by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
യുജിസി സെക്ഷന്‍ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയര്‍ത്തിയത്. യുജിസി സെക്ഷന്‍ 3 (11) ല്‍ പറയുന്നത് പ്രകാരം എംഫില്‍, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്‌സ്പീരിയന്‍സായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
ഇതു കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ യോഗ്യതാ മാനദണ്ഡം ഹൈക്കോടതി അംഗീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. സെക്ഷന്‍ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
by liji HP News | Feb 19, 2024 | Latest News, കേരളം
കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അഭിമുഖം ഇടുക്കിയില്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം
സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ് തസ്തികയില്‍ ആയിരത്തിലേറെ ഒഴിവുകള്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണ മേഖല ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നത്.
യോഗ്യത
മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ് സി, ബികോം കോഴ്‌സ് വിജയിച്ച് അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട്പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാം.
www.sdcentre.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 27നകം രജിസ്റ്റര്‍ ചെയ്യണം. അഭിമുഖം 29ന് രാവിലെ ഒമ്പതിന് ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കല്‍.
വിശദവിവരങ്ങള്‍ക്ക്: www.sdcentre.org. സന്ദര്‍ശിക്കുക.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ അഞ്ചുതെങ്ങിൽ ആണ് ചുവരെഴുത്ത് ആദ്യമായി ആരംഭിച്ചത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ട് ചിഹ്നവും മറ്റും എഴുതിക്കൊണ്ടാണ് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ തവണ നഷ്ടപെട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയോടെ ആണ് പ്രവർത്തകർ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ ചുവരെഴുത്തു തുടങ്ങിയത്. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
by liji HP News | Feb 19, 2024 | Latest News, കേരളം
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച് നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയിയെയും ക്ലാസില്‍ കണ്ടില്ല.
ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂള്‍ മൈക്കില്‍ അനൗണ്‍സ്മെന്‍റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
കടുത്ത മനോവിഷമത്തിലാണ് പ്രജിത്ത് വീട്ടിലേക്ക് മടങ്ങിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, സ്ക്കൂൾ അധികൃതർ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകര്‍ പറഞ്ഞിട്ടുള്ളൂ എന്ന് പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ പറയുന്നു. പ്രജിത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്.
അതിനിടെ, ബൈക്കിൽ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടുവെന്ന് സംശയം പ്രകടിപ്പിച്ച യുവാവിനെ സ്റ്റേഷനിൽ എത്തിച്ചു. രാത്രി 12.30ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് പുരുഷന്മാർ ഒരു സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ മൊഴിയെടുക്കുന്നത്. അതിനിടെ, കുട്ടിയെ വാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തിയ കുടുംബം ഇക്കാര്യം പൊലീസിനെ അറിയിച്ചു. കുടുംബം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അതേസമയം, തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയെ കാണാതായിട്ട് 12 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുംട കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.
സംഭവത്തിൽ യാതൊരു വിധത്തിലുള്ള ആശ്വാസവാർത്തയും ഇതുവരെ എത്തിയിട്ടില്ല. സഹോദരങ്ങൾ പറയുന്ന മൊഴിയിൽ വൈരുദ്ധ്യവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. കൂടാതെ, തട്ടിക്കൊണ്ടു പോകൽ ഉറപ്പിക്കാത്ത നിലപാടിലാണ് പൊലീസും ഉളളത്. രാവിലെയാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും യാതൊരു വിധത്തിലുളള തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൊഴികളിലെ ആശയക്കുഴപ്പമാണ് പൊലീസിനെ വെട്ടിലാക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Recent Comments