by liji HP News | Nov 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്.
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നതിന് കൂടിയാണ് ഈ നടപടി. നിര്‍ദ്ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരേയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പ്രിസൈഡിങ് ഓഫീസറോ പോളിങ് ഓഫീസറോ മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
by liji HP News | Nov 22, 2024 | Latest News, ദേശീയ വാർത്ത
മരിച്ചുവെന്ന് ഉറപ്പിച്ചയാള്‍ ചിതയിലേക്ക് വച്ചപ്പോള്‍ ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന അന്ധനും ബധിരനുമായ രോഹിതാഷ് കുമാറാണ് ശവസംസ്‌കാരത്തിന് തൊട്ടുമുന്നേ ഉണര്‍ന്നത്. ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രോഹിതാഷിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരിച്ചതായി അറിയിച്ച ഡോക്ടര്‍മാര്‍ ഇയാളെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ഇയാള്‍ ഉണര്‍ന്നു. ശ്വാസം മുട്ടിയപ്പോഴാണ് കണ്ണു തുറന്നതെന്നാണ് രോഹിതാഷ് പറയുന്നത്.
ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.മീണ പറഞ്ഞു.
by liji HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ എം രാജിന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം സ്വീകരണം നൽകി. സഹകരണ സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ ഇഷാൻ എം. രാജിനെ പൊന്നാട അണിയിച്ചു. സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, അരുൺ ജിത്, പ്രണവ്, മനാസ് എന്നിവർ പങ്കെടുത്തു.
by liji HP News | Nov 22, 2024 | Latest News, കായികം
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകള്‍ക്കിടയില്‍ ലീഡ് വര്‍ധിപ്പിച്ചു.
ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.
by liji HP News | Nov 22, 2024 | Latest News, കേരളം
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്.
ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ നിരക്കിലാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയത്.
Recent Comments