by liji HP News | Mar 15, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്ഷന് ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക.
ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക സുരക്ഷാ പെന്‍ഷനായി 715. 35 കോടി രൂപയും ക്ഷേമനിധി പെന്‍ഷനായി 91.25 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഫെബ്രുവരി വരെ അഞ്ചുമാസത്തെ പെന്ഷന് ഇനി നല്കാന് ബാക്കിയുണ്ട്.
by liji HP News | Mar 15, 2024 | Latest News, കേരളം
കൊച്ചി: ആലുവ- എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്ന് നടക്കുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ കണ്ടത്.
ഇന്നലെ രാവിലെയാണ് സംഭവം. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി.ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്ക്കും. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടതായി പരാതിയുണ്ടെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിലും വാഹനത്തില്‍ നിന്നും പറന്നതാണോ മറ്റൊരെങ്കിലും പിന്തുടര്ന്നപ്പോള് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. ആദ്യ ചുവടുവയ്പ്പായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണമെന്നാണു ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ശുപാര്‍ശ. ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും സഹായകമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ വിഭവങ്ങളുടെ അനാവശ്യ ഉപയോഗം തടയാനും വികസനവേഗത്തിലെ തടസങ്ങള്‍ ഒഴിവാക്കാനും ജനാധിപത്യ അടിത്തറ ഉറച്ചതാക്കാനും കഴിയുമെന്ന് 18,000 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ 321 പേജുകളാണ് മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയത്.
പ്രധാനമായും പത്ത് നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.
എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് വരുന്നത് വികസനത്തെ ബാധിക്കും, ഒരേ ജോലികള്‍ ആവര്‍ത്തിക്കേണ്ടിവരുന്നു, വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗത്തിനിടയാക്കുന്നു.
ആദ്യ ചുവടുവയ്പ്പായി ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുക. 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്തുക.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് എന്നായിരിക്കണമെന്നു രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.
ആദ്യ സിറ്റിങ് നടക്കുന്നത് നിയമന ദിനമായി പരിഗണിക്കണം.
തൂക്ക് സഭ, അവിശ്വാസപ്രമേയം തുടങ്ങി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭകളോ ലോക്സഭയോ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ്.
സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പു നടത്താന്‍ അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം.
എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ പട്ടികയും വേണം, ഇതിനും ഭരണഘടനാ ഭേദഗതി.
തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുമ്പോള്‍ അധികമായി വോട്ടിങ് യന്ത്രങ്ങള്‍ അടക്കം ക്രമീകരിക്കണം.
47 രാഷ്ട്രീയ കക്ഷികളാണ് രാംനാഥ് കോവിന്ദ് സമിതിക്കു മുന്നില്‍ അഭിപ്രായം അറിയിച്ചത്. 32 പാര്‍ട്ടികള്‍ ആശയത്തെ പിന്തുണച്ചു. കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ബിജെപിയും എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പിനെ അനുകൂലിച്ച ദേശീയ പാര്‍ട്ടികള്‍.
by liji HP News | Mar 15, 2024 | Latest News, കേരളം
വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാര്‍ത്ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലില്‍ നടപടിയുമായി പൂക്കോട് വെറ്ററിനറി കോളജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിങ് സ്ക്വാഡ് സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആള്‍ക്കൂട്ട വിചാരണ പുറത്തറിഞ്ഞത്.
2019, 2021 ബാച്ചുകളില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്റി റാഗിങ് സ്ക്വാഡ് കണ്ടെത്തി. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച നാലുപേര്‍ക്കെതിരെയും നടപടിയുണ്ട്. രണ്ട് പേര്‍ക്ക് ഒരുവര്‍ഷത്തെ സസ്പെന്ഷന്. മറ്റ് രണ്ട് പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കി. 2019 ബാച്ചിലെ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചവര്‍ പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിലാണ്. ഇവരില്‍ നാല് പേര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുപേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കി.
പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു രണ്ട് ആള്‍ക്കൂട്ട വിചാരണയും. എസ്എഫ്ഐ കോളജ് യൂണിയന് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ആന്റി റാഗിങ് സ്ക്വാഡിന്റെ കണ്ടെത്തല്‍ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
by liji HP News | Mar 15, 2024 | Latest News, കേരളം
തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനാല്‍ റേഷന്‍ മസ്റ്ററിങ് തത്കാലം നിര്‍ത്തിയതായി മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിങ് നടത്താനുള്ള ക്രമീകരണം ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് നാളെ മുതല്‍ മസ്റ്ററിങ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഇന്നു ഉച്ചയോടെ സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. മുന്‍ഗണനാക്രമത്തിലുള്ള ചുവപ്പ് കാര്‍ഡ് ഉള്ളവര്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികമുണ്ട്. അവര്‍ തിരിച്ചുപോകാതെ മസ്റ്ററിങിലേക്ക് പങ്കെടുക്കുന്ന നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടക്കുന്നതിനാല്‍ മൂന്ന് ദിവസം അരിവിതരണം പൂര്‍ണമായി നിര്‍ത്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശം പാലിക്കാതെ അരിവിതരണം നടത്തിയെന്നും ഇന്ന് അരിവിതരണം സമ്പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ തന്നെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് മസ്റ്ററിങിന് വേണ്ടത്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
Recent Comments