by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കും. ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന നിയമം ഭേദഗതി ചെയ്യും. പൗരത്വ നിയമം, ഏകീകൃത സിവില്‍കോഡ് എന്നിവ നടപ്പാക്കില്ല. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും.പാചകവാതകം 500 രൂപയ്ക്ക് നല്‍കും. പെട്രോള്‍ വില 75 രൂപയും, ഡീസല്‍വില 65 രൂപയുമാക്കും. ദേശീയ പാതകളിലെ ടോള്‍ഗേറ്റുകളെല്ലാം ഒഴിവാക്കും. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും. സുപ്രീംകോടതിയുടെ ബ്രാഞ്ച് ചെന്നൈയില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യും. പ്രഭാതഭക്ഷണ പരിപാടി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കും.
ഗവര്‍ണര്‍മാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന നിബന്ധന കൊണ്ടുവരും. ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഡിഎംകെ ആസ്ഥാനത്ത് കനിമൊഴി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. ഇതോടൊപ്പം ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 126-ാം സ്ഥാനത്താണ്.
ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍ എന്നിവയാണ് രണ്ട്, മൂന്ന്, നാലു സ്ഥാനങ്ങളില്‍. പട്ടികയിലെ ആദ്യ പത്തു സ്ഥാനവും നോര്‍ഡിക് രാജ്യങ്ങള്‍ നിലനിര്‍ത്തി. 2020-ല്‍ താലിബാന്‍ നിയന്ത്രണം വീണ്ടെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റവും താഴെയാണ്. 143 രാജ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഒരു ദശാബ്ദക്കാലത്തിലേറെയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം ഇതുവരെ അമേരിക്കയും ജര്‍മ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്ക ഇത്തവണ 23 ഉം ജര്‍മനി 24 ഉം സ്ഥാനത്താണ്.
കോസ്റ്റാറിക്കയും കുവൈത്തും യഥാക്രമം 12, 13 സ്ഥാനങ്ങളിലുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നിവയെക്കുറിച്ച് വ്യക്തികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് കണക്കാക്കുന്നത്. പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധവും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലനവുമാണ് ഫിന്‍ലാന്‍ഡിലെ ജീവിത സംതൃപ്തിയുടെ പ്രധാന ഘടകങ്ങള്‍. മികച്ച സാമൂഹിക ചുറ്റുപാട്, അധികാരികളിലുള്ള വിശ്വാസം, കുറഞ്ഞ അഴിമതി, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയും ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തുന്നതില്‍ സഹായിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
by liji HP News | Mar 20, 2024 | Latest News, സിനിമ
ബെംഗളൂരു: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. അതിനിടെ താരത്തിന്‍റെ ആശുപത്രി ചികിത്സയ്ക്ക് ധനസഹായം അഭ്യര്‍ഥിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിനെതിരെ ക്രൂരമായ ട്രോളുകളാണ് സോഷ്യമീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു.
‘വെറ്റിലേറ്ററില്‍ എന്‍റെ സഹോദരി ജീവന് വേണ്ടി പേരാടിക്കൊണ്ടിരിക്കുകയാണ്. അവളുടെ ചികിത്സാ സഹായത്തിന് വേണ്ടി തുടങ്ങിയ ധനസമാഹാര ക്യാമ്പയിന്‍ തട്ടിപ്പാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഞങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്’- ആരതി പറഞ്ഞു.
അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രി ചെലവും ശസ്ത്രക്രിയയുമായി നല്ലൊരു തുകയാകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും വേണമെന്നും ആരതി പറഞ്ഞു
തമിഴ് സിനിമ-സീരിയല്‍ മേഖലയിലൂടെയാണ് അരുന്ധതി അഭിനയരംഗത്ത് സജീവമാകുന്നത്. എന്നാല്‍ അപകടം സംഭവിച്ചിച്ച് ഇതുവരെ തമിഴ് സിനിമ-സീരിയല്‍ രംഗത്ത് നിന്ന് ഒരാള്‍ പോലും താരത്തിന്‍റെ ആരോഗ്യനില അന്വേഷിച്ച് വിളിച്ചില്ലെന്ന് നടിയും സുഹൃത്തുമായ രമ്യ ജോസഫ് പറഞ്ഞു. അരുന്ധതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് നിരവധി സന്ദേശങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ പലരും താരത്തിന്‍റെ ആരോഗ്യവിവരം അറിയുന്നതിലും മറ്റ് സെലിബ്രിറ്റികളുടെ നമ്പര്‍ തിരക്കാനാണ് വിളിക്കുന്നതെന്നും രമ്യ കുറ്റപ്പെടുത്തി.
by liji HP News | Mar 20, 2024 | Latest News, കേരളം
കൊച്ചി: കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
രാവിലെ ഒന്‍പതുമണിയോടെ സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍വച്ച് നീനുവിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീടിന് സമീപമുള്ള ശ്മശാനത്തിൽ നടക്കും. രാവിലെ എട്ട് മണിക്ക് അനന്തു പഠിച്ച കോളജിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും.
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു ഇന്നലെയാണ് മരിച്ചത്. രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നുവരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.
അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിനു മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ മെഡിക്കൽ കോളജിൽ വച്ച് പൂർത്തിയാക്കിയിരുന്നു. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും. അനന്തുവിൻ്റെ കുടുംബത്തിന് അർഹമായ സഹായം നൽകുക, ജനത്തിൻ്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ചർച്ച നടത്തിയേക്കും.
Recent Comments