രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ശനിയാഴ്ചയാണ് തിരിച്ചെത്തുക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം.

വ്യാഴാഴ്ച ഭൂട്ടാനിലേക്ക് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളില്‍ താന്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിൽ തർക്കം; ​ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു, അയൽവാസി കസ്റ്റഡിയിൽ

പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിൽ തർക്കം; ​ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു, അയൽവാസി കസ്റ്റഡിയിൽ

തൊടുപുഴ: പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗർഭിണിയെയും യുവാവിനെയും വെട്ടി പരിക്കേൽപ്പിച്ച് അയൽവാസി. ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന തൊഴിലാളിയായ ചിന്നപ്പനും ഭാര്യ കവിതയ്ക്കുമാണ് പരിക്കേറ്റത്.

ഇവരുടെ തൊട്ടടുത്ത് ലയത്തിൽ താമസിക്കുന്ന ഗുരുചാർളിയാണ് ദമ്പതികളെ ആക്രമിച്ചത്. കവിത എസ്റ്റേറ്റിന്റെ പൈപ്പിൽ നിന്നും വെള്ളമെടുക്കാനെത്തിയപ്പോൾ ഗുരുചാർളി കവിതയെ അസഭ്യം പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഭർത്താവ് ചിന്നപ്പനുമായും പ്രതി വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന് ഗുരുചാർളി വീടിന്റെ ഉള്ളിൽ നിന്നും കത്തി എടുത്തു കൊണ്ട് വന്ന് ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ രണ്ടു പേരെയും വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കവിതയുടെ പുറത്തും ചിന്നപ്പന്റെ നെഞ്ചിനും കൈക്കും ആണ് വെട്ടേറ്റിരിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി ഗുരുചാർളിയെ കസ്റ്റഡിയിലെടുത്തു.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

റിയാദ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല.

മത്സരത്തില്‍ ഇരു ടീമുകള്‍ക്കും അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് മികച്ച പൊസിഷനില്‍ എത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങിലൂടെ ഇന്ത്യയുടെ ഭാഗത്ത് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. മലയാളി സഹല്‍ അബ്ദുല്‍ സമദില്ലാതെ ഇന്ത്യ ഇറങ്ങിയത്. താരത്തിനു പരിക്കാണ് തിരിച്ചടിയായത്.

പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തി; യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് മാനേജര്‍, കേസെടുത്തു പോലീസ്

പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തി; യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് മാനേജര്‍, കേസെടുത്തു പോലീസ്

മുംബൈ: മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പൊലീസ് പറയുന്നതനുസരിച്ച് മുത്തശിക്കും ഇളയ സഹോദരുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ 2015 ലാണ് പിതാവ് മരിക്കുന്നത്.

പിതാവിന്റെ പിഎഫ് ലഭിക്കാനായി മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും തുക അനുവദിച്ച് കിട്ടിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. തുക ലഭിക്കാതെ വന്നപ്പോള്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജരെ സമീപിക്കുകയായിരുന്നുവെന്നും എന്നാല്‍ തുക പിന്‍വലിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയാറാകണമെന്ന് മാനേജര്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് വിശമായ അന്വേഷണം ആരംഭിച്ചു.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് ഗവര്‍ണര്‍ വഴങ്ങി; പൊന്മുടിയുടെ സത്യപ്രതിജ്ഞ വൈകീട്ട്

സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് ഗവര്‍ണര്‍ വഴങ്ങി; പൊന്മുടിയുടെ സത്യപ്രതിജ്ഞ വൈകീട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു.

പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്.