ഹോമിയോ ഹോസ്പിറ്റലിന് സെക്യൂരിറ്റി ക്യാമറ സമ്മാനിച്ച് വാർഡ്‌ കൗൺസിലർ

ഹോമിയോ ഹോസ്പിറ്റലിന് സെക്യൂരിറ്റി ക്യാമറ സമ്മാനിച്ച് വാർഡ്‌ കൗൺസിലർ

ആറ്റിങ്ങൽ: ഹോമിയോ ഹോസ്പിറ്റലിന് മൂന്നാം വാർഡ്‌ കൗൺസിലർ ദീപ രാജേഷ് സെക്യൂരിറ്റി ക്യാമറ സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നാലാം വാർഡ് കൗൺസിലർ ശാന്തകുമാരി നിർവഹിച്ചു. ഡോ.മഞ്ജുള, തങ്കച്ചി, ഡോ. സൗമ്യലക്ഷ്മി, എച്ച് എം സി അംഗം ഗോപകുമാരൻ നായർ, രാജേഷ് മാധവൻ, ക്യാമറ സ്പോൺസർ സാബു, ഹോസ്പിറ്റൽ സ്റ്റാഫുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുമ്മനമില്ല, തിരുവനന്തപുരത്ത് ബിജെപിയുടെ ലിസ്‌റ്റിലുള്ള അഞ്ച് പേരും വിജയസാദ്ധ്യതയുള്ളവർ‌

കുമ്മനമില്ല, തിരുവനന്തപുരത്ത് ബിജെപിയുടെ ലിസ്‌റ്റിലുള്ള അഞ്ച് പേരും വിജയസാദ്ധ്യതയുള്ളവർ‌

തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് കടന്നെങ്കിലും തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ആരെയും ഉറപ്പിക്കാതെ ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ കൊല്ലത്തും പത്തനംതിട്ടയിലും പരിഗണിക്കുന്നുണ്ട്. മാവേലിക്കരയും കോട്ടയവും ഇടുക്കിയും ബി.ഡി.ജെ.എസിനാണ്.തൃശ്ശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ്, മുൻ ചെയർമാൻ ജി.മാധവൻനായർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മെട്രോമാൻ ഇ.ശ്രീധരൻ,
നടൻ കൃഷ്ണകുമാർ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. ഒ.രാജഗോപാലിനെപ്പോലെ സൗമ്യനും പുരോഗമനപ്രതിച്ഛായയുമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് ശ്രമം.
മതന്യൂനപക്ഷങ്ങളുടെ വോട്ടാണ് തിരുവനന്തപുരം വഴുതിപ്പോകാനിടയാക്കുന്നത്.

കുമ്മനം രാജശേഖരനെപ്പോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളവർക്ക് ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നാണ് അനുഭവം. പത്തനംതിട്ടയോടാണ് കുമ്മനത്തിന് താൽപര്യം. ഏറെക്കാലം കുമ്മനത്തിന്റെ കർമ്മഭൂമിയായിരുന്ന ശബരിമല ഉൾപ്പെട്ട പത്തനംതിട്ടയിൽ പാർട്ടിക്കും നല്ല വേരോട്ടമുണ്ട്. പത്തനംതിട്ടയിൽ കുമ്മനത്തിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാർട്ടി റിപ്പോർട്ട്. അതേസമയം ഈയിടെ പാർട്ടിയിലേക്ക് എത്തിയ പി.സി.ജോർജോ, മകൻ ഷോൺ ജോർജോ പത്തനംതിട്ടയിൽ എത്തുകയാണെങ്കിൽ കുമ്മനത്തെ കൊല്ലത്ത് പരിഗണിക്കും.

പാർട്ടിയിലെത്തിയ അനിൽ ആന്റണിയെയും പത്തനംതിട്ടയിൽ പരിഗണിക്കുന്നുണ്ട്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളാണ് അനിൽ ആന്റണിയെ പരിഗണിക്കുന്ന മറ്റു മണ്ഡലങ്ങൾ. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രൻ ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. പ്രമുഖ വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാസുരേന്ദ്രനെ പാലക്കാട്ടും കോഴിക്കോട്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മികച്ച പ്രകടനമാണ് ശോഭ നടത്തിയത്. പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും കോഴിക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും പരിഗണനയിലുണ്ട്. വടകരയിൽ സജീവൻ തന്നെ മത്സരിച്ചേക്കും. കണ്ണൂരിൽ സി.രഘുനാഥിനെ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വയനാട് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വന്നശേഷമേ തീരുമാനമുണ്ടാകൂ.

ഇക്കുറി ബി.ജെ.പി.സ്ഥാനാർത്ഥിയായിരിക്കും അവിടെ മത്സരിക്കുക. കാസർകോട്ട് രവീശതന്ത്രി തന്നെയാകും. വനിതാ സ്ഥാനാർത്ഥിയേയും പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ പട്ടികയിലുണ്ട്. രാധാകൃഷ്ണനെ ആലപ്പുഴയിലേക്ക് നിയോഗിക്കാനുമിടയുണ്ട്. ആലത്തൂരിൽ പട്ടികമോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടായിരിക്കും സ്ഥാനാർത്ഥി. അനിൽ ആന്റണിയല്ലെങ്കിൽ ചാലക്കുടിയിൽ സംസ്ഥാന വക്താവ് ടി.പി.സിന്ധുമോളെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നുണ്ട്. അല്ലെങ്കിൽ എ.എൻ.രാധാകൃഷ്ണനായിരിക്കും അവിടെ മത്സരിക്കുക. ബി.ഡി.ജെ.എസ്.നേതാവും എൻ.ഡി.എ.കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. മത്സരിക്കുകയാണെങ്കിൽ കോട്ടയത്തായിരിക്കും.

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം, ജനം പരിഭ്രാന്തിയില്‍

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം, ജനം പരിഭ്രാന്തിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലമാണ് പുഞ്ചിരിമറ്റം. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു; ദുരൂഹതയെന്ന് നാട്ടുകാര്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു; ദുരൂഹതയെന്ന് നാട്ടുകാര്‍

കോഴിക്കോട്‌: എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലാണ് അപകടമുണ്ടായത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ആരോഗ്യാവസ്ഥ മോശമായി; അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യാവസ്ഥ മോശമായി; അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മദനിക്ക് ഡയാലിസിസ് ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കരൾ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് അബ്ദുൾ നാസർ മദനി.

ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.