ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.

എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാര്‍ച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക. ഹൈസ്‌കൂളുകളോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ നിശ്ചയിച്ച പരീക്ഷകള്‍ മാര്‍ച്ച് 15ന് ആരംഭിക്കും.

ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള എല്‍പി, യുപി സ്‌കൂളുകളിലെ പരീക്ഷ ടൈംടേബിളില്‍ മാറ്റമില്ല. മാര്‍ച്ച് അഞ്ച് മുതലാണ് പരീക്ഷ. ഇന്‍ഡിപെന്‍ഡന്റ് എല്‍.പി, യുപി അധ്യാപകരെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സര്‍ക്കുലറിലുണ്ട്. എല്‍പി, യുപി ചേര്‍ന്നുള്ള ഹൈസ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പരീക്ഷക്ക് ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ ക്ലാസ് മുറികളും ഉപയോഗിക്കാം

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി സ്കൂളിന് 142 വയസ്സ്

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി സ്കൂളിന് 142 വയസ്സ്

അഞ്ചുതെങ്ങ്: മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി സ്കൂൾ 142 മത് വാർഷികം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് ജോഷി ജോണിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം അതിരൂപത സ്കൂൾ കോർപ്പറേറ്റ് മാനേജർ, ഫാദർ ഡൈസൺ വൈ ഉദ്ഘാടനം നിർവഹിച്ചു.

മാമ്പള്ളി ഇടവക വികാരിയും സ്കൂൾ മാനേജരുമായ ഫാദർ ജസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സീനാബെൻ ടീച്ചർ ഒരു വർഷത്തെ റിപ്പോർട്ട് അവതരണം നടത്തി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, പഞ്ചായത്ത് മെമ്പറായ ജൂഡ് ജോർജ്, ഇടവക വിദ്യാഭ്യാസ കൺവീനർ ഫ്രാൻസിസ്, സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ ജെസ്സി ജെ പെരേര, എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി എറിക് മെഴ്‌സിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ജീന പ്രവീൺ നന്ദിയും പറഞ്ഞു.

ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകളിൽ ഇത്തവണയും പൊതു ശ്മശാന പദ്ധതി നടപ്പാക്കില്ലെന്നു പരാതി

ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകളിൽ ഇത്തവണയും പൊതു ശ്മശാന പദ്ധതി നടപ്പാക്കില്ലെന്നു പരാതി

അഞ്ചുതെങ്ങ്: പൊതു ശ്മശാനം വേണമെന്ന ആവിശ്യത്തോട് കാലങ്ങളായ് മുഖം തിരിക്കുന്ന നടപടിയാണ് ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകളും സ്വീകരിച്ചിട്ടുള്ളത്. പ്രധാനമായും പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിയിന്നില്ലെന്നും അഥവാ കണ്ടെത്തിയാൽ സമീപ വാസികളിൽനിന്നും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വാദമുയർത്തിയാണ് പലപ്പോഴും ഈ ആവിശ്യത്തെ ഗ്രാമ പഞ്ചായത്തുകൾ അവഗണിയ്ക്കുന്നത്.

എന്നാൽ, പൊതു ശ്മശാനം നിർമ്മിയ്ക്കുവാൻ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പരിഹാര മാർഗ്ഗമെന്നോണം, ഗ്രാമ പഞ്ചായത്തുകൾ സഞ്ചരിക്കുന്ന പൊതു ശ്മശാനം വാങ്ങുവാൻ തയ്യാറാകണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ കഴിഞ്ഞ 2022 ൽ രംഗത്ത് വന്നിരുന്നു. ഈ ആവിശ്യത്തോടും നിലവിൽ അധികൃതർ മുഖം തിരിക്കുന്ന അവസ്ഥയാണ്.

മഴക്കാലങ്ങളിൽ അടിയ്ക്കടി വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളിലെയും ഒട്ടുമിക്ക പ്രദേശങ്ങളും. ഇവയിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാല്‍ ആഴ്ചകളോളമാണ് മലിനജലം തങ്ങി നില്‍ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മത-ആചാര പ്രകാരം ദഹിപ്പിയ്ക്കുവാനോ മറവ് ചെയ്യുവാനോ കഴിയാത്ത ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്.

മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ളഭൂമിയില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയാത്തവരും ഇതിന്റെ ഇരകളാകുകയാണ്. വീടിന്റെ അടുക്കളയിലും, കിടപ്പുമുറിയിലും മൃതദേഹം മറവ് ചെയ്യേണ്ടി വരുന്ന ദയനീയ കാഴ്ചകൾ പോലും ഈ മേഖലയിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജനപ്പെരുപ്പം കൂടുകയും ഒഴിഞ്ഞപുരയിടങ്ങൾ ഇല്ലാതാകുയും ചെയ്യുന്ന സാഹചര്യവും വിരൽ ചൂണ്ടുന്നത് പൊതു ശ്മാശാനം എന്ന ആവശ്യമാണ്.

വാജ്‌പേയ് ഗവെമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകള്‍ തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും പൊതു ശ്മശാനം ഒരു പദ്ധതിയായ്‌ ഉള്‍പെടുത്തണം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും പൊതു ശ്മശാനം ഉള്‍പെടുത്തുകയും പദ്ധതിരേഖ പാസ്സാക്കിയതിനു ശേഷം സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന സ്ഥിര ന്യായം നിരത്തി തടിതപ്പുകയുമാണ്‌ ചെയ്തത്. നാല്
പഞ്ചായത്തുകൾക്ക് കൂടി മുൻകൈ എടുത്ത് ഒരു പൊതു ശ്മാശാനം സ്ഥാപിക്കുവാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം നിലനിൽക്കുകയാണ്.

തരംഗിണി ലൈബ്രറി  ചിത്രരചനാ മൽസരം സംഘടിപ്പിച്ചു

തരംഗിണി ലൈബ്രറി ചിത്രരചനാ മൽസരം സംഘടിപ്പിച്ചു

തരംഗിണി ലൈബ്രറി ചിത്രരചമൽസരം സംഘടിപ്പിച്ചു. ഊരൂപൊയ്ക, എം.ജി.എം.യു.പി.എസിലാണ് മൽസരങ്ങൾ നടന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം മൽസരങ്ങൾ നടന്നു.

വൈകുന്നേരം നടന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സന്തോഷ്കുമാർ.ആർ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ മൽസരവിജയികളായ അഞ്ജന ബിജു, ബിന്ദു മണികണ്ഠൻ, വിസ്മയ എന്നിവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രമാഭായി ഉപഹാരങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി അൻഫാർ, ബിന്ദു മണികണ്ഠൻ, ലൈബ്രറിയൻ രേണുക എന്നിവർ പങ്കെടുത്തു.

വിവാഹത്തിന് മുന്‍പ് ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ; 28കാരന് ദാരുണാന്ത്യം

വിവാഹത്തിന് മുന്‍പ് ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ; 28കാരന് ദാരുണാന്ത്യം

കല്യാണത്തിനു മുന്‍പ് ചിരി അല്‍പം കൂടി മനോഹരമാക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ജം ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16ന് ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍വെച്ചാണ് യുവാവ് മരിച്ചത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്‍റർനാഷണൽ ഡെന്‍റൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.

അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാർ പറഞ്ഞത്. ഉടൻ ക്ലിനിക്കിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.

ശസ്ത്രക്രിയയെക്കുറിച്ച് മകൻ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.