by liji HP News | Feb 19, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ക്ലാസ് സമയത്ത് കുട്ടികൾ ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാട്ടർ ബെൽ സംവിധാനം നടപ്പാക്കുന്നു. വാട്ടർ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണക്കാട് വൊക്കേഷണൽ ആന്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
വാട്ടർ ബെൽ സംവിധാനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സർക്കുലർ പുറത്തിറങ്ങി. തിങ്കളാഴ്ച മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും വാട്ടർ ബെൽ മുഴക്കും. ഈ സമയത്ത് വെള്ളം കുടിക്കുന്നതിനായി അഞ്ച് മിനിറ്റ് ഇടവേളയും അനുവദിക്കും. വീടുകളിൽനിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ തല എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലും ഗേൾസ് ഹയർസെക്കന്ററി സ്കൂളിലുമായി നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.
സബ്ജില്ലാ പ്രസിഡന്റ് എസ് ദിലിത്ത് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ വിശദീകരണം നടത്തി. കെ.എസ്.ടി.എ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എച്ച് അരുൺ, എം ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മഹേഷ്, റ്റി.പി രഞ്ജുഷ എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതവും സബ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സിനു നന്ദിയും പറഞ്ഞു.
by liji HP News | Feb 19, 2024 | Latest News, കേരളം
ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ്. കാട്ടൂർ അഴിയകത്തു വീട്ടിൽ പ്രജിത്ത് (13) ആണു മരിച്ചത്. അധ്യാപകരടക്കമുള്ളവരുടെ ശാരീരിക, മാനസിക പീഡനമാണ് മകന്റെ മരണത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനുമാണ് പിതാവ് എപി മനോജ് പരാതി നൽകിയത്.
15നു വൈകീട്ട് സ്കൂളിൽ നിന്നു മടങ്ങിയെത്തിയ പ്രജിത്തിനെ യൂണിഫോമിൽ തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്ന് സ്കൂളിൽ വച്ചു സഹപാഠിക്കു തലകറക്കം ഉണ്ടായെന്നും വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്തും ഒപ്പം പോയി. ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചു. ഇതുകേട്ട് പ്രജിത്തും സഹപാഠിയും ക്ലാസിലേക്ക് ഓടിയെത്തി. പിന്നാലെ അധ്യാപകൻ ചൂരൽ ഉപയോഗിച്ചു തല്ലുകയും ശരീര പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നു.
സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞത്. സ്കൂളിൽ നിന്നു മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോ എന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്നും സഹപാഠികൾ പറഞ്ഞതായി പിതാവിന്റെ പരാതിയിലുണ്ട്. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്ന് പ്രജിത്ത് വീട്ടിലേക്ക് വന്നത്.
അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും ഇല്ല. അധ്യാപകർക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു. അധ്യാപകരുടെ മൊഴിയെടുത്തതായും അടുത്ത ദിവസം വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളജിന് സമീപത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കുട്ടിയെ കാണാതായതിന് സമീപത്തുള്ള പൊന്തക്കാടുകളും ചതുപ്പുകളുമെല്ലാം പൊലീസ് അരിച്ചുപെറുക്കി. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി 12 നും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് കാണാതായ കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഏറ്റെടുത്തു. കുട്ടിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. നാടോടികളായ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്.
ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ജില്ലാ അതിര്‍ത്തികളില്‍ അടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന നാടോടി സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കുട്ടിയെ കണ്ടെത്താനായി അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ സ്ഥലം എംഎല്‍എയായ ആന്റണി രാജുവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കുട്ടിയുടെ മുത്തശ്ശി കരഞ്ഞു. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തണമെന്നാണ് മുത്തശ്ശി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ബന്ധപ്പെട്ടിരുന്നതായും, വ്യക്തമായ സൂചനകള്‍ ഒന്നുമില്ലാത്തതിനാല്‍ എല്ലാ സാധ്യതകളും പരിശോധിച്ചു വരുന്നതായി ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ പൊലീസിന് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് എഡിജിപി മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 0471-2743195 എന്ന നമ്പറിലേക്കോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കോ വിളിച്ച് അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി.
by liji HP News | Feb 17, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ:തരംഗിണി ലൈബ്രറി & റീഡിങ് റൂമിന്റെയും തരംഗിണി ബാലവേദിയുടെയും
സംയുക്താഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 3 മണിക്ക് ഊരുപൊയ്ക എം ജി എം യു പി എസ്സിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മത്സര സ്ഥലത്ത് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ചിത്ര രചനാ മത്സരത്തിലെ വിജയികൾക്ക് പ്രശസ്തകവി രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനങ്ങൾ നൽകും.
Recent Comments