രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ: മുഖ്യമന്ത്രി

കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും.

നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു . വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി ചരിത്രത്തിലെ പുതിയ ഏടായിരുന്നു നവകേരള സദസ്. ആദ്യ യോഗത്തില്‍ വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം പൊതുവായി കേരളം എങ്ങനെ ഉയര്‍ന്നുവരണം എന്നതിനെക്കുറിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ന് നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഏത് രീതിയില്‍ അതിജീവിക്കണം എന്നതിനെ കുറച്ച് ധാരണയുള്ളവരായിരിക്കണം യുവജനങ്ങള്‍.

നമ്മുടെ യുവജനങ്ങള്‍ ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകര്‍ന്നാല്‍ ഒന്നും നേടാന്‍ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്രാളിക്കാവ് പൂരം; വെടിക്കെട്ടിന് അനുമതിയില്ല

ഉത്രാളിക്കാവ് പൂരം; വെടിക്കെട്ടിന് അനുമതിയില്ല

തൃശൂർ: ഉത്രാളിക്കാവ് മഹോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതിയില്ല. പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താനായി ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എഡിഎംടി തള്ളി.

പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും സമീപകാലത്തുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വെടിക്കെട്ട് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂര്‍, വരവൂര്‍ എന്നിവിടങ്ങളില്‍ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. അതിനാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.

മരട് വെടിക്കെട്ടിന് അനുമതിയില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

മരട് വെടിക്കെട്ടിന് അനുമതിയില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ജില്ലാ കലക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായാണ് വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്.

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് മരടിലെ വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ നേരത്തെ അനുമതി നിഷേധിച്ചത്. മരടിലെ സ്ഥലപരിമിതി അടക്കം പരിഗണിച്ച് പൊലീസ്, റവന്യൂ, അഗ്‌നിരക്ഷാസേന എന്നിവ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അനുമതി നിഷേധിച്ചത്.

വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വർക്കല: വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല അയിരൂർ കടവുങ്കര സ്വപ്നവീട്ടിൽ ഗോപകുമാർ ലീല ദമ്പതികളുടെ മകൻ ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണുന്നത്.

തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ​ഗോകുൽ. അസ്വാഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാരതീയ വ്യാപാര വ്യവസായി സംഘം ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു

ഭാരതീയ വ്യാപാര വ്യവസായി സംഘം ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു

ഭാരതീയ വ്യാപാര വ്യവസായി സംഘം ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ധർമ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാഭാർത്ഥം എന്ന മുദ്രാവാക്യം ഉയർത്തി ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു. ഭാരതീയ വ്യാപാര വ്യവസായി സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്. ശശിധരൻ നായർ അധ്യക്ഷനായി. സജിത് പ്രസാദ്, രാജേഷ് മാധവൻ, ഗോപകുമാർ, പ്രസന്നകുമാർ, കുമാർ, സുജിത്ത്, വേണുഗോപാൽ, ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.