by liji HP News | Mar 1, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കലയിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 ൽ പരം പേർക്ക് ഭക്ഷ്യ വിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവരെയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും രാത്രിയിലും ഭക്ഷണം കഴിച്ചവർ ആണ് ആശുപത്രിയിലായിരിക്കുന്നത്. കുട്ടികൾ അടക്കം ഉള്ളവരും ഒരു കുടുബത്തിലെ നിന്ന് തന്നെ 3ഉം 4ഉം പേർ ഇതിൽ പെടും. താലൂക്ക് ആശുപത്രിയിൽ എത്തിയ 20 ഓളം പേരെയും ശ്രീനാരായണ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
മൊത്തം 30 ഓളം പേർ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉണ്ട്. ഒരാൾ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. 2 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്ന് അറിയാൻ കഴിയുന്നത്.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്കോഡിന്റെയും നേതൃത്വത്തിൽ റസ്റ്റോറന്റിൽ പരിശോധന നടത്തി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ജീവനക്കാർ ഹോട്ടലിന്റെ തന്നെ മുകൾ ഭാഗത്ത് ആണ് താമസിക്കുന്നത്. ഇവരുടെ ബെഡിന് കീഴെ നിന്നും പഴകിയ ആഹാരം പിടിച്ചെടുത്തു. പ്രധാനമായും അൽഫം , ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ എറ്റിട്ടുള്ളത്. കൂടുതൽ പേർ ചികിത്സ തേടി എത്തുന്നുണ്ട്.
by liji HP News | Mar 1, 2024 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന ‘കൃഷ്ണലീല’ വിപണിയില്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ്, 252 പേജില്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് തയാറാക്കിയത്.
ക്ഷേത്രത്തിലെ ദേവത- ഉപദേവതകള്‍, ദൈനംദിന പൂജകള്‍, വിശേഷാവസരങ്ങള്‍, ഉത്സവം, പ്രത്യേക ചടങ്ങുകള്‍ എന്നിവയെല്ലാം കൃഷ്ണലീലയില്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.
by liji HP News | Mar 1, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു. അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയാണെന്നാണ് സംശയം. മാര്‍ക്കുമായി ബന്ധപ്പട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണമായത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൂര്‍വ വിദ്യാര്‍ഥി ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാള്‍ അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായതായും അധ്യാപകര്‍ പറയുന്നു. അതിന് പിന്നാലെ അധ്യാപകനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്ദമംഗലം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
by liji HP News | Mar 1, 2024 | Latest News, കേരളം
തിരുവനന്തപുരം: ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. 91 ദിവസം മുതല്‍ 180ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക.
മാര്‍ച്ച് ഒന്ന് മുതല്‍ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക.
90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ 7 ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതില്‍ മാറ്റമില്ല.
മാര്‍ച്ചിലെ സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാന്‍ പ്രതിസന്ധിയുള്ളതിനാലാണ് പരമാവധി പണം ഉയര്‍ന്നപലിശ നല്‍കി ട്രഷറിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാല്‍ മാര്‍ച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.
by liji HP News | Mar 1, 2024 | Latest News, കേരളം
ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരി ആയി നൽകുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഭാരത് അരി സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്ക്കോ നൽകിയിരുന്നെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് അത് ലഭ്യമാക്കാമായിരുന്നു. ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി ആർ അനിൽ പറഞ്ഞു.
Recent Comments