പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു.

തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 °c വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, ജില്ലകളിൽ 36 °c വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.

പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന അന്തരീക്ഷ ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; തമിഴ്നാട് ബസിന് നേരെ ആക്രമണം, ചില്ലുകൾ തകർത്തു

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; തമിഴ്നാട് ബസിന് നേരെ ആക്രമണം, ചില്ലുകൾ തകർത്തു

തൊടുപുഴ: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂർ ​ഗതാ​ഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

ഇന്നലെ രാത്രി രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് മുത്ൽ 26 വരെ ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം. മൂല്യനിർണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.

ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.

ശമ്പളവും പെന്‍ഷനും മുടങ്ങില്ല; കേന്ദ്രത്തില്‍ നിന്ന് 4000 കോടി കിട്ടി; സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം

ശമ്പളവും പെന്‍ഷനും മുടങ്ങില്ല; കേന്ദ്രത്തില്‍ നിന്ന് 4000 കോടി കിട്ടി; സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം

ഡല്‍ഹി: സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല.

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.

ഈ മാസം 20,000 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.