by liji HP News | Feb 21, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 33 പേര്‍ സ്ത്രീകളാണ്.
സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 23 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 32,512 വോട്ടര്‍മാരാണുള്ളത്. 15,298 പുരുഷന്‍മാരും 17,214 സ്ത്രീകളും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
വോട്ടെടുപ്പിന് 41 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.
ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിതബൂത്തുകളില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും.വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.
by liji HP News | Feb 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
by liji HP News | Feb 21, 2024 | Latest News, കേരളം
അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് ഇവർ അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. അജ്മീർ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്.
by liji HP News | Feb 21, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദരിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജ് റോഹിങ്ടന്‍ നരിമാന്‍ മകനാണ്.
1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. അഭിഭാഷകനായി 70 വര്‍ഷത്തിലേറെ കാലമാണ് പ്രാക്ടീസ് ചെയ്തത്. തുടക്കത്തില്‍ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ഫാലി എസ് നരിമാന്‍ 1972 മുതലാണ് സുപ്രീം കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1972 മെയ് മാസത്തില്‍ അദ്ദേഹം ബോംബെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായി.
by liji HP News | Feb 21, 2024 | Latest News, കേരളം
കൊച്ചി: കൊച്ചിയിലെ കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.
ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചുപേരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേരും ആശുപത്രി വിട്ടിട്ടുണ്ട്.
Recent Comments