‍, ഇടുപ്പ്, കാല്‍മുട്ടുകള്‍, പാദങ്ങള്‍ എന്നിവയ്ക്കെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുണ്ടെന്നും ഇവയുടെ സ്ഥാനം ഏങ്ങനെയായിരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ വിശദീകരിച്ചു.
കുറിപ്പ്:
ഇരുമെയ്യാണെങ്കിലും…7.O
വാഹനങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ യാത്രകള്‍ ഒഴിച്ചു കൂടാനാവത്തതുമായി. ചെറുതോ വലുതോ ഹ്രസ്വമോ ദീര്‍ഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. നാം വാഹനങ്ങളായി, നാമാണ് വാഹനങ്ങളല്ല യാത്ര ചെയ്യുന്നത് എന്ന ബോധ്യത്തിലേയ്ക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇരുചക്രവാഹനയാത്രയിലെ മറ്റൊരു അനിശ്ചിതത്വമാണ് വാഹനത്തിന് മുകളില്‍ നമ്മെ എങ്ങിനെ ഇരുത്തണം എന്നത്. നമ്മുടെ ശരീരത്തെ, സീറ്റിന് മുകളില്‍ ശരിയായ രീതിയില്‍ യഥാസ്ഥാനത്ത് യഥാവിധി ‘പ്രതിഷ്ഠിക്കേ’ണ്ടത് ഇരുചക്രവാഹനസുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. ബാലന്‍സിംഗിനേയും ഡ്രൈവിംഗിനേയും സ്ഥിരതയേയും ബ്രേക്കിംഗിനേയും ഒക്കെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് നിസ്സാരമെന്ന് നാം കരുതുന്ന ഈ ‘ശകടാസനം’
ഇരുമെയ്യായ ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. ആദ്യഭാഗത്ത് സൂചിപ്പിച്ച പോലെ മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഡ്രൈവിംഗ് എന്നത്, പ്രത്യേകിച്ചും ഇരുചക്രവാഹനഡ്രൈവിംഗ്
മറ്റു വാഹനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകള്‍. പുറംതാങ്ങിയും കൈത്താങ്ങിയും ബെല്‍റ്റും സ്ഥാനക്രമീകരണസംവിധാനങ്ങളുമില്ല. മാത്രമല്ല, ഇതരവാഹനങ്ങളില്‍ സ്വശരീരത്തെ വാഹനത്തോട് ചേര്‍ത്ത് നിര്‍ത്തുക എന്നതാണെങ്കില്‍ ഇവിടെ വാഹനത്തെ ശരീരത്തോട് ഇറുകേ ചേര്‍ത്ത് പിടിച്ചുള്ള ഒരു ‘യോഗവിദ്യാ’പ്രയാണമാണ് ഇരുചക്രവാഹനത്തിന് മുകളിലെ ഇരുപ്പ് എന്നത്. അതൊരു ഒന്നൊന്നര ഇരിപ്പാണ്. ആ ഇരിപ്പ് ശരിയല്ലെങ്കില്‍ പരിപ്പിളകും ചിലപ്പോള്‍ വിരിപ്പിടേണ്ടി വരും കിടപ്പ് ശരിയാക്കാന്‍….
വാഹനങ്ങള്‍ ജീവിതത്തിന്റെ മാത്രമല്ല ശരീരത്തിന്റെ തന്നെ ഭാഗമായി മാറേണ്ടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാല്‍ നമ്മുടെ ദൈനംദിനോപയോഗത്തിന് ഒരു വാഹനം തിരഞ്ഞെടുക്കുമ്പോള്‍, ഒരു ചെരുപ്പ് വാങ്ങുന്ന ജാഗ്രത ഇവിടേയും പ്രസക്തമാണ്.
സ്വകാര്യാവശ്യങ്ങള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവര്‍ത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍പായി ടെസ്റ്റ് ഡ്രൈവുകള്‍ നടത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.
ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ :
ശകടാസനം വികടാസനമായാല്‍ അപകടാസനമാകും…..
അപകടം ആസന്നവുമാകും.
_____________________________
എര്‍ഗണോമിക്സ്
1) കണ്ണുകള്‍ :-
റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക
2) തോളുകള്‍ :-
ആയാസരഹിതമായി വച്ച് നടു നിവര്‍ത്തി ഇരിക്കുക
3) കൈമുട്ടുകള്‍ :-
ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക
4) കൈകള്‍ :-
പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധം പിടിയ്ക്കുക
5) ഇടുപ്പ് :-
സ്റ്റിയറിംഗ് ഹാന്‍ഡിലും പെഡലുകളും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ ആയാസരഹിതമായി വയ്ക്കുക
6) കാല്‍മുട്ടുകള്‍ :-
വാഹനത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍, ഫ്യുവല്‍ ടാങ്കിനോട് ചേര്‍ത്ത് വയ്ക്കുക
7) പാദങ്ങള്‍ :-
പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റില്‍ അത്യാവശ്യം അമര്‍ത്തി കാല്‍പ്പാദം മുന്‍പിലേയ്ക്കായി മുന്‍അഗ്രങ്ങള്‍ (Toes) ബ്രേക്ക്, ഗിയര്‍ പെഡലുകളില്‍ ലഘുവായി അമര്‍ത്തി വയ്ക്കുക.
NB : മറ്റുതരം വാഹനങ്ങളിലും ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍ ശരീരഭാഗങ്ങള്‍ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുന്‍പിലേയ്ക്കോ പുറകിലേയ്ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക
by liji HP News | Apr 15, 2024 | Latest News, കേരളം
കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളുടെ മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി. ആറു മീറ്ററിനുള്ളില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല, കുത്തു വിളക്ക് മാത്രമാകാം. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.
ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫിറ്റ്നസ് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഉറപ്പുവരുത്തണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആനയ്ക്ക് കാഴ്ച ശക്തിയില്ലെന്നും, എങ്ങനെ ഈ ആനയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും കോടതി ചോദിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വെറ്ററിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. അക്കാര്യം അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. 50 മീറ്റര്‍ ദൂരപരിധി ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ മാറ്റം വരുത്തിയ കാര്യം വനംവകുപ്പ് കോടതിയെ അറിയിച്ചു.
എത്ര വരെ ദൂരപരിധിയാകാമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോട് കോടതി ചോദിച്ചു. പരമാവധി അഞ്ചുമീറ്റര്‍ പരിധിയില്‍ കൂടുതല്‍ പാടില്ലെന്നാണ് പാറമേക്കാവ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ആനകളുടെ മുന്നില്‍ ആറുമീറ്റര്‍ പരിധി കോടതി നിശ്ചയിച്ചത്
Recent Comments