പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: തെരഞ്ഞടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍വോട്ട് ചെയ്യാന്‍ അവസരം. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യസേവനങ്ങളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തിയാണ് കമ്മിഷന്റെ വിജ്ഞാപനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

മെട്രോ, റെയില്‍വേ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഭാഗമായവര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിച്ചു വോട്ടുചെയ്യാം.

പോളിങ് ദിന പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അക്രഡിറ്റേഷന്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുള്ളത്. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പാര്‍ലമെന്റ് മണ്ഡലത്തിലെ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ഫോം 12 ഡി സ്വീകരിക്കുകയോ അതത് ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.

ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ 99 മത് വാർഷികാഘോഷം നടന്നു

ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ 99 മത് വാർഷികാഘോഷം നടന്നു

ആറ്റിങ്ങൽ: ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ വാർഷികാഘോഷ പരിപാടികൾ കവിയും
ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ 99 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻപ്രഥമാധ്യാപികമാരായ ജയശ്രീ, റീന, ബിആർസി കോഡിനേറ്റർ ഷിബിന, എസ്എം സി വൈസ് ചെയർമാൻ ജോയ്, എം പി ടി എ പ്രസിഡന്റ് അനിത എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ സന്തോഷ് കണ്ണങ്കര അധ്യക്ഷനായി. സ്കൂൾ പ്രഥമഅധ്യാപകൻ വി സുഭാഷ് സ്വാഗതവും അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.

39 ഡിഗ്രി വരെ ചൂട്, ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ആശ്വാസമായി നാളെ മുതല്‍ വേനല്‍മഴ

39 ഡിഗ്രി വരെ ചൂട്, ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ആശ്വാസമായി നാളെ മുതല്‍ വേനല്‍മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ബുധനാഴ്ച, വ്യാഴാഴ്ച) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ രണ്ടുദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ 38°C വരെയും കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നി ജില്ലകളില്‍ 36°C വരെയും (സാധാരണയേക്കാള്‍ 2 – 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ രണ്ടുദിവസം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ കേരളത്തിന് ഒടുവില്‍ ആശ്വാസമായി വേനല്‍ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതല്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കണ്ണഞ്ചിപ്പിക്കും ടീസറുമായി സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’; ഏറ്റെടുത്ത് ആരാധകര്‍

കണ്ണഞ്ചിപ്പിക്കും ടീസറുമായി സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’; ഏറ്റെടുത്ത് ആരാധകര്‍

സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്.

ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയിലെ വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപം ലഹരിമരുന്ന് സിറിഞ്ച്

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപം ലഹരിമരുന്ന് സിറിഞ്ച്

കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി.

ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.