ശോഭന തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ അറിയിച്ചെന്ന് ശശി തരൂര്‍

ശോഭന തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ അറിയിച്ചെന്ന് ശശി തരൂര്‍

തൃശ്ശൂര്‍: തിരുവനന്തപുരം ലോക്സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകൾ ഉയരുന്നത് നിരാശയിൽ നിന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ശോഭന സുഹൃത്താണ്. മത്സരിക്കില്ലെന്ന് ഫോണിൽ തന്നെ അറിയിച്ചു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിലെ ബിജെപി വനിത സമ്മളനത്തില്‍ പങ്കെടുത്തതോടെയാണ്, ശോഭന ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പരന്നത്. വനിത സംവരണ ബില്‍ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും അവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു.

ചടങ്ങില്‍ പങ്കെടുത്തതിന്‍റെ ചിത്രം ഹ്യൂജ് ഫാന്‍ മൊമന്‍റ് എന്ന പേരില്‍ അവര്‍ സമൂഹമാധ്യമത്തിലും പങ്ക് വച്ചിരുന്നു. കേരളത്തിലെ ലോക്സഭ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പേരിനു പുറമേ, നടി ശോഭനയുടെ പേരും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടാണ് ശശി തരൂരിന്‍റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനമായില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂർ പറഞ്ഞു.

ഒന്നാം റാങ്കോടെ ബിരുദം; സുഖോയ് യുദ്ധവിമാന പൈലറ്റ്; ഗഗന്‍യാന്‍ നയിക്കാന്‍ പ്രശാന്ത്

ഒന്നാം റാങ്കോടെ ബിരുദം; സുഖോയ് യുദ്ധവിമാന പൈലറ്റ്; ഗഗന്‍യാന്‍ നയിക്കാന്‍ പ്രശാന്ത്

തിരുവനന്തപുരം: മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ന്ന നിമിഷം. തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് നരേന്ദ്രമോദി ഔദ്യോഗികമായി അറിയിച്ചു. നിറഞ്ഞ കൈയടിയോടെയാണ് മോദിയുടെ പ്രഖ്യാപനം സദസിലുള്ളവര്‍ ഏറ്റുവാങ്ങിയത്. പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്കൊപ്പം അംഗദ് പ്രദാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരും ഉണ്ടാകും.

സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യേമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.

സഞ്ചാരികളെ അവതരിപ്പിക്കാനായത് അഭിമാനകരമയ നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഗഗന്‍ യാത്രാസംഘത്തെ കണ്ടതും സംസാരിക്കാനായും ഭാഗ്യം. ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ്. രാജ്യത്തിന്റെ മുഴുവന്‍ ആശംസകളും നിങ്ങള്‍ക്കൊപ്പമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

‘കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും; മോദിയുടെ ഗ്യാരന്റി’

‘കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും; മോദിയുടെ ഗ്യാരന്റി’

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് മോദി പറഞ്ഞു. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2019ല്‍ കേരളത്തില്‍ ബിജെപിയെ കുറിച്ചു പ്രതീക്ഷകളായിരുന്നെങ്കില്‍ ഇത്തവണ അത് വിശ്വാസമായി മാറി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അതിനായി അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു. കേരളമെന്നുപറഞ്ഞാല്‍ കാലത്തിന് മുന്‍പേ ചിന്തിക്കുന്നവരാണ്. ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുദ്രവാക്യമെങ്കില്‍ ഇത്തവണ 400ലധികം സീറ്റുകള്‍ എന്നതാണെന്ന് മോദി പറഞ്ഞു.

ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡിന്റെ ഉദ്ഘാടനം നടന്നു

ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: മടവൂർ ഗ്രാമപഞ്ചായത്തിൽ വർക്കല എം എൽ എ അഡ്വ: ജോയിയുടെ ആസ്‌ഥി വികസന ഫണ്ടിൽ ഉൾപ്പടുത്തി 25-ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാറിന്റെ അധ്യക്ഷതയിൽ വി ജോയി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

വേട്ടക്കാട്ട് കോണം ബ്രാഞ്ച്‌ സെക്രട്ടറി എൻ മുരളീധരൻ, സിപിഐഎം ലോക്കൽ സെക്രട്ടറി
അഡ്വ ബിനു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ബി എം റസിയ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ, എം എസ് റാഫി, ബി എസ് ഹർഷ കുമാർ, വാർഡ്‌ മെമ്പർ ഇന്ദു എസ് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്

സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്

ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി. സുരേഷിന്റെ ബന്ധുവിന് ജോലിക്ക് വനംവകുപ്പ് ശുപാര്‍ശ നല്‍കും.

സുരേഷിന്റെ മക്കളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും. ആന തകര്‍ത്ത ഓട്ടോയ്ക്ക് പകരം പുതിയ ഓട്ടോറിക്ഷയും വനംവകുപ്പ് വാങ്ങി നല്‍കും. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവും വനംവകുപ്പ് ഏറ്റെടുത്തു.

അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറിയതിന് പിന്നാലെ, കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. മൂന്നാര്‍ കെഡിഎച്ച് വില്ലേജ് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.