by liji HP News | Jul 5, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കിയില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും മഴ തുടരും. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. വ്യാഴാഴ്ച വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കനത്തമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഇടുക്കിക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പ് ഇല്ല. മറ്റു ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by liji HP News | Jul 5, 2023 | Latest News, കേരളം
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം.
1860ല്‍ നിര്‍മ്മിച്ച മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയും കാലപ്പഴക്കുവുമാണ് മതില്‍ ഇടിയാന്‍ കാരണമായതെന്ന് ജയില്‍ സൂപ്രണ്ട് പി വിജയന്‍ പറഞ്ഞു. വിവരം ഡിജിപി, കലക്ടര്‍ ഉള്‍പ്പടെ എല്ലാവരെയും അറിയിച്ചതായി ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ജയിലിലെ ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞത്. മതിലിന് ഏകദേശം 160 വര്‍ഷത്തിലേറേ പഴക്കമുണ്ട്. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് കുറ്റവാളികള്‍ ചാടിപ്പോകാതിരിക്കാനായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. ലീവിലുള്ള ഉദ്യോദസ്ഥരെ തിരികെ ഡ്യൂട്ടിയിലേക്ക് വിളിച്ചിട്ടുണ്ട്. മതിലിന്റെ മറ്റ് ഭാഗങ്ങളും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആ ഭാഗങ്ങളിലേക്ക് പോകന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് മറച്ചിരിക്കുകയാണ്. എംഎല്‍എ കെവി സുമേഷും പിഡബ്ലുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെല്ലോ അലര്‍ട്ട് ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒരു ഷട്ടര്‍ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയര്‍ത്തി. സെക്കന്‍ഡില്‍ 90 ഘനമീറ്റര്‍ വെള്ളം ഒഴുക്കുന്നു. പാംബ്ല ഡാമും ഉടന്‍ തുറക്കുമെന്നാണ് വിവരം. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
by liji HP News | Jul 5, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണം കഴിഞ്ഞാൽ അതതു മാസത്തിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ധനവകുപ്പ് തുടങ്ങി. ഇതുവരെ മാർച്ച് വരെയുള്ള പെൻഷനാണ് സർക്കാർ വിതരണം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്തുതുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റിൽ ഓണത്തിനു മുന്നോടിയായി നൽകും.
1,600 രൂപയുടെ ക്ഷേമ പെൻഷനു വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് വിതരണം അതത് മാസം തന്നെ നടത്തുന്ന രീതിയിൽ ക്രമീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ അതതു മാസം നൽകാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെയെ ഇത് കൃത്യമായി പാലിക്കപ്പെട്ടുള്ളു. തുടർന്നുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി.
by liji HP News | Jul 5, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ശാസ്താംനട അയ്യപ്പൻ ക്ഷേത്രത്തിനു സമീപം ഒലിക്കുഴി കുഴി വീട്ടിൽ ജയപാലന്റെ മകൻ അജിയുടെ വീട്ടിലെ കിണറിടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലായിരുന്നു സംഭവം .
by liji HP News | Jul 5, 2023 | Latest News, കേരളം
വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്. ജൂൺ 30 നാണ് ആയിഷയ്ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.
വയനാട് ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പനി മരണമാണിത്. നേരത്തെ പനി ബാധിച്ച് രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.അസ്മ റഹീമിന്‍റെ നേതൃത്വത്തില്‍ രണ്ടു സംഘമായാണ് ജില്ലയിലെ രോഗബാധിത മേഖലകളില്‍ പരിശോധന നടത്തിയത്.
പനി ബാധിച്ച് മരിച്ച നാലുവയസുകാരി രുദ്രയുടെ കോളനി സന്ദര്‍ശിച്ച സംഘം പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് പ്രതികരിച്ചിരുന്നു. ബത്തേരി മാറോട് ചവനന്‍ കോളനി സന്ദര്‍ശിച്ച സംഘം കുടിവെള്ള സാംപിളുകളടക്കം ശേഖരിച്ചു. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമ്പളക്കാട്, കണിയാമ്പറ്റ, ബേഗൂര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറും.
Recent Comments