by liji HP News | Feb 21, 2024 | Latest News, കേരളം
തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു സംഭവം.
ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഫോൺ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയിൽ ബെഡ് ഭാഗീകമായി കത്തി നശിച്ചു.
ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്.
by liji HP News | Feb 21, 2024 | Latest News, കേരളം
തിരുവനന്തപുരം: 10:34സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25000 രൂപ പിഴയും കൂടാതെ അച്ചടക്ക നടപടിയും വിജിലന്‍സ് അന്വേഷണവും ഉണ്ടാവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്കി.
ആറ്റിങ്ങല്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഉടന്‍ പ്രാബല്യത്തില്‍ സ്ഥലം മാറ്റിയത്. പിഴ സംഖ്യ ഈ മാസം 28 നകം അടച്ച് 29 ന് ചെലാന്‍ കമ്മിഷനില്‍ സമര്‍പ്പിക്കണം.
ബൈജുവിനെതിരെ കേരള സിവില്‍ സര്‍വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്കിയിട്ടുണ്ട്. വകുപ്പുതല വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് നടപടിയെടുത്തത്.
കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാന്‍ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട് വര്‍ക്കല മരുതിക്കുന്ന് പാറവിളയില്‍ ലാലമ്മ 2023 ജനുവരിയില്‍ സമര്‍പ്പിച്ച പരാതി അവഗണിച്ചതിനാണ് ശിക്ഷ. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലാണ് 10 രൂപ ഫീസടച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ഈ ജോലി നിര്‍വ്വഹിച്ചത് വര്‍ക്കല ജലവിതരണ ഓഫീസായതിനാല്‍ പഞ്ചായത്തില്‍ നിന്ന് അപേക്ഷ അവിടേക്ക് നല്‍കി.
ഇങ്ങനെ ലഭിക്കുന്ന അപേക്ഷക്ക് എത്രയും വേഗം മറുപടി നല്കണമെന്നാണ് ആര്‍ടിഐ ചട്ടം. എന്നാല്‍ അവിടെ വിവരാവകാശ ഓഫീസറായിരുന്ന എസ്. ബൈജു അപേക്ഷ സ്വീകരിക്കാതെ മടക്കി. തന്റെ ഓഫീസില്‍ വേറെ ഫീസടച്ച് അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതു ചോദ്യംചെയ്ത് ലാലമ്മ സമര്‍പ്പിച്ച പരാതി ഹര്‍ജിയില്‍, വീണ്ടും അപേക്ഷാ ഫീസ് വാങ്ങരുതെന്നും പകര്‍പ്പുകള്‍ക്ക് ചെലവുതുക വാങ്ങി വിവരം നല്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബൈജു ഉത്തരവ് നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല. തുടര്‍ന്ന് ബൈജുവിനെ സമന്‍സയച്ച് വരുത്തിയാണ് വിസ്തരിച്ചത്.
നിയമം 6 (3) പ്രകാരം മറ്റൊരു ഓഫീസര്‍ ലഭ്യമാക്കിയ അപേക്ഷ നിരസിച്ചു, നാവായിക്കുളം പഞ്ചായത്തിന്റെ ആവര്‍ത്തിച്ചുള്ള അറിയിപ്പ് അവഗണിച്ചു, ഹര്‍ജിക്കാരി നേരില്‍ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല, വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല, കമ്മിഷന്‍ നല്കിയ ഓര്‍മ്മക്കുറിപ്പിനോട് പ്രതികരിച്ചില്ല, അപേക്ഷ സ്വീകരിക്കാനും വിവരം നല്കാനുമുള്ള കമ്മിഷന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തു, തെളിവെടുപ്പിന് ഹാജരായില്ല തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഹര്‍ജിക്കാരിയെയും നാവായിക്കുളം പഞ്ചായത്ത്, വര്‍ക്കല ജലവിതരണ ഓഫീസ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഓഫീസര്‍മാരെയും മേലധികാരികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കീം ഉത്തരവായത്. പിഴത്തുക ഒടുക്കാന്‍ വൈകിയാല്‍ വകുപ്പു മേധാവി ശമ്പളത്തില്‍ നിന്ന് പിടിച്ച് അടയ്ക്കണം. അല്ലെങ്കില്‍ റവന്യൂ റിക്കവറിയും ഉണ്ടാവും .
സംസ്ഥാനത്ത് ഇത് ആദ്യമായാണ് വിവരാവകാശ നിയമം 20(1) പ്രകാരം ഫൈനും 20(2) പ്രകാരം അച്ചടക്ക നടപടിയും സ്ഥലം മാറ്റവും ഒരുപോലെ നടപ്പില്‍വരുത്തി ശിക്ഷിക്കുന്നത്.
by liji HP News | Feb 21, 2024 | Latest News, കേരളം
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു.
പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.
ഷെമീറ ബീവിയുടെ മുന്‍പത്തെ രണ്ടു പ്രസവവും സിസേറിയന്‍ ആയിരുന്നു. മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ എട്ടുമാസമായി കാരയ്ക്കാമണ്ഡപത്ത് വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറിയതായും പൊലീസ് പറയുന്നു. ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നു. പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാല് നാൾ. പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഞായറാഴ്ച്ചയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നടക്കുക.
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമാണെണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാലിൽ വെച്ചാണ് യോഗം ചേർന്നത്. വകുപ്പുകളുടെ പ്രവർത്തനങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാവരും ഭംഗിയായി കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകൾ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. അതേസമയം, കനത്ത ചൂടിനെ നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പൊങ്കാലയ്ക്ക് എത്തുന്നവർക്കായി വിവിധയിടങ്ങളിൽ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാൻ ഭക്തരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള പൊതു വിദ്യാഭ്യാസ വകുപ്പും അറബിക് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ല അറബി അധ്യാപക സംഗമവും സാഹിത്യമത്സരങ്ങളും ആലംകോട് ഹാരിസൻ പ്ലാസയിൽ സംഘടിപ്പിച്ചു. സാഹിത്യ മത്സരങ്ങളിൽ കിളിമാനൂർ സബ്ജില്ല ഓവറോൾ ഒന്നാം സ്ഥാനവും, കണിയാപുരം സബ് ജില്ല രണ്ടാം സ്ഥാനവും, പാലോട് സബ്ജില്ല മൂന്നാം സ്ഥാനവും കേരള അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് അധ്യക്ഷനായ ഉദ്ഘാടന സമ്മേളനം ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം ആലംകോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ബിപിസി വിനു, തമിമുദ്ദീൻ, മുജീബ്, മുനീർ, നാസറുദ്ദീൻ കണിയാപുരം, മുനീർ കിളിമാനൂർ, ഷഫീർ കാട്ടാക്കട, ജാബിർ നെടുമങ്ങാട്, ആരിഫ് തിരുവനന്തപുരം, അനീസ് കണിയാപുരം, റഫീഖ് വർക്കല, ഹൻസീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ കോംപ്ലക്സ് കൺവീനർ നിഹാസ് പാലോട് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ജമീൽ ജെ
നന്ദിയും പറഞ്ഞു.
Recent Comments