by liji HP News | Jul 27, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്.
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്നും പഠനത്തിനു നേതൃത്വം നൽകിയ പ്രജ്ഞാ യാദവ് വ്യക്തമാക്കി.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ പ്രദേശങ്ങളിലും കേരളത്തിൽ കോഴിക്കോടും പഴംതീനി വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോൾ സർവേ നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി. 2018 മെയ് മാസത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത, മരണം
കൊച്ചി: റോഡു മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍, ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ,അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഇരുവരും റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരച്ചെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മരിച്ച നമിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. അപകടം മനഃപൂര്‍വം വരുത്തിവെച്ചതാണെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കോളജിന് മുന്നിലൂടെ ആന്‍സണ്‍ റോയി അമിത വേഗത്തില്‍ പോയത് കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. കുട്ടികളെ പ്രകോപിപ്പിക്കാന്‍ ഇയാള്‍ വീണ്ടും ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു.അപകടത്തിന്റെയടക്കം ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമുടലെടുത്തിരുന്നു.
by liji HP News | Jul 27, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വൻ വർധന. ഇന്നലെയാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ വർത്തേക്കാൾ 2,54,160 ടിക്കറ്റുകളാണ് ഇക്കുറി അധികം വിറ്റത്.പത്ത് കോടി രൂപയാണ് സമ്മാനത്തുക.ഏജന്റുമാരുടെ കമ്മീഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവ്. 250 രൂപയാണ് ടിക്കറ്റിന്.
കഴിഞ്ഞ വർഷം മൺസൂൺ ബമ്പർ ടിക്കറ്റുകൾ 30 ലക്ഷമാണ് അടിച്ചത്. ഇതിൽ 24,45,840 ടിക്കറ്റുകളാണ് ചെലവായത്. അഞ്ചര ലക്ഷത്തോളം ടിക്കറ്റുകൾ കഴിഞ്ഞ വർഷം ബാക്കിയായതിനാൽ ഇക്കുറി 27 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ. ഇതു മുഴുവൻ വിറ്റു.നറുക്കെടുപ്പ് തീയതി അടുക്കുമ്പോഴാണ് വിൽപ്പന കൂടാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടത് വിൽപ്പനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കനത്ത മഴയ്ക്കിടയിലും ടിക്കറ്റുകൾ തീർന്നു.
by liji HP News | Jul 27, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ട് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം പരാമർശിച്ചത്. ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് അപേക്ഷ.
2018 നവംബറിലാണ് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയെ രണ്ട് വർഷത്തെക്ക് ഇഡി മേധാവിയായി നിയമിച്ചത്. 2020 കാലാവധി അവസാനിച്ചു. 2020 മേയിൽ അദ്ദേഹത്തിന് 60 വയസ് തികഞ്ഞിരുന്നു. തുടർന്ന് ആദ്യ ഉത്തരവിലെ സേവന കലാവധി മൂന്ന് വർഷമാക്കി ഭേദഗതി വരുത്തി. ഇതിനെ ചോദ്യം ചെയ്ത് കോമൺ കോസ് എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചു.
തുടർന്ന് മിശ്രയുടെ കാലാവധി നീട്ടിയ നടപടി ജസ്റ്റിസ് ഗവായ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് റദ്ദാക്കിയിരുന്നു. ജൂലൈ 31 നകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാൽ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
by liji HP News | Jul 27, 2023 | Latest News, കേരളം
കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2:1 സീറ്റുകൾ (ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.
കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപ കൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം. എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അശോക് ലൈലാന്റ് ഷാസിയിൽൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബാഗ്ലൂർ ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്. 200 എച്ച് പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്. സുരക്ഷയ്ക്ക് 2 എമർജൻസി വാതിലുകളും , നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന്റെ സ്വീകരണാർത്ഥം കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും. കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നതിനുപകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് കൂടെ പങ്ക് വയ്ക്കാനാണ് കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ശ്രമമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇത്തരത്തിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ബസുകൾ വാങ്ങി അതിന്റെ ലാഭം അവർക്ക് തന്നെ നൽകുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ലക്ഷ്യമുണ്ട്.
Recent Comments