by liji HP News | Jul 25, 2023 | Latest News, കേരളം
സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകും. സപ്ലൈകോയ്‌ക്ക് ഈയാഴ്‌ചതന്നെ കുറച്ച് പണം അനുവദിക്കും. സംസ്ഥാനത്ത് പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ പൊതുവിപണിയേക്കാൾ വിലകുറച്ച് വിൽക്കുന്ന നടപടി തുടരും.
by liji HP News | Jul 25, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
by liji HP News | Jul 25, 2023 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അക്മല്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇരുവരെയും കൊലപ്പെടുത്തിയത് കഴുത്തുമുറിച്ചാണെന്ന് അക്മല്‍ കുറ്റസമ്മതമൊഴി നല്‍കി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും.
ഉറങ്ങിക്കിടന്ന വൈലത്തൂര്‍ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകനായ അക്മല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകന്‍ അഹമ്മദ് അക്മലിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ഇയാള്‍ ലഹരിക്ക് അടിമയാണെന്നു നാട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി.
കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കള്‍ക്കു ഭക്ഷണവുമായെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.വാതിലിനോടു ചേര്‍ന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളില്‍ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്.
നിലവിളിച്ചു കൊണ്ടു പുറത്തേക്കോടിയ നൗഷാദ് വീടിന്റെ ഗേറ്റില്‍ കുഴഞ്ഞുവീണു. പിന്നീട് ഫോണില്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയതോടെയാണു ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങള്‍ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയാണു കൊലപാതകം നടത്താന്‍ ഉപയോഗിച്ചത്. മൃതദേഹത്തിനരികില്‍ നിന്നു കത്തി കണ്ടെടുത്തു. ദമ്പതികളുടെ മൂത്തമകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മല്‍. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വര്‍ഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വര്‍ഷത്തോളം അക്മല്‍ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ട്.
അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചതെന്ന് പൊലീസ് പറയുന്നു. അവനെ വളര്‍ത്തി വലുതാക്കിയതും ഇവര്‍ തന്നെ. ചെറുപ്രായത്തില്‍ തന്നെ അക്മലിന്റെ ഉമ്മയും ഉപ്പയും വേര്‍പിരിഞ്ഞിരുന്നു. അനാഥത്വം അറിയിക്കാതെ ചെറുമകനെ വളര്‍ത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുക്കുകയായിരുന്നു. ബിബിഎയ്ക്കു പഠിക്കണമെന്നു പറഞ്ഞപ്പോള്‍ ചെറുമകന്റെ ഇഷ്ടാനുസരണം ഉപരിപഠനത്തിന് അനുവദിച്ചു. ഇഷ്ടമുള്ള കോളജില്‍ ചേര്‍ത്തു. പക്ഷേ, ലഹരിക്ക് അടിമയായ ശേഷം അക്മലിന്റെ രീതികളാകെ മാറിയെന്നും പൊലീസ് പറയുന്നു.
by liji HP News | Jul 25, 2023 | Latest News, കേരളം
കൊച്ചി: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ രക്ഷിച്ച് അധ്യാപിക. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. അധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്.
ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നില്‍ക്കുമ്പോള്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോണ്‍ പാഞ്ഞെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഷാരോണ്‍ കുട്ടിക്കു സിപിആര്‍ നല്‍കിയതോടെയാണ് അപകടം ഒഴിവായത്. സ്‌കൂള്‍ അസംബ്ലിയില്‍ മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിനെ ആദരിച്ചു.
by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിലെ അധ്യാപകനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനും, സംവിധായകനും ആയിരുന്ന, അകാലത്തിൽ പൊലിഞ്ഞുപോയ സുനിൽ കൊടുവഴന്നൂരിന്റെ സ്മരണയ്ക്കായിചിറയിൻകീഴ് ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച കഥാരചനാ മത്സരത്തിൽ പോത്തൻകോട് എൽ. വി .എച്ച്. എസ്. എസി .ലെ ദേവിക ഒന്നാം സ്ഥാനവും അയിലം ഗവ. എച്ച് .എസ് ലെ സാന്ദ്ര സജിത്ത് രണ്ടാം സ്ഥാനവും, ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ വൈഷ്ണവ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തിരുവനന്തപുരം ജില്ലയിലെ 40 ഓളം സ്കൂളുകളിൽ നിന്ന് 50 കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, അവാർഡ് വിതരണവും പ്രശസ്ത സിനിമ – സീരിയൽ നടനും, ഡബ്ബിങ് ആർട്ടിസ്റ്റും ആയ പ്രൊഫ. അലിയാർ നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ബി. സതീഷിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ. ആർ അജിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സാജൻ നന്ദിയും പറഞ്ഞു. സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ, പ്രോഗ്രാം കോഡിനേറ്റർ എം. ജി മനോജ്, ശ്രീ വിജയകുമാർ (സുനിൽ കൊടുവഴന്നൂരിന്റെ സഹോദരൻ) രാജേഷ് (B2 Studio) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2500രൂപയും പ്രശസ്തിപത്രവും മൊമെന്റേയും ആണ് ഒന്നാം സ്ഥാനം നൽകിയത്. രണ്ടാം സ്ഥാനം 1500രൂപ, പ്രശസ്തിപത്രം, മൊമെന്റോ. മൂന്നാം സ്ഥാനം 1000 രൂപ, പ്രശസ്തിപത്രം, മൊമെന്റോ .
Recent Comments