by liji HP News | Mar 7, 2024 | Latest News, കേരളം
കൊച്ചി: കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂര്‍ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടത്.
മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ ആള്‍ത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി യുവാവ് സായാഹ്നസവാരിക്കിറങ്ങിയത്. നടക്കുന്നവരുടെ മുന്നിലേക്ക് പലതവണ കുതിച്ചുചാടിയ നായയെ മാറ്റാനാവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അജു ജോസഫിനെതിരെ കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിലിടപെടാന്‍ ജഡ്ജി ഗണ്‍മാനോട് ആവശ്യപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. നായയുടെ ബെല്‍റ്റില്‍ അജു പിടിച്ചിട്ടുണ്ടെങ്കിലും എതിരേ ആളുകള്‍ നടന്നുവരുമ്പോള്‍ പലവട്ടം കുരച്ചുചാടി. പലരും ഒഴിഞ്ഞുമാറി. ആളുകള്‍ക്ക് ഭീഷണിയാണെന്ന് ഒരാൾ മുന്നറിയിപ്പ് നല്‍കി. മറ്റാളുകളും നായയുമായി നടക്കാറുണ്ടെന്നും താന്‍ വന്നപ്പോള്‍ മാത്രം എന്താണ് പ്രശ്‌നമെന്നുമായിരുന്നു മറുചോദ്യം.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശപ്രകാരം യൂണിഫോമിലുള്ള ഗണ്‍മാന്‍ കിഷോര്‍ ആള്‍ത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്‌നം പറഞ്ഞു. ഇത് ഗൗനിക്കാതെ തര്‍ക്കം തുടര്‍ന്ന അജു, ഗണ്‍മാന്‍ പറയുന്നത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതോടെ പൊലീസ് സ്ഥലത്തെത്തി അജുവിനെ കസ്റ്റഡിയിലെടുത്തു. ജനങ്ങള്‍ക്കും ഹൈക്കോടതി ജഡ്ജിക്കും അപകടംവരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്നകാര്യം ചൂണ്ടിക്കാട്ടി മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനാണ് അജുവിനെതിരെ കേസെടുത്തത്.
by liji HP News | Mar 7, 2024 | Latest News, കേരളം
തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് മണിക്കൂറുകളില്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ളതാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.
കുറിപ്പ്:
നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍നിന്നുള്ളതാണ്. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്.
അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യുമ്പോള്‍ ഭൂമിയുടെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി നാം ചുവടുവയ്ക്കുകയാണ്.
അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ സ്വിച്ചോഫ് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്താം. പ്രകൃതിയെ സംരക്ഷിക്കാം, പണവും ലാഭിക്കാം.
by liji HP News | Mar 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം പാലത്തിനു സമീപം ആബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ചിറയിൻകീഴ് സ്വദേശി പ്രിയൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു. തിരുവനന്തപുരത്തേയ്ക്കു പോയ ആംബുലൻസും എതിർഭാഗത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
by liji HP News | Mar 7, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.
കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by liji HP News | Mar 7, 2024 | Latest News, കേരളം
കോട്ടയം: അമ്മയോടു പിണങ്ങി വീടു വിട്ടു പോയ 11കാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു പൊലീസുകാർ. അതിരമ്പുഴയിലാണ് സംഭവം. അമ്മയോടു പിണങ്ങി അച്ഛൻ ജോലി ചെയ്യുന്ന അങ്കമാലിക്ക് പോകാനായാണ് കുട്ടി വീടു വിട്ടത്.
പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാനായി ഇവരുടെ വീട്ടിൽ മുൻപ് പൊലീസ് എത്തിയപ്പോൾ കുട്ടിയുടെ അമ്മ അതിലൊരു പൊലീസുകാരന്‍റെ ഫോൺ നമ്പർ വാങ്ങി വച്ചിരുന്നു. ഇതാണ് നിർണായക ഘട്ടത്തിൽ കുട്ടിയെ കണ്ടെത്താൻ തുണച്ചത്. കുട്ടിയെ കാണാതായതോടെ ഈ നമ്പരിലേക്ക് അമ്മ വിളിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ വിവി ബാലഗോപാൽ, അജിത്ത് എം വിജയൻ എന്നീ പൊലീസുകാരാണ് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്. ബാലഗോപാലിന്റെ നമ്പറിലേക്കാണ് അമ്മ വിളിച്ചത്.
Recent Comments