സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം നടന്നു

സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം നടന്നു

മണിപ്പൂർ കലാപ വിഷയത്തിൽ സുപ്രീംകോടതിയും, രാഷ്ട്രപതിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ ബാർ അസോസിയേഷൻ
അങ്കണത്തിൽ വച്ച് സിഗ്നേച്ചർ കാമ്പയിൻ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: മുഹമ്മദ് മുഹസിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ:എസ് രാധാകൃഷ്ണൻ, സെക്രട്ടറി അഡ്വ: ഡി അനിൽകുമാർ, അഡ്വ: എസ് രാധാകൃഷ്ണൻ നായർ, അഡ്വ: എസ് എസ് സുരേഷ്, അഡ്വ: എസ് .ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു.

‘മണിപ്പൂർ ജനതയെ രക്ഷിക്കുക’ – മുരുക്കുംപുഴയിൽ ജനകീയ കൂട്ടായ്മ

‘മണിപ്പൂർ ജനതയെ രക്ഷിക്കുക’ – മുരുക്കുംപുഴയിൽ ജനകീയ കൂട്ടായ്മ

മുരുക്കുംപുഴ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്കും, അക്രമ പ്രവർത്തനങ്ങൾക്കും, ഭരണകൂടത്തിൻ്റെ നിസ്സംഗ മനോഭാവത്തിനുമെതിരെ മുരുക്കുംപുഴയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആറാട്ടുമുക്ക്എസ്സ് എൻ വി ഗ്രന്ഥശാലയ്ക്കു മുന്നിൽ നിന്ന് ആരംഭിച്ച മൗനജാഥയിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി മൗന ജാഥയായി മുക്കുംപുഴ ജംഗ്ഷനിലെത്തി മെഴുകുതിരി തെളിച്ച്, നമ്മുടെ നാടിന്‍റെ ജനാധിപത്യവും, സ്വാതന്ത്ര്യവും, സാഹോദര്യവും ദേശീയബോധവും ഊട്ടി ഉറപ്പിക്കുന്ന ഇന്‍ഡ്യന്‍ ദേശീയ പ്രതിജ്ഞ ചൊല്ലിയാണ് ജനകീയ ‘പ്രതിഷേധം അവസാനിപ്പിച്ചത്. മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രവും, ഗാന്ധി പീസ് ഫൗണ്ടേഷനും, വിവിധ മതസംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ആസീം വെളിമണ്ണ എന്ന കൊച്ചു കലാപ്രതിഭ ഇന്ന് ആലംകോട് ദാറുൽ ഇർഷാദിൽ

ആസീം വെളിമണ്ണ എന്ന കൊച്ചു കലാപ്രതിഭ ഇന്ന് ആലംകോട് ദാറുൽ ഇർഷാദിൽ

ആലംകോട്: യൂണിസെഫ് അവാർഡ് ജേതാവ് ആസിം വെളിമണ്ണ എന്ന കൊച്ചു കലാപ്രതിഭ ഇന്ന് ആലംകോട് ദാറുൽ ഇർഷാദിൽ എത്തുന്നു. പരിമിതികളെയും വൈകല്യങ്ങളെയും മനക്കരുത്തുകൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച് അന്താരാഷട്ര യൂണിസെഫ് അവാർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല അവാർഡ് എന്നിവകൾക്ക് അർഹനാവുകയും വിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കുകയും ചെയ്ത വിസ്മയ ബാലൻ ആസിം വെളിമണ്ണ ഇന്ന് ചൊവ്വാഴ്ച ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇൻ്റർനാഷണൽ ട്രെയിനറും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ:ബഷീർ എടാട്ട്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ സംബന്ധിക്കും.

ആസിം ഈ പേര് അറിയാത്തവർ ആരുമുണ്ടാവില്ല. വൈകല്യം ശാപമായോ ഭാഗ്യദോഷമായോ കാണുന്നവർക്ക് അത് അനുഗ്രഹവും സൗഭാഗ്യവുമാണെന്ന്
തെളിയിക്കുകയാണ് ആസിം. രണ്ട് കൈകളും ഇല്ലാത്ത ആസിം പെരിയാറിൽ ഒരു കിലോമീറ്റർ നീന്തിക്കയറിയത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. പരിശുദ്ധ കഅബയുടെ കിസ് വ തുന്നാനും അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഏത് പരിമിതിക്കുള്ളിലും പോസിറ്റീവ് കാഴ്ചപ്പാടിലൂടെ മുന്നേറാൻ ആസിമിന്റെ അനുഭവങ്ങൾ നേരിട്ടറിയുന്നതിലൂടെ പ്രചോദനമാകും.

തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണത്തിന് താൽക്കാലിക സ്റ്റേ

തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണത്തിന് താൽക്കാലിക സ്റ്റേ

ഡൽഹി: തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിംകോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സ്വകാര്യവ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും. കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.

കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

കഠിനംകുളം മരിയനാട് തീരത്തും മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. വള്ളത്തിൽ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയനാട് സ്വദേശി മൗലിയാസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.